ഞാന്‍ പറഞ്ഞത് വളച്ചൊടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി; വിമര്‍ശനവുമായി നമിത
Malayalam Cinema
ഞാന്‍ പറഞ്ഞത് വളച്ചൊടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി; വിമര്‍ശനവുമായി നമിത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th May 2021, 4:45 pm

കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമാണ് നമിത പ്രമോദ്. ട്രാഫിക്ക്, പുതിയ തീരങ്ങള്‍, വിക്രമാദിത്യന്‍, ചന്ദ്രേട്ടന്‍ എവിടെയാ, മാര്‍ഗംകളി തുടങ്ങി ഒരുപിടി സിനിമയുടെ ഭാഗമാകാന്‍ നമിതയ്ക്ക് സാധിച്ചു. ജയസൂര്യ നായകനാകുന്ന പുതിയ ചിത്രത്തിലാണ് നമിത ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ അശ്വതി എന്ന അഭിഭാഷകയായാണ് നമിത എത്തുന്നത്.

എന്നാല്‍ ചെയ്ത കഥാപാത്രങ്ങളില്‍ തന്നെ പൂര്‍ണമായി സംതൃപ്തപ്പെടുത്തിയ കഥാപാത്രങ്ങള്‍ കുറവാണെന്ന് പറയുകയാണ് നമിത. പല കഥാപാത്രങ്ങളും പിന്നീട് കാണുമ്പോള്‍ മെച്ചപ്പെടുത്താമായിരുന്നെന്ന് തോന്നിയിട്ടുണ്ടെന്നും താരം ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആദ്യ കഥാപാത്രം മുതല്‍ ഇന്നുവരെ ചെയ്ത കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന ഒരു തോന്നലാണ് മനസില്‍ വരാറുള്ളത്. അതുകൊണ്ട് തന്നെ പൂര്‍ണമായി എന്നെ സംതൃപ്തിപ്പെടുത്തിയ കഥാപാത്രങ്ങളുടെ എണ്ണം വളരെ കുറവാണ്, നമിത പറയുന്നു.

മാര്‍ഗംകളിയിലെ ഊര്‍മ്മിളയെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ കുറേപ്പേരുണ്ട്. അതുപോലെ വിക്രമാദിത്യനിലെ കഥാപാത്രത്തെ കുറിച്ച് പലരും പറയാറുണ്ട്.

നെഗറ്റീവ് കമന്റുകളെ എങ്ങനെയാണ് നേരിടുന്നത് എന്ന ചോദ്യത്തിന് നമ്മള്‍ എന്തൊക്കെ ചെയ്താലും ഇപ്പുറത്ത് നെഗറ്റീവ് കമന്റുകള്‍ ഉണ്ടാകുമെന്നും ഇപ്പോള്‍ അതുമായി ശീലമായി എന്നുമായിരുന്നു നമിതയുടെ മറുപടി.

‘ ആദ്യമൊക്കെ കാണുമ്പോള്‍ ഒരു ഞെട്ടലുണ്ടായിരുന്നു. ഈയിടയ്ക്ക് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹക്കാര്യം ചോദിക്കുകയും നാലുവര്‍ഷം കഴിഞ്ഞാലേ അതിനെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും പറഞ്ഞിരുന്നു. പിന്നീട് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും അത് വളച്ചൊടിച്ച് പലതരത്തിലാക്കി. നമിതയുടെ വിവാഹം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വരനെ കാണാമെന്ന തരത്തിലാണ് വാര്‍ത്തകള്‍. ചില വാര്‍ത്തകളുടെ ടൈറ്റില്‍ കണ്ടാല്‍ ഇതൊക്കെ എപ്പോള്‍ പറഞ്ഞുവെന്ന് ചിന്തിക്കും. അതുകൊണ്ട് നെഗറ്റിവിറ്റികള്‍ അപ്പുറത്ത് നടക്കും. അത് നമ്മള്‍ അറിയും. പക്ഷേ മൈന്‍ഡ് ചെയ്യാറില്ല,’ നമിത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Namitha Pramod About Her Cinema Career and Characters