റിലീസ് തീയ്യതി പ്രഖ്യാപിക്കുമ്പോള്‍ മറ്റേതെങ്കിലും സിനിമ ക്ലാഷ് വരുമെന്ന് കരുതിയില്ല; ബീസ്റ്റിനൊപ്പമുള്ള കെ.ജി.എഫിന്റെ ക്ലാഷ് റിലീസിനെ കുറിച്ച് യഷ്
Film News
റിലീസ് തീയ്യതി പ്രഖ്യാപിക്കുമ്പോള്‍ മറ്റേതെങ്കിലും സിനിമ ക്ലാഷ് വരുമെന്ന് കരുതിയില്ല; ബീസ്റ്റിനൊപ്പമുള്ള കെ.ജി.എഫിന്റെ ക്ലാഷ് റിലീസിനെ കുറിച്ച് യഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th April 2022, 10:34 pm

തെന്നിന്ത്യയെ ഒന്നാകെ ഇളക്കി മറിക്കുന്ന റിലീസുകളാണ് ഏപ്രില്‍ മാസത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഏപ്രില്‍ 13ന് വിജയ് ചിത്രം ബീസ്റ്റും തൊട്ടടുത്ത ദിവസം കെ.ജി.എഫിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്യുകയാണ്.

രണ്ട് താരങ്ങളുടെ ചിത്രങ്ങല്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്നതിലുപരി രണ്ട് ഇന്‍ഡസ്ട്രികള്‍ തമ്മിലുള്ള ക്ലാഷ് ആയാണ് ആരാധകര്‍ ഇതിനെ നോക്കിക്കാണുന്നത്.

കെ.ജി.എഫിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ക്യു.എ സെഷനിലെ യഷിന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

വിജയ് ചിത്രത്തോടൊപ്പം ക്ലാഷ് റിലീസായി കെ.ജി.എഫുമെത്തുകയാണ്, എന്തു തോന്നുന്നു എന്ന ചോദ്യത്തിന് ഏത് സിനിമ കാണണമെന്ന് ആളുകളാണ് തീരുമാനിക്കുന്നത് എന്നായിരുന്നു യഷിന്റെ മറുപടി.

‘ഏത് സിനിമ കാണണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. അവര്‍ക്ക് അവരുടേതായിട്ടുള്ള ചോയ്‌സും പ്രിഫറന്‍സുമുണ്ട്. എല്ലാവരുടെയും താത്പര്യം ഒരുപോലെയല്ല. എല്ലാവരും വ്യത്യസ്തരാണ്.

എല്ലാവരുടേയും സിനിമകളെയും വര്‍ക്കുകളേയും ഞാന്‍ ബഹുമാനിക്കുന്നു. എല്ലാവരും നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യാനാണ് ശ്രമിക്കുന്നത്.

ക്ലാഷ് റിലീസ് എന്നത് ആരുടെയും കണ്‍ട്രോളിലല്ലല്ലോ. കെ.ജി.എഫിന്റെ റിലീസ് എട്ട് മാസം മുമ്പ് തന്നെ തീരുമാനിച്ചതാണ്. അന്ന് സിനിമ റിലീസ് ചെയ്യുമ്പോള്‍ ആരെങ്കിലും ഇതിനൊപ്പം തന്നെ മറ്റൊരു സിനിമയും റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. അതിനെ കുറിച്ച് ചിന്തിക്കുന്നുമില്ല.

എനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മറ്റെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. എല്ലാം അവര്‍ക്ക് വിടുകയാണ്.

എന്റെ അഭിപ്രായത്തില്‍ പ്രേക്ഷകര്‍ എല്ലാ സിനിമയും കാണണം. എന്റെ സിനിമ റിലീസ് ചെയ്യുന്നതുകൊണ്ട് മാത്രം മറ്റാരുടേയും സിനിമ കാണരുതെന്ന് ഞാനൊരിക്കലും പറയില്ല. എന്റെ സിനിമ കാണണം നല്ലതാണെങ്കില്‍ മറ്റ് സിനിമയും കാണണം,’ യഷ് പറയുന്നു.

ഏപ്രില്‍ 13നാണ് വിജയ് ചിത്രം ബീസ്റ്റ് തിയേറ്ററുകളിലെത്തുന്നത്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സ് ആണ്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

കൊവിഡ് മൂലം പലതവണ റിലീസ് മാറ്റിയയ ശേഷമാണ് കെ.ജി.എഫ് 2 ഏപ്രില്‍ 14ന് റിലീസ് ചെയ്യുന്നത്

കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രിവ്യൂ കണ്ടതിനു പിന്നാലെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

നായകന്‍ യഷിന് പുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാം ഭാഗത്തില്‍ എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് എത്തുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിക്കുന്നത്. രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.

 

Content Highlight: Actor Yash about clash relese of KGF with Beast