ആരേയും തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ എനിക്കുണ്ടായില്ല; സൂര്യയുടെ വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞ് ജ്യോതികയും സുധ കൊങ്കാരയും
Indian Cinema
ആരേയും തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ എനിക്കുണ്ടായില്ല; സൂര്യയുടെ വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞ് ജ്യോതികയും സുധ കൊങ്കാരയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th October 2022, 6:33 pm

2022 ഫിലിം ഫെയര്‍ അവാര്‍ഡിലെ സൂര്യയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സൂരരൈ പോട്രിന് മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ചതിന് ശേഷമാണ് സൂര്യയുടെ പ്രസംഗം. തുടര്‍ പരാജയങ്ങളുണ്ടായിരുന്ന സമയത്താണ് സൂര്യയുടെ സൂരരൈ പോട്ര് വന്‍ വിജയം നേടുന്നത്. ഇക്കാര്യം തന്റെ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞ്, സൂരരൈ പോട്ര് ലഭിച്ചതിന് സൂര്യ നന്ദി പറയുമ്പോള്‍ സുധ കൊങ്കാരയും ജ്യോതികയും കണ്ണുകള്‍ നിറഞ്ഞ് കയ്യടിക്കുകയായിരുന്നു.

‘ഡ്രീം, ബിലീവ്, റിസീവ് ഇതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്കത് നടന്നു, ഈ അവാര്‍ഡ് അതിനുള്ള തെളിവാണ്. എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന പടങ്ങള്‍ എനിക്ക് സമീപകാലത്തുണ്ടായിരുന്നില്ല. അതില്‍ മനസ് തകര്‍ന്നിരിക്കുമ്പോഴാണ് സുധ ഈ ചിത്രം എനിക്ക് തന്നത്. എനിക്ക് വളരെയധികം ആവശ്യമുണ്ടായിരുന്ന സമയത്താണ് ഈ സിനിമ കിട്ടുന്നത്.

ഞാന്‍ സ്‌നേഹിക്കുന്നതെന്തോ അതെനിക്ക് വീണ്ടും ചെയ്യാന്‍ പറ്റി. ആ വിശ്വാസം എന്നിലേക്ക് തിരികെ എത്തിച്ചതിന് നന്ദി. ഇത് സുധക്കുള്ളതാണ്.

സുധയുടെ അവിശ്വസനീയമായ സ്‌നേഹവും പാഷനും വിശ്വാസവുമാണ് ഈ സിനിമ. പത്ത് വര്‍ഷത്തെ പ്രയത്‌നമാണിത്. എന്നെ തെരഞ്ഞെടുത്തതിന് നന്ദി സുധ. ഒരു ജീവിതത്തിലേക്ക് ഓര്‍മിക്കാനുള്ളത് മുഴുവനും ഈ ചിത്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. മുഴുവന്‍ ടീമംഗങ്ങളോടും ഞാന്‍ നന്ദി പറയുന്നു.

ഇത്രയും കഷ്ടപ്പെട്ട് ചെയ്തിട്ട് തിയേറ്ററില്‍ വന്നില്ലല്ലോയെന്ന വിഷമത്തില്‍ ഇരിക്കുമ്പോള്‍ ഈ സിനിമ ഇത്രയും വലിയ ആഘോഷമാക്കി ദേശീയ അവാര്‍ഡ് വരെ ലഭിക്കുന്നതിലേക്ക് എത്തിച്ചതിന് കാരണം നിങ്ങളാണ്. നിങ്ങളാണ് ഈ വിജയം തന്നത്. നമ്മള്‍ ജയിച്ചു ഫാന്‍സ്. നമ്മള്‍ ജയിച്ചു,’ സൂര്യ പറഞ്ഞു.

ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും സൂര്യക്ക് ലഭിച്ചിരുന്നു. മികച്ച നടനെ കൂടാതെ അപര്‍ണ ബാലമുരളിയിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരവും സൂരരൈ പോട്രിന് ലഭിച്ചിരുന്നു. ആഭ്യന്തര വിമാന സര്‍വീസ് ആയ എയര്‍ ഡെക്കാണിന്റെ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ സൂര്യയുടെ അമ്മയായി അഭിനയിച്ച ഉര്‍വശിയുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.

Content Highlight: Jyothika and Sudha Konkara get teary-eyed hearing Surya’s words in film fare