എനിക്ക് ഇഷ്ടപ്പെടുന്ന പൊലീസ് വേഷമല്ലേ ചെയ്യാന്‍ പറ്റൂ; വാപ്പച്ചി ചെയ്ത കഥാപാത്രവുമായി ഇതിന് സാമ്യമില്ല; ദുല്‍ഖര്‍
Malayalam Cinema
എനിക്ക് ഇഷ്ടപ്പെടുന്ന പൊലീസ് വേഷമല്ലേ ചെയ്യാന്‍ പറ്റൂ; വാപ്പച്ചി ചെയ്ത കഥാപാത്രവുമായി ഇതിന് സാമ്യമില്ല; ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th May 2021, 3:56 pm

ബോബി-സഞ്ജയ് തിരക്കഥയിലൊരുങ്ങുന്ന സല്യൂട്ട് എന്ന ചിത്രത്തില്‍ ഒരു മുഴുനീള പൊലീസ് വേഷത്തില്‍ എത്തുകയാണ് മലയാളത്തിന്റെ സ്വന്തം താരമായ ദുല്‍ഖര്‍ സല്‍മാന്‍.

സബ് ഇന്‍സ്‌പെക്ടര്‍ അരവിന്ദ് കരുണാകരന്‍ എന്ന പൊലീസുകാരനായി വെള്ളിത്തരയിലെത്തുമ്പോള്‍ അത് ദുല്‍ഖറിന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകുമെന്നാണ് കരുതപ്പെടുന്നത്.

കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതുകൊണ്ടാണ് സല്യൂട്ടിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചതെന്നും മലയാളത്തില്‍ ഇതിന് മുന്‍പ് വന്ന വാപ്പച്ചി ഉള്‍പ്പെടെയുള്ളവര്‍ ചെയ്ത പൊലീസ് കഥാപാത്രവുമായി ഈ സിനിമയിലെ തന്റെ കഥാപാത്രത്തിന് സാമ്യം തോന്നാന്‍ സാധ്യതയില്ലെന്നും ദുല്‍ഖര്‍ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ സിനിമ കാണുമ്പോഴേ അത് മനസിലാകൂ. പൊലീസ് വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന തീരുമാനമൊന്നും ഇല്ലായിരുന്നു. എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള പൊലീസ് വേഷമല്ലേ ചെയ്യാന്‍ പറ്റൂ,’ ദുല്‍ഖര്‍ പറയുന്നു.

കുറുപ്പ് സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും ദുല്‍ഖര്‍ അഭിമുഖത്തില്‍ പങ്കുവെച്ചു. കുറുപ്പ് ഉറപ്പായും തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിക്കുന്ന സിനിമയായതുകൊണ്ട് അത് ഏറ്റവും ഭംഗിയാക്കാനുള്ള എല്ലാ എഫര്‍ട്ടും തങ്ങള്‍ എടുത്തിട്ടുണ്ടെന്നും അത് ഭംഗിയായി തന്നെ വരട്ടെയെന്നും ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖറിന് മാസ് സിനിമകളോട് എന്തെങ്കിലും ഇഷ്ടക്കേടുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള ഇഷ്ടക്കേടുകളൊന്നും ഇല്ലെന്നും മാസ് സിനിമയില്‍ എന്തെങ്കിലും കഥയും കൂടി വേണമെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി. അല്ലാതെ വെറുതെ മാസ് മാത്രം കാണിച്ച് കാര്യമില്ലെന്നും ദുല്‍ഖര്‍ പറയുന്നു.

സല്യൂട്ട് എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ ചെയ്യുന്നത് തെലുങ്ക് ചിത്രമാണ്. ഒരു പീര്യഡ് സിനിമയാണ് അതെന്നും അത്തരം സിനിമകള്‍ തനിക്ക് ഇഷ്ടമാണെന്നും ദുല്‍ഖര്‍ പറയുന്നു. പീര്യഡ് സിനിമകള്‍ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ അതുകൊണ്ട് മാത്രമല്ല കഥ കൂടി ഇഷ്ടമായതുകൊണ്ടാണ് ആ സിനിമ ചെയ്യുന്നത്. പീര്യഡ് എന്ന് പറയുമ്പോള്‍ ഏത് കാലഘട്ടവുമാകാം. ഓരോ ദശാബ്ദവും ഓരോ പീര്യഡാണ്. കുറുപ്പിന്റെ പശ്ചാത്തലം എണ്‍പതുകളും തൊണ്ണൂറുകളുമൊക്കെയാണ്. ചെയ്യാന്‍ പോകുന്ന തെലുങ്ക് സിനിമയുടെ പശ്ചാത്തലം ചിലപ്പോള്‍ അറുപതുകളായിരിക്കും, ദുല്‍ഖര്‍ പറയുന്നു.

ഹിന്ദി സിനിമയില്‍ വീണ്ടും അഭിനയിക്കുന്നുണ്ടെന്നും ബാല്‍ക്കിയാണ് സംവിധായകനെന്നും ദുല്‍ഖര്‍ പറയുന്നു. മലയാളത്തില്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന സിനിമയും ജോഷി സാറിന്റെ മകന്‍ അഭിലാഷ് സംവിധാനം ചെയ്യുന്ന സിനിമയുമുണ്ട്. അഭിലാഷിന്റെ സിനിമ വലിയ ക്യാന്‍വാസിലുള്ള ഒരു കൊമേഴ്ഷ്യല്‍ സിനിമയായിരിക്കും. അച്ഛന്റെ ശൈലിയിലുള്ള സിനിമകളാണ് അഭിലാഷിന്റേയും മനസില്‍, ദുല്‍ഖര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Dulquer Salmaan about his new Movie and Mammootty’s Police Character