ആ ഗാനം നയന്‍താരയ്ക്ക് വേണ്ടിയാണ് എഴുതിയത്; തുറന്നുപറഞ്ഞ് വിഘ്‌നേഷ് ശിവന്‍
Movie Day
ആ ഗാനം നയന്‍താരയ്ക്ക് വേണ്ടിയാണ് എഴുതിയത്; തുറന്നുപറഞ്ഞ് വിഘ്‌നേഷ് ശിവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th June 2021, 9:11 pm

ചെന്നൈ: ആരാധകരുടെ ഇഷ്ടജോഡികളാണ് തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് ഈ ജോഡികളെ ആരാധകര്‍ ഏറ്റെടുത്തത്.

നാനും റൗഡി താനിലെ ‘തങ്കമേ’ എന്ന ഗാനം വിഘ്‌നേഷ് തന്നെയാണ് എഴുതിയത്. ആ ഗാനം നയന്‍താരയ്ക്ക് വേണ്ടിയാണ് എഴുതിയതെന്ന് പറയുകയാണ് വിഘ്‌നേഷ്. ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക് മീ എനിത്തിംഗ് എന്ന സെഷനിലായിരുന്നു വിഘ്‌നേഷിന്റെ പ്രതികരണം.

സാരിയിലാണ് നയന്‍താര കൂടുതല്‍ സുന്ദരിയെന്നും പ്രാര്‍ത്ഥനയാണ് നയന്‍താരയുടെ സൗന്ദര്യത്തിന് കാരണമെന്നും വിഘ്‌നേഷ് പറഞ്ഞു.
വിവാഹത്തെപ്പറ്റിയുള്ള ചോദ്യത്തിനും വിഘ്നേഷ് കിടിലന്‍ മറുപടി നല്‍കിയിരുന്നു. നിങ്ങളും നയന്‍താരയും എന്ന് വിവാഹം കഴിക്കുമെന്നായിരുന്നു വിഘ്നേഷിനോട് ഒരാള്‍ ചോദിച്ചത്.

കല്യാണമൊക്കെ വലിയ ചെലവല്ലെയെന്നും കൊറോണക്കാലം കഴിയാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നുമായിരുന്നു വിഘ്നേഷിന്റെ മറുപടി.

‘വിവാഹത്തിനൊക്കെ വലിയ ചെലവ് വരില്ലേ സഹോദരാ. അതുകൊണ്ട് വിവാഹത്തിനായുള്ള പണം സ്വരൂപിക്കുകയാണ് ഇപ്പോള്‍. കൊറോണ കഴിയാന്‍ കാത്തിരിക്കുന്നു,’ എന്നായിരുന്നു വിഘ്നേഷ് പറഞ്ഞത്.

‘കാത്ത് വാക്കുള്ള രെണ്ട് കാതല്‍’ ആണ് നയന്‍താര- വിഘ്‌നേഷ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

അതേസമയം നയന്‍താര ബോളിവുഡിലേക്കെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ നായികയായിട്ടാണ് താരം ബോളിവുഡില്‍ അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നയന്‍താര ഹീറോയിന്‍ ആവുന്നതെന്നാണ് റിപ്പോര്‍ട്ട്. അറ്റ്‌ലി സംവിധാനം ചെയ്ത ബിഗിലില്‍ നയന്‍താരയായിരുന്നു നായികയായി എത്തിയത്.

പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത രാജ റാണി എന്ന ചിത്രത്തിലൂടെയായിരുന്നു താരം തമിഴ് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്.

നേട്രിക്കണ്‍ ആണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. രജനികാന്ത് നായകനാവുന്ന അണ്ണാത്തയിലും നയന്‍താരയാണ് നായിക.കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച നിഴല്‍ ആണ് നയന്‍താരയുടെ ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Vighnesh Sivan About Song In Nanum Raowdy Than