തമിഴ് അത്ര വശമില്ല, പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ്; വിജയ്‌ക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഷൈന്‍ ടോം ചാക്കോ
Malayalam Cinema
തമിഴ് അത്ര വശമില്ല, പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ്; വിജയ്‌ക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th May 2021, 1:26 pm

വിജയ്‌യുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ യുവതാരം ഷൈന്‍ ടോം ചാക്കോയും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. വിജയ്യുടെ 65ാം ചിത്രത്തിലാണ് ഷൈന്‍ പ്രധാന വേഷത്തിലെത്തുന്നത്.

ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഷൈന്‍. ചിത്രത്തിന്റെ ഡിസ്‌കഷനായി താന്‍ ചെന്നൈയിലാണ് ഉള്ളതെന്നും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ജോര്‍ജിയയില്‍ വെച്ച് പൂര്‍ത്തിയാക്കിയതാണെന്നും ഷൈന്‍ ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ അടുത്ത ഷെഡ്യൂള്‍ അധികം വൈകാതെ തന്നെ തുടങ്ങുമെന്നാണ് കരുതുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കുന്ന പക്ഷം ജൂണ്‍ മാസത്തോടെ ഷൂട്ടിങ് തുടങ്ങാനാകുമെന്നാണ് കരുതുന്നത്’, ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു.

തനിക്ക് തമിഴ് ഭാഷ അത്ര വശമില്ലെന്നും തമിഴ് സിനിമകളും മറ്റും കാണുമെങ്കിലും പല വാക്കുകളും തനിക്ക് മനസിലാകാറില്ലെന്നുമാണ് താരം പറയുന്നത്.

തമിഴില്‍ എത്രത്തോളം കംഫര്‍ട്ടബിള്‍ ആണെന്ന ചോദ്യത്തിന് തമിഴ് ഒഴുക്കോടെ സംസാരിക്കാനോ മനസിലാക്കാനോ തനിക്ക് ഇപ്പോഴും സാധിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. തമിഴ് സിനിമകള്‍ ഇടയ്ക്ക് കാണാറുണ്ട്. പിന്നെ ചില അഭിമുഖങ്ങള്‍, കമല്‍ഹാസന്‍, രജനീകാന്ത് പോലുള്ളവരുടെ പരിപാടികള്‍ ഇതെല്ലാം കാണാറുണ്ട്. അര്‍ത്ഥം മനസിലാകുമെങ്കിലും തമിഴിലെ പല വാക്കുകളും ഇപ്പോഴും എനിക്ക് അറിയില്ല, ഷൈന്‍ പറയുന്നു.

പല ഭാഷകളില്‍ നിന്നും എത്തുന്ന നിരവധി താരങ്ങള്‍ തമിഴ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാവധാനം ഭാഷ പഠിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നുമാണ് ഷൈന്‍ പറയുന്നത്. തെലുങ്കിലും ബോളിവുഡിലും മലയാളത്തിലുമുള്ള താരങ്ങള്‍ തമിഴ് സിനിമകളുടെ ഭാഗമാകുന്നുണ്ട്. പ്രത്യേകിച്ച് നിരവധി നടിമാര്‍. അവരൊക്കെ നന്നായി ഭാഷ പഠിച്ചെടുക്കുന്നുണ്ട്. എനിക്ക് തെലുങ്കില്‍ നിന്നും ഓഫറുകള്‍ വന്നിട്ടുണ്ടായിരുന്നു. തമിഴ് ഭാഷ മനസിലാക്കിയെടുക്കാന്‍ പറ്റിയാല്‍ പിന്നെ തെലുങ്കും കന്നഡയുമെല്ലാം സാവധാനം പഠിച്ചെടുക്കാനാകുമെന്നാണ് കരുതുന്നത്,’ ഷൈന്‍ പറയുന്നു.

മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാറാണ്. നയന്‍താര നായികയായ കൊലമാവ് കോകിലയുടെ സംവിധായകനാണ് നെല്‍സണ്‍.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മലയാളി നടി അപര്‍ണ ദാസും അഭിനയിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്. ദളപതി 65 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന ചിത്രം കോമഡി എന്റര്‍ടെയ്നായാണ് ഒരുങ്ങുന്നതെന്നാണ് സൂചനകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHT: Actor Shine Tom Chacko About His Tamil Movie