ഒരു വാടക വീടിന് വേണ്ടി ചെന്നൈയില്‍ നായയെപ്പോലെ അലഞ്ഞിട്ടുണ്ട്; ദാരിദ്ര്യത്തില്‍ നിന്ന് കരകയറുകയെന്ന ഉദ്ദേശത്തിലാണ് സിനിമയിലേക്ക് വന്നത്: വിജയ് സേതുപതി
Indian Cinema
ഒരു വാടക വീടിന് വേണ്ടി ചെന്നൈയില്‍ നായയെപ്പോലെ അലഞ്ഞിട്ടുണ്ട്; ദാരിദ്ര്യത്തില്‍ നിന്ന് കരകയറുകയെന്ന ഉദ്ദേശത്തിലാണ് സിനിമയിലേക്ക് വന്നത്: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th May 2021, 2:44 pm

സിനിമയില്‍ അഭിനയിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്നും എന്നാല്‍ അതിന് വേണ്ടി താന്‍ അഭിനയം പഠിച്ചിട്ടില്ലെന്നും പറയുകയാണ് തമിഴിലെ നമ്പര്‍ വണ്‍ നായകന്മാരില്‍ ഒരാളായ വിജയ് സേതുപതി.

താന്‍ അഭിനയിച്ച കൂടുതല്‍ ചിത്രങ്ങളിലും തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളുണ്ടെന്നും ആ അനുഭവങ്ങളാണ് തന്നെ ലാളിത്യത്തോടെയും വിനയത്തോടെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും വിജയ് സേതുപതി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ജീവിതത്തില്‍ നിന്നാണ് അഭിനയപഠനം തുടങ്ങുന്നത്. അതിന് ശേഷം സഹഅഭിനേതാക്കളില്‍ നിന്നാണ് അഭിനയം പഠിക്കാന്‍ തുടങ്ങിയത്. ഞാന്‍ ചെന്നൈയില്‍ ഒരു വാടക വീടിന് വേണ്ടി നായയെപ്പോലെ അലഞ്ഞിട്ടുണ്ട്. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ‘ആണ്ടവന്‍ കട്ടളൈ’ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഇതേപോലെ ഞാന്‍ അഭിനയിച്ച കൂടുതല്‍ ചിത്രങ്ങളിലും എന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളുണ്ട്.

ആദ്യം നാം നമ്മുടെ കഴിവില്‍ വിശ്വസിക്കണം. നമ്മുടെ കഴിവുകളെ പറ്റി സ്വയം മനസിലാക്കുകയും ആ കഴിവുകളെ വിശ്വസിക്കുകയും ചെയ്താല്‍ അത് നമ്മളെ വിജയത്തിലേക്ക് നയിക്കും.

കുടുംബപ്രാരാബ്ധം, ദാരിദ്ര്യം തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് വിദേശത്തേക്ക് ജോലി തേടി പോകേണ്ടി വന്നിട്ടുണ്ട്. അവിടെ കുറേ വര്‍ഷങ്ങള്‍ ജോലി ചെയ്ത് തിരിച്ചു നാട്ടിലേക്ക് വന്ന ശേഷമാണ് സിനിമയില്‍ കയറിപ്പറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. വളരെ കഷ്ടപ്പെട്ട് നടത്തിയ ഓരോ ശ്രമങ്ങള്‍ വിജയിക്കാന്‍ തുടങ്ങി.

ഏത് ജോലിയാണെങ്കിലും അത് അര്‍പ്പണബോധത്തോടെ ചെയ്യുകയാണെങ്കില്‍ വിജയം സുനിശ്ചിതം എന്നാണെന്റെ അനുഭവം. എന്റെ ഇന്നത്തെ ഈ വളര്‍ച്ചയ്ക്ക് മുഖ്യമായ കാരണം എനിക്കും എന്റെ മനസാക്ഷിക്കും ഇടയിലുള്ള പോരാട്ടങ്ങളാണ് എന്നാണ് വിശ്വാസം. ഭാഗ്യം എന്നതിനെ കുറിച്ച് എന്താണ് പറയേണ്ടത് എന്നറിയില്ല. ഒരുപക്ഷേ അതും എന്റെ വിജയത്തിന് കാരണമായിട്ടുണ്ടാകാം. പക്ഷേ അതെനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുന്നില്ല, വിജയ് സേതുപതി പറയുന്നു.

കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയില്‍ നിന്ന് എങ്ങനെയെങ്കിലും കരകയറണമെന്ന ഉദ്ദേശത്തോടെയാണ് സിനിമയിലേക്ക് വന്നത്. സിനിമ എന്നെ ചതിച്ചില്ല. അതുകൊണ്ട് സിനിമയോടുള്ള വിശ്വാസം വര്‍ധിക്കുകയും നേരവും കാലവും നോക്കാതെ ജോലി ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. സിനിമ എപ്പോഴാണ് എന്നെ കൈവിടുന്നത് അപ്പോഴാണ് ഇനി എനിക്ക് വിശ്രമം, വിജയ് സേതുപതി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Vijay sethupathy Talks About His Personal Life and Career