അമ്മ സംഘടനയില്‍ ഇതുവരെയും മെമ്പര്‍ഷിപ് എടുക്കാത്തതിന് കുറിച്ച് സംസാരിക്കുകയാണ് നടി മഞ്ജു പത്രോസ്. അമ്മ പോലൊരു സംഘടനയില്‍ മെമ്പര്‍ഷിപ് എടുക്കണമെങ്കില്‍ രണ്ടര മൂന്ന് ലക്ഷം രൂപ കൊടുക്കണമെന്നും തന്നെ സംബന്ധിച്ച് അത് വലിയൊരു തുകയാണെന്നും മഞ്ജു പത്രോസ് പറയുന്നു.
അമ്മയില്‍ ഒരു പ്രായം കഴിയുമ്പോള്‍ 5000 രൂപയെന്തോ പെന്‍ഷനായി കൊടുക്കുമെന്നും അതല്ലാതെ ഒരു തൊഴില്‍ വാഗ്ദാനം ഇവര്‍ തരില്ലെന്നും മഞ്ജു പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പത്രോസ്.
‘അമ്മയില്‍ ഞാന്‍ ഇതുവരെ മെമ്പര്‍ഷിപ് എടുത്തിട്ടില്ല. അമ്മ പോലൊരു സംഘടനയില്‍ മെമ്പര്‍ഷിപ് എടുക്കണമെങ്കില്‍ രണ്ടര മൂന്ന് ലക്ഷം രൂപ കൊടുക്കണം. രണ്ടര ലക്ഷം എന്ന് പറഞ്ഞുകഴിഞ്ഞാല്‍ എന്നെ സംബന്ധിച്ച് വലിയൊരു തുകയാണ്. ആ സംഘടനയില്‍ നമ്മള്‍ അത്രയും വലിയൊരു തുക ഇന്‍വെസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ 5000 രൂപയെന്തോ പെന്‍ഷനായി ലഭിക്കുമെന്ന് തോന്നുന്നു. അത് ഒരു പ്രായം കഴിഞ്ഞാലാണ് തരുന്നതെന്ന് തോന്നുന്നു.
അതല്ലാതെ ഒരു തൊഴില്‍ വാഗ്ദാനം ഇവര്‍ തരുന്നില്ല. ഇവിടെയുള്ള ഏതെങ്കിലും സംഘടന തരുന്നുണ്ടോ? ഒരു സംഘടനയാകുമ്പോള്‍ ഇത്രപേര്‍ക്ക് തൊഴില്‍ തരും എന്നെങ്കിലും വേണ്ടേ. നിങ്ങള്‍ പുതുമുഖങ്ങള്‍ക്ക് കുറച്ച് അവസരം കൊടുക്ക് എന്നിവര്‍ പറയേണ്ടതല്ലേ. അങ്ങനെയുള്ള നിബന്ധനകളൊന്നും നമ്മള്‍ എവിടെയും കാണുന്നില്ല. എല്ലായിടത്തും പുതിയ ആളുകള്‍ വരുന്നു, അവര്‍ വന്ന് മെമ്പര്‍ഷിപ് എടുക്കുന്നുണ്ടാകും.
പക്ഷെ അതല്ലാതെ അവിടെ ജോലിയില്ലാതെയിരിക്കുന്ന എത്രയോ സ്ത്രീകളുണ്ട്. ഒരാള്‍ക്കും സംഘടന പറഞ്ഞ് തൊഴില്‍ കൊടുക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല. കാരണം ഞാന്‍ അതിലില്ല. പക്ഷെ ഞാന്‍ ഇവരെയാരെയും സിനിമയില്‍ കാണുന്നില്ല. അതുകൊണ്ട് ഞാന്‍ വിചാരിച്ചു എനിക്ക് വര്‍ക്കില്ലാത്തപ്പോള്‍ ഇവരൊന്നും എനിക്ക് ജോലി വാങ്ങിത്തരില്ല,’ മഞ്ജു പത്രോസ് പറയുന്നു.