മമ്മൂട്ടി സാറിനെ ഇഷ്ടമാണ്; മോഹന്‍ലാല്‍ സാറിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമുണ്ട്: ശിവ
Entertainment
മമ്മൂട്ടി സാറിനെ ഇഷ്ടമാണ്; മോഹന്‍ലാല്‍ സാറിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമുണ്ട്: ശിവ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd July 2025, 5:53 pm

തനിക്ക് മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും തന്റെ മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും പറയുകയാണ് തമിഴ് നടന്‍ ശിവ. മമ്മൂട്ടിയെയും ഇഷ്ടമാണെന്ന് പറയുന്ന അദ്ദേഹം എന്നാല്‍ മോഹന്‍ലാലിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമുണ്ടെന്നും പറഞ്ഞു.

മോഹന്‍ലാല്‍ ഒരു ക്ലോസപ്പ് ഷോട്ടില്‍ കൊടുക്കുന്ന റിയാക്ഷന് ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്നാണ് ശിവ പറയുന്നത്. അദ്ദേഹത്തിന്റെ ഹ്യൂമര്‍ തനിക്ക് ഇഷ്ടമാണെന്നും മോഹന്‍ലാല്‍ എന്ന നടന് ഹ്യൂമറും സീരിയസായ വേഷവും ഒരുപോലെ ചെയ്യാനാകുമെന്നും ശിവ കൂട്ടിച്ചേര്‍ത്തു.

തന്റെ ഏറ്റവും പുതിയ പറന്തു പോ എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു നടന്‍. എപ്പോഴാണ് മലയാളത്തില്‍ ഒരു പടം ചെയ്യുക ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് ശിവ മോഹന്‍ലാലിനെ കുറിച്ച് സംസാരിച്ചത്.

‘തമിഴ് സിനിമ ചെയ്യാന്‍ തന്നെ ഞാന്‍ ബുദ്ധിമുട്ടുകയാണ് (ചിരി). എനിക്ക് മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്. ഇവിടെ മലയാളത്തില്‍ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ ആരാണെന്ന് ചോദിച്ചാല്‍, അത് തീര്‍ച്ചയായും മോഹന്‍ലാല്‍ സാറാണ്. മമ്മൂട്ടി സാറിനെയും എനിക്ക് ഇഷ്ടമാണ്.

പക്ഷെ മോഹന്‍ലാല്‍ സാറിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്തെ ഒരു റിയാക്ഷന്‍ തന്നെ മതിയാകും. അതിന് പല അര്‍ത്ഥങ്ങളുമുണ്ടാകും. ക്ലോസപ്പ് ഷോട്ടിലെ അദ്ദേഹത്തിന്റെ ഒരു റിയാക്ഷന് ഒരുപാട് അര്‍ത്ഥങ്ങളുണ്ടാകും.

അതുപോലെ അദ്ദേഹത്തിന്റെ ഹ്യൂമറും എനിക്ക് ഒരുപാട് ഇഷ്ടമാണ്. മോഹന്‍ലാല്‍ സാറിന് ഹ്യൂമറും സീരിയസായ വേഷവും ഒരുപോലെ ചെയ്യാനാകും. മലയാളത്തില്‍ നല്ല സിനിമകള്‍ വന്നാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും,’ ശിവ പറയുന്നു.


Content Highlight: Actor Shiva Talks About Mohanlal And Mammootty