വിവേകിന്റെ അവസാന ജന്മദിനാഘോഷം; ആരാധകരെ കണ്ണീരിലാഴ്ത്തി ഇന്ത്യന്‍ 2 സെറ്റില്‍ നിന്നുമുള്ള വീഡിയോ
Entertainment
വിവേകിന്റെ അവസാന ജന്മദിനാഘോഷം; ആരാധകരെ കണ്ണീരിലാഴ്ത്തി ഇന്ത്യന്‍ 2 സെറ്റില്‍ നിന്നുമുള്ള വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th April 2021, 11:24 pm

അന്തരിച്ച തമിഴ് നടന്‍ വിവേകിന്റെ ഓര്‍മ്മയിലാണ് സിനിമാലോകവും ആരാധകരും. വിവേകിനൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെച്ച് നിരവധി പേര്‍ വന്നിരുന്നു. വിവേകിന്റെ സിനിമകളിലെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പങ്കുവെയ്ക്കുന്നത്.

ഇതിനിടയില്‍ അദ്ദേഹത്തിന്റെ അവസാന ജന്മദിനാഘോഷത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കമല്‍ഹാസന്‍ – ശങ്കര്‍ ടീമിന്റെ
ഇന്ത്യന്‍ 2വിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുമുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

വിവേകിന്റെ ചിത്രമുള്ള കേക്കും എല്ലാവരും അദ്ദേഹത്തിന് കൈയ്യടികളോടെ ജന്മദിനാശാംസകള്‍ നേരുന്നതും വീഡിയോയില്‍ കാണാം. വിവേക് വിട്ടുപോയത് വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് നിരവധി പേര്‍ ഈ വീഡിയോ പങ്കുവെയ്ക്കുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു വിവേക് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ചെന്നൈയിലെ സിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് കണ്ടെത്തിയിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വിവേകിന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ വിവേക് സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.

നാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി. രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. മലയാളികള്‍ക്കിടയിലും വിവേകിന് ആരാധകരേറെയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Vivek last birth day celebration video from Indian 2 shooting set goes viral