റൊമാന്റിക് സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തരുതെന്ന് മൃണാള്‍, ശരി നിര്‍ത്തില്ലെന്ന് ദുല്‍ഖര്‍
Film News
റൊമാന്റിക് സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തരുതെന്ന് മൃണാള്‍, ശരി നിര്‍ത്തില്ലെന്ന് ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd September 2022, 9:38 am

അടുത്തിടെ സിനിമ പ്രേമികളുടെയാകെ മനസ് കവര്‍ന്ന ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും പ്രധാന കഥാപാത്രങ്ങളായ സീതാ രാമം. തെന്നിന്ത്യ മുഴുവന്‍ വ്യാപിച്ച പ്രൊമോഷനുകള്‍ക്ക് ശേഷമായിരുന്നു ചിത്രം ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തിയത്.

സീതാ രാമം പ്രൊമോഷനുകള്‍ക്കിടയില്‍ താന്‍ ഇനി റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ദുല്‍ഖര്‍ റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് പറയുകയാണ് മൃണാള്‍ താക്കൂര്‍. സീതാ രാമം ഹിന്ദി റിലീസിനോട് അനുബന്ധിച്ച് ബോളിവുഡ് ഹങ്കാമക്ക് അഭിമുഖം നല്‍കുകയായിരുന്നു ദുല്‍ഖറും മൃണാളും.

‘ഇത് ശരിയല്ല. ദുല്‍ഖര്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ഞാന്‍ അപ്‌സെറ്റാവും. എനിക്ക് റൊമാന്‍സ് ഇഷ്ടമാണ്. ഷാരൂഖ് സാര്‍ ചെയ്ത റൊമാന്റിക് കഥാപാത്രങ്ങളെ കണ്ടിട്ടില്ലേ. അദ്ദേഹത്തിന്റെ രാജ്, രാഹുല്‍ അതൊക്കെ മനോഹരമാണ്. അദ്ദേഹം കാരണമാണ് ഞാന്‍ കുറച്ചെങ്കിലും റൊമാന്റിക്കായി അഭിനയിക്കുന്നത്. റൊമാന്‍സ് നിര്‍ത്തുവാണെന്ന് ദുല്‍ഖര്‍ പറഞ്ഞാല്‍ അത് അംഗീകരിക്കില്ല. അങ്ങനെ പറയുന്നത് നിര്‍ത്തണം. ഞങ്ങളുടെ ഹൃദയം തകരും. വേണമെങ്കില്‍ ബ്രേക്ക് എടുത്തോളൂ, പക്ഷേ നിര്‍ത്തുമെന്ന് പറയരുത്,’ മൃണാള്‍ പറഞ്ഞു.

എന്നാല്‍ പൂര്‍ണമായും നിര്‍ത്തുന്നില്ലെന്നും നല്ല സ്‌ക്രിപ്റ്റുകള്‍ വരുകയാണെങ്കില്‍ ഇനിയും റൊമാന്‍സ് ചെയ്യുമെന്നും ദുല്‍ഖര്‍ പറഞ്ഞു. ‘ഇപ്പോള്‍ എല്ലാ അഭിമുഖങ്ങളിലും ആദ്യം ചോദിക്കുന്ന ചോദ്യമാണ് ഇത്. റൊമാന്റിക് റോളുകളില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകയാണ്. അത്ര നല്ല സ്‌ക്രിപ്റ്റുകള്‍ വരുകയാണെങ്കില്‍ ചെയ്യും.

സീതാ രാമം ഒരു വലിയ യാത്രയായിരുന്നു. രണ്ട് വര്‍ഷത്തോളം ഈ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു. ഓരോ ദിവസവും സിനിമയോടും സീതയോടും റാമിനോടും കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു തരത്തില്‍ ഷൂട്ട് നീണ്ടുപോകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമായിരുന്നു. വീണ്ടും ടീമിനൊപ്പം ചേര്‍ന്ന് സിനിമയെ പറ്റി ഡിസ്‌കസ് ചെയ്യുന്നതില്‍ സന്തോഷമുണ്ട്. സീതാ രാമം പോലെയുള്ള സിനിമകള്‍ കരിയറില്‍ അപൂര്‍വമായേ ലഭിക്കുകയുള്ളൂ,’ ദുല്‍ഖര്‍ പറഞ്ഞു.

സെപ്റ്റംബര്‍ രണ്ടിനാണ് സീതാ രാമം ഹിന്ദി വേര്‍ഷന്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഹിന്ദി ബെല്‍റ്റുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highloght: Mrinal Thakur says it is unacceptable if Dulquer stops doing romantic films