തുടരും എന്ന സിനിമയെ കുറിച്ചും ചിത്രത്തിലെ തന്റെ കഥാപാത്രമായ മേരി ജോര്‍ജിനെ കുറിച്ചും സംസാരിക്കുകയാണ് നടി ആര്‍ഷ ബൈജു.
മേരിയെ കുറിച്ച് ആ സിനിമയില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ കാര്യങ്ങള്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തനിക്ക് പറഞ്ഞു തന്നിരുന്നെന്ന് ആര്‍ഷ പറയുന്നു.
തന്റെ കഥാപാത്രത്തിന്റെ വിവിധ ലയേഴ്‌സും ബാക്ക് സ്‌റ്റോറികളും എല്ലാം പറഞ്ഞു തന്നിരുന്നെന്നും ഇത്രയും വര്‍ഷം മേരി എങ്ങനെയായിരുന്നു ആ വീട്ടില്‍ ജീവിച്ചിരുന്നതെന്നായിരുന്നു അതിലെ പ്രധാനകാര്യമെന്നും ആര്‍ഷ പറയുന്നു.
അച്ഛനുമായുള്ള അവളുടെ ബന്ധം, ആ വീട്ടില്‍ എന്തായിരിക്കും അവള്‍ അനുഭവിച്ചിട്ടുണ്ടാകുക എന്നിങ്ങനെ എല്ലാത്തിനെ പറ്റിയും വിശദീകരിച്ചിരുന്നെന്നും റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍ഷ പറയുന്നു.
‘മേരി എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞാല്‍ കുറച്ചുനാള്‍ മുമ്പ് അവരുടെ അമ്മ മരിച്ചു. ഇയാള്‍ ഒരു നാര്‍സിസ്റ്റിക്കായിട്ടുള്ള ആളാണ്. അങ്ങനെ ഒരാളുടെ മക്കളുടെ ജീവിതം എങ്ങനെ ആയിരിക്കുമെന്ന് നമുക്ക് മനസിലാക്കാവുന്നേയുള്ളൂ.
അത്രയും ബുദ്ധിമുട്ടി ആ വീട്ടില്‍ ജീവിച്ച കുട്ടിയാണ്. അതായിരുന്നു മേരിയുടെ ലൈഫ്. അവിടേക്കാണ് പവി കടന്നുവരുന്നത്. പിന്നീടാണല്ലോ കഥ മാറുന്നത്.
തരുണ്‍ ചേട്ടന്‍ ഓരോ സീനും എടുക്കുന്നതിന് മുന്‍പ് ഈ ക്യാരക്ടറിന്റെ മനസിലൂടെ ഇപ്പോള്‍ എന്താണ് കടന്നുപോകുന്നത് എന്ന് നന്നായി നരേറ്റ് ചെയ്യുമായിരുന്നു.
പ്രോപ്പര്‍ ആയി പറഞ്ഞു തരും. അത് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ ആ മൂഡിലേക്ക് എത്തും. പിന്നെ പെര്‍ഫോം ചെയ്യാന്‍ ഈസിയായിരിക്കും. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അതറിയാം. ആക്ടേഴ്‌സിനെ നന്നായി ഡീല്‍ ചെയ്യാന്‍ അദ്ദേഹത്തിനറിയാം. ഓരോ ആള്‍ക്കാരേയും വെച്ച് അദ്ദേഹം പെര്‍ഫോം ചെയ്യിച്ച് എടുക്കും.
എന്റെ സീനുകള്‍ വളരെ പ്രധാനപ്പെട്ട സ്ഥലത്താണ് സിനിമയില്‍ വരുന്നത്. അതിലെ ലയേഴ്‌സ്, ബാക്ക് സ്‌റ്റോറി എല്ലാം പറഞ്ഞു തന്നു. ഇത്രയും വര്‍ഷം മേരി എങ്ങനെയായിരുന്നു.
അച്ഛനുമായുള്ള ബന്ധം എങ്ങനെയായിരുന്നു. പവിയുമായുള്ള റിലേഷന്‍ഷിപ്പ്, വീട്ടില്‍ എന്തായിരിക്കും അവള്‍ അനുഭവിച്ചിട്ടുണ്ടാകു. അമ്മയുടെ മരണത്തെ പറ്റിയിട്ടുള്ള കാര്യങ്ങള്‍. ഇതൊക്കെ ഞാന്‍ മനസിലാക്കി. പിന്നെ കെവിന്‍ നീനു റഫറന്‍സ് നേരത്തെ തന്നെ പറഞ്ഞിരുന്നു.
പിന്നെ പ്രകാശ് വര്‍മ സാറിനെ കുറിച്ച് പറഞ്ഞാല്‍ ഭയങ്കര ഡൗണ്‍ ടു എര്‍ത്തായിട്ടുള്ള ആളാണ്. ഭയങ്കര ഹാപ്പിയായിട്ടുള്ള ലൗവബിള്‍ ആയിട്ടുള്ള ആള്‍.
എനിക്ക് സാറിനൊപ്പം ഒരു സീനാണ് ഉണ്ടായിരുന്നത്. വളരെ പെട്ടെന്ന് തന്നെ സ്യുച്ച് ചെയ്ത് അടിപൊളിയായിട്ടാണ് സാര്‍ ചെയ്തത്. ആ സീന്‍ ചെയ്യുന്ന സമയം സാറിന് ഒരു വിഷമവും പേടിയുമൊക്കെ ഉണ്ടായിരുന്നു.
കഴുത്തില്‍പിടിച്ച് പൊക്കുന്നുണ്ടല്ലോ. എനിക്ക് എന്തെങ്കിലും ഒരു പ്രശ്‌നം വരുമോ എന്നൊരു ടെന്‍ഷന്‍ സാറിനുണ്ടായിരുന്നു. നമുക്ക് വേദനയോ ബുദ്ധിമുട്ടോ വരുമോ എന്നൊക്കെയുള്ള ടെന്‍ഷന്‍.
മുകളില്‍ വെച്ചിരിക്കുന്ന ആ സ്റ്റാന്‍ഡില്‍ തലയിടിക്കുന്നത് കുറച്ച് പ്രാവശ്യം ചെയ്യേണ്ടി വന്നു. എത്ര ഇടിച്ചിട്ടും അത് വീഴുന്നില്ലായിരുന്നു. അത് കുറച്ചു പ്രാവശ്യം ചെയ്തപ്പോള്‍ സാറിന് വിഷമമായിരുന്നു.
എനിക്ക് വേദനിക്കുന്നുണ്ടാകുമോ ഉണ്ടെങ്കില്‍ പറയണേ എന്ന ടെന്‍ഷനായിരുന്നു. പിന്നെ സാറിന്റെ പെര്‍ഫോമന്‍സ് ഞാന്‍ തിയേറ്ററിലാണ് കണ്ടത്. വേറെ കോമ്പിനേഷന്‍ സീനുകള്‍ ഇല്ലല്ലോ.
നേരത്തെ സെറ്റില്‍ വെച്ചില്‍ അദ്ദേഹത്തിന്റെ കുറച്ച് സീനുകള്‍ തരുണ്‍ ചേട്ടന്‍ കാണിച്ചിരുന്നു. അപ്പോഴേ ഇത് അടിപൊളിയായി വരുമെന്ന് മനസിലായിരുന്നു,’ ആര്‍ഷ പറയുന്നു.
Content Highlight: Actress Aarsha Baiju about her Character Details on Thudarum