ചിത്രത്തിലെ ബാലതാരം ശരണ്‍ അന്തരിച്ചു: ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍; ശരണിനെ ഓര്‍ത്തെടുത്ത് സോഷ്യല്‍ മീഡിയ
Obituary
ചിത്രത്തിലെ ബാലതാരം ശരണ്‍ അന്തരിച്ചു: ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍; ശരണിനെ ഓര്‍ത്തെടുത്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th May 2021, 2:24 pm

പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ സൂപ്പര്‍ഹിറ്റ് സിനിമ ചിത്രത്തില്‍ ബാലതാരമായെത്തിയ നടന്‍ ശരണ്‍ അന്തരിച്ചു. 49 വയസ്സായിരുന്നു. സിനിമാ-സീരിയല്‍ താരമായിരുന്നു.

കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്ന ശരണ്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടയ്ക്കലിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനഫലം വന്നതിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

ചിത്രം സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് തട്ടിപ്പ് നടത്താന്‍ സഹായിക്കുന്നയാളായിട്ടായിരുന്നു ശരണ്‍ എത്തിയത്. ‘അണ്ണാ, സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ ബാക്കി ഞാന്‍ മേടിച്ചോണ്ടേ, പോകൂ’ എന്ന ശരണിന്റെ ഡയലോഗും ആ സീനും ഇന്നും മലയാളികള്‍ ഓര്‍ത്തുചിരിക്കുന്ന രംഗങ്ങളാണ്.

ശരണിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ചിത്രത്തിലെ ഈ രംഗം പോസ്റ്റ് ചെയ്തു. ശരണിനെ ഓര്‍ത്തുകൊണ്ട് നിരവധി പേരാണ് ഫേസ്ബുക്കില്‍ പോസ്റ്റുകളുമായെത്തുന്നത്.

ചിത്രം കൂടാതെ അനന്തവൃത്താന്തം, ഒരുതരം രണ്ടു തരം മൂന്നു തരം, 3-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിലും ചില സീരിയലിലും ശരണ്‍ അഭിനയിച്ചിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു.

സിനിമാ – മാധ്യമമേഖലയുമായി ബന്ധപ്പെട്ട കുടുംബമായിരുന്നു ശരണിന്റേത്. അച്ഛന്‍ എസ്. വേണു ദൂരദര്‍ശനില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അമ്മ പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു. ശരണിന്റെ സഹോദരി മീനാ നെവില്‍ അറിയപ്പെടുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chithram movie child artist Saran passes away, Mohanlal shares condolences