അമ്മമാരെ കുറിച്ച് ഈ അസംബന്ധമാണ് സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത്: അഹാന കൃഷ്ണ
Entertainment
അമ്മമാരെ കുറിച്ച് ഈ അസംബന്ധമാണ് സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത്: അഹാന കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th June 2021, 9:38 am

കുടുംബത്തിനു വേണ്ടി സ്വന്തം ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും ത്യജിക്കുന്നവരാകണം അമ്മമാരെന്ന ചിന്താഗതിക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി അഹാന കൃഷ്ണ. തന്റെ അമ്മയുടെ യൂട്യൂബ് ചാനലിന് വന്ന ഇത്തരത്തിലുള്ള ഒരു കമന്റ് പങ്കുവെച്ചുകൊണ്ടാണ് ഈ ചിന്താഗതിയിലെ കുഴപ്പങ്ങള്‍ അഹാന ചൂണ്ടിക്കാട്ടിയത്.

ചെറുപ്പം മുതല്‍ നമ്മളെ എല്ലാവരെയും ഇത്തരത്തിലാണ് പഠിപ്പിച്ചു വെച്ചിരിക്കുന്നത്, അതുകൊണ്ട് തന്നെ ഈ കമന്റിട്ടയാളെ ഒരിക്കലും താന്‍ കുറ്റപ്പെടുത്തില്ല. സ്‌കൂളില്‍ പോയാല്‍ പാഠപുസ്തകങ്ങളിലെല്ലാം അച്ഛന്‍ ജീവിക്കാനുള്ള വക കണ്ടെത്തുന്നയാളും അമ്മ കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി എല്ലാ ത്യാഗവും നടത്തുന്നയാളുമായിരിക്കും. അമ്മയാണ് ആ കുടുംബത്തിന്റെ ഹൃദയവും ആത്മാവുമെന്നെല്ലാം കൂടി പറയുകയും ചെയ്യുമെന്നും അഹാന പറയുന്നു.

‘ഒരു കുട്ടിക്ക് നാലോ അഞ്ചോ വയസുള്ളപ്പോള്‍ അക്ഷരമാലക്കും പ്രതിജ്ഞക്കുമൊപ്പം നമ്മള്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ കൂടി പഠിപ്പിക്കുകയാണ്. മറ്റു അടിസ്ഥാന വസ്തുതകള്‍ക്കൊപ്പം ഈ അസംബന്ധം കൂടി പഠിപ്പിച്ചു വെക്കുകയാണ്.

അമ്മയോ അച്ഛനോ സഹോദരനോ സഹോദരിയോ ഭാര്യയോ ഭര്‍ത്താവോ ഗേള്‍ഫ്രണ്ടോ ബോയ്ഫ്രണ്ടോ – ജീവിതത്തില്‍ നിങ്ങളുടെ റോള്‍ എന്തുമായിക്കൊള്ളട്ടെ, അടിസ്ഥാനപരമായി നിങ്ങള്‍ ഒരു മനുഷ്യനാണ്. സ്വന്തമായ സ്വപ്‌നങ്ങളും താല്‍പര്യങ്ങളും അത് കൈവരിക്കാന്‍ ശേഷിയുമുള്ള പച്ചയായ മനുഷ്യന്‍. മറിച്ച് വിശ്വസിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്.

അടുത്ത തവണ ഏതെങ്കിലും ഒരു അമ്മ സ്വന്തം സന്തോഷവും സ്വപ്‌നങ്ങളും ത്യജിക്കുന്നതു കണ്ടാല്‍ അവരെ സല്യൂട്ട് ചെയ്യുകയല്ല വേണ്ടത്. പകരം, ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനുള്ള മാര്‍ഗം സ്വന്തം സ്വപ്‌നങ്ങള്‍ ത്യജിക്കുന്നതല്ലെന്നും അവര്‍ക്കും സ്വന്തമായ ലക്ഷ്യങ്ങളുണ്ടെന്നും ഓര്‍മ്മപ്പെടുത്തണം.

സ്വയം സ്‌നേഹിക്കുന്നവര്‍ക്കും ബഹുമാനിക്കുന്നവര്‍ക്കും സ്വന്തം സ്വപ്‌നങ്ങള്‍ക്ക് വില നല്‍കുന്നവര്‍ക്കും ലക്ഷ്യങ്ങള്‍ക്കായി മുന്നേറുന്നവര്‍ക്കും സ്വന്തം സന്തോഷം കണ്ടെത്തുന്നവര്‍ക്കും എന്റെ വക ഒരു ബിഗ് സല്യൂട്ട്.

ചുറ്റുമുള്ളവര്‍ക്ക് ആനന്ദം പകരുന്ന വ്യക്തിയായി നിന്നുകൊണ്ടു തന്നെ നമുക്കിതെല്ലാം ചെയ്യാനാകും. എന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യവും ഇതു തന്നെയാണ്,’ അഹാന പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Ahaana Krishna about the concept of Mothers should sacrifice everything for the family