അടുത്ത ദിവസം ഹര്‍ത്താല്‍; അന്ന് തിരുവനന്തപുരത്ത് നിന്നും ഫഹദ് എന്നെ കൊച്ചിയിലെത്തിച്ചത് എങ്ങനെയാണെന്ന് ഇപ്പോഴും അറിയില്ല: ആന്‍ അഗസ്റ്റിന്‍
Entertainment
അടുത്ത ദിവസം ഹര്‍ത്താല്‍; അന്ന് തിരുവനന്തപുരത്ത് നിന്നും ഫഹദ് എന്നെ കൊച്ചിയിലെത്തിച്ചത് എങ്ങനെയാണെന്ന് ഇപ്പോഴും അറിയില്ല: ആന്‍ അഗസ്റ്റിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th October 2022, 10:56 pm

ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരികയാണ് നടി ആന്‍ അഗസ്റ്റിന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെ നായികയായി മലയാള സിനിമയിലേക്കെത്തിയ ആന്‍ അഗസ്റ്റിന്റെ ഏറ്റവും ശ്രദ്ധേമായ ചിത്രങ്ങളിലൊന്നാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ്.

ആര്‍ട്ടിസ്റ്റില്‍ ആനിനൊപ്പം ഫഹദ് ഫാസിലായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് ദിവസങ്ങളില്‍ നടന്ന ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് ആന്‍ അഗസ്റ്റിന്‍.

ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ആന്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് നടത്തിയ ഒരു യാത്രയെ കുറിച്ച് സംസാരിക്കുന്നത്. ഫഹദിനെ കുറിച്ചുള്ള ഒരു ഓര്‍മ പങ്കുവെക്കാമോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആന്‍.

‘ആര്‍ട്ടിസ്റ്റ് തന്നെയാണ് ഷാനുവിനെ കുറിച്ചുള്ള പ്രധാന ഓര്‍മ. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത സിനിമയും ദിവസങ്ങളുമാണത്. അത്രയും നല്ല ദിവസങ്ങളുടെ ഭാഗമാണ് ഷാനു. അതുകൊണ്ട് തന്നെ എല്ലാ മെമ്മറീസും എനിക്ക് സ്‌പെഷ്യലാണ്.

ആര്‍ട്ടിസ്റ്റ് ഷൂട്ടിനിടക്ക് രണ്ട് ദിവസം എനിക്ക് ഓഫ് കിട്ടി. തൊട്ടടുത്ത ദിവസം ഹര്‍ത്താലായിരുന്നു. അന്ന് എനിക്ക് ബോംബെക്ക് പോകണമായിരുന്നു. ടിക്കറ്റ് കിട്ടിയത് കൊച്ചിയില്‍ നിന്നായിരുന്നു.

എനിക്ക് കൊച്ചിയിലെത്തണമെന്ന് പറഞ്ഞപ്പോള്‍ ഷാനു കൊണ്ടാക്കാമെന്ന് പറഞ്ഞു. ഹര്‍ത്താല്‍ തുടങ്ങുന്നതിന് മുമ്പ് കൊച്ചിയിലെത്ത് ഫ്‌ളൈറ്റ് കയറണമായിരുന്നു.

അന്ന് ഷാനു എന്നെ കാറോടിച്ച് കൊച്ചി എയര്‍പോര്‍ട്ടിലെത്തിച്ചു. ഇപ്പോഴും എനിക്കറിയില്ല ഞങ്ങളെങ്ങനെയാണ് കറക്ട് സമയത്ത് ചെന്നതെന്ന്. എങ്ങനെയോ എത്തിച്ചു.

എങ്ങനെയെങ്കിലും അവിടെ എത്തണം എന്ന ടെന്‍ഷനിലായിരുന്നു ഞാന്‍. കാരണം തൊട്ടടുത്ത ദിവസം ഹര്‍ത്താലാണ്. അടുത്ത ദിവസം ഫ്‌ളൈറ്റ് മിസായാല്‍ പോകാന്‍ പറ്റില്ല.

പക്ഷെ നല്ലൊരു ഡ്രൈവായിരുന്നു അത്. ഞാനും ഷാനും ഷാനുവിന്റെ അസിസ്റ്റന്റ്‌സുമെല്ലാം ഉണ്ടായിരുന്നു. അതൊരു മറക്കാന്‍ പറ്റാത്ത ദിവസമായിരുന്നു,’ ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.

Content Highlight: Actress Ann Augustine shares a memory of Fahadh Faasil