ആ പടത്തില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തത് മുതല്‍ ഞാന്‍ എന്റെ സ്വന്തം ചേട്ടായിയെ പോലെയാണ് ഇദ്ദേഹത്തെ കാണുന്നത്; ചേട്ടായിമാരുടെ കുഞ്ഞുപെങ്ങളാണെന്ന് മമ്മി അന്നേ പറഞ്ഞിരുന്നു: മിയ
Entertainment news
ആ പടത്തില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തത് മുതല്‍ ഞാന്‍ എന്റെ സ്വന്തം ചേട്ടായിയെ പോലെയാണ് ഇദ്ദേഹത്തെ കാണുന്നത്; ചേട്ടായിമാരുടെ കുഞ്ഞുപെങ്ങളാണെന്ന് മമ്മി അന്നേ പറഞ്ഞിരുന്നു: മിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd September 2022, 12:28 pm

നടന്‍ ബിജു മോനോനുമായുള്ള സൗഹൃദത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും തുറന്നുസംസാരിച്ച് നടി മിയ ജോര്‍ജ്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തതായിരുന്നു ഇരുവരും. ഈ വേദിയില്‍ വെച്ചാണ് ബിജു മേനോനോട് തനിക്കുള്ള സഹോദര സ്നേഹത്തെ കുറിച്ച് മിയ മനസുതുറന്നത്.

ചേട്ടായീസ്, അനാര്‍ക്കലി, ഹായ് അയാം ടോണി, ഷെര്‍ലക് ടോംസ് എന്നീ സിനിമകളിലാണ് മിയയും ബിജു മേനോനും ഒരുമിച്ചഭിനയിച്ചത്. ഈ നാല് സിനിമകളിലൂടെ ബിജു മേനോന്‍ തനിക്ക് സഹോദരനെ പോലെയായി മാറിയെന്നാണ് മിയ പറയുന്നത്.

ഇതില്‍ ചേട്ടായീസ് എന്ന സിനിമയില്‍ ബിജു മേനോന്റെ നായികയായിരുന്നു മിയ.

”എനിക്ക് സംസാരിക്കാതെ വിടാന്‍ പറ്റാത്ത ഒരാളാണ് ഈയിരിക്കുന്ന ബിജു ചേട്ടന്‍. ബിജു ചേട്ടനെ കുറിച്ച് എന്തെങ്കിലും പറയാതെ എനിക്ക് ഇവിടെനിന്ന് പോകാന്‍ പറ്റത്തില്ല.

ചേട്ടായീസ് എന്ന പടത്തില്‍ അഭിനയിച്ച സമയത്താണ് ഞാന്‍ ആദ്യമായി ബിജു ചേട്ടനെ കാണുന്നതും ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നതുമൊക്കെ. ആ പടത്തില്‍ ജോയിന്‍ ചെയ്ത അന്നുമുതല്‍ ഇപ്പോള്‍ വരെയും ഞാന്‍ എന്റെ ചേട്ടായി സ്ഥാനത്ത് പ്രതിഷ്ഠിച്ച ആളാണ് ബിജു ചേട്ടന്‍.

എനിക്ക് സഹോദരന്മാരില്ല. അന്ന് ചേട്ടായീസ് ചെയ്ത സമയത്ത് എല്ലാവരും എനിക്ക് ചേട്ടന്മാരെ പോലെയായിരുന്നു. ഞാന്‍ മാത്രമേ അവിടെ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള എല്ലാവരും മൂത്ത ചേട്ടന്മാരാണ്.

അന്ന് ചേട്ടായീസിന്റെ ലൊക്കേഷനില്‍ വന്നപ്പോള്‍ എന്റെ മമ്മി പറയുമായിരുന്നു, ‘ചേട്ടായിമാരുടെ എല്ലാം കുഞ്ഞു പെങ്ങളാണ്. നിങ്ങളൊക്കെ കൂടെ വേണം ഇവളെ നോക്കാന്‍,’ എന്ന്.

അനാര്‍ക്കലി, ഹായ് അയാം ടോണി, ഷെര്‍ലക് ടോംസ്, ചേട്ടായീസ്- അങ്ങനെ നാല് പടങ്ങളാണ് ഞാന്‍ ബിജു ചേട്ടന്റെ കൂടെ ചെയ്തിട്ടുള്ളത്. എല്ലാം എനിക്ക് ഭയങ്കര സ്പെഷ്യല്‍ ആയ സിനിമകളായിരുന്നു.

ബിജു ചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് അത്രയും രസമാണ്. ഇങ്ങനെ എല്ലാവരുടെയും സ്നേഹം ഒരുപോലെ നേടിയിട്ടുള്ള വളരെ കുറച്ച് ആര്‍ടിസ്റ്റുകളേ ഉണ്ടാവൂ. അതില്‍ ഒരാളാണ് ബിജു ചേട്ടന്‍,” മിയ പറഞ്ഞു.

ബിജു മേനോന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹത്തെ ഒരിക്കല്‍ കൂടി ഈ വേദിയില്‍ വെച്ച് അഭിനന്ദിക്കുന്നുവെന്നും മിയ കൂട്ടിച്ചേര്‍ത്തു.

Content Highlight: Actress Miya George talks about her brotherly love for Biju Menon