ലാലേട്ടന്റെ മറുപടിയില്‍ ഞാന്‍ ഞെട്ടി; കൂട്ടുകാര് പോലും അങ്ങനെയൊരു മറുപടി തരില്ല: സര്‍ജാനോ ഖാലിദ്
Entertainment
ലാലേട്ടന്റെ മറുപടിയില്‍ ഞാന്‍ ഞെട്ടി; കൂട്ടുകാര് പോലും അങ്ങനെയൊരു മറുപടി തരില്ല: സര്‍ജാനോ ഖാലിദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th May 2025, 2:50 pm

2020ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ബിഗ് ബ്രദര്‍. സിദ്ദിഖ് സംവിധാനം ചെയ്ത അവസാന ചിത്രമായിരുന്നു ഇത്. മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, മിര്‍ണാ മേനോന്‍, ചേതന്‍ ഹന്‍സ്രാജ്, സിദ്ദീഖ്, ടിനി ടോം എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരനായിട്ടായിരുന്നു സര്‍ജാനോ ഖാലിദ് എത്തിയിരുന്നത്. ഇപ്പോള്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടെമെന്റിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് സര്‍ജാനോ.

ബിഗ് ബ്രദര്‍ സിനിമയുടെ സമയത്ത് തനിക്ക് മോഹന്‍ലാല്‍ മെസേജ് അയക്കുമ്പോള്‍ ബ്രദര്‍ എന്നാണ് വിളിക്കാറുള്ളതെന്നും എന്താണ് അദ്ദേഹത്തോട് സംസാരിക്കേണ്ടത് എന്ന് അറിയാത്തത് കാരണം കൂടുതല്‍ മെസേജ് അയക്കാന്‍ തോന്നാറില്ലെന്നും സര്‍ജാനോ പറയുന്നു. ഒപ്പം ബിഗ് ബ്രദറിന്റെ സമയത്ത് താന്‍ മോഹന്‍ലാലിന് മെസേജ് അയച്ച സമയത്ത് നടന്ന സംഭവത്തെ കുറിച്ചും സര്‍ജാനോ ഖാലിദ് പറഞ്ഞു.

‘ബിഗ് ബ്രദറിന്റെ സമയത്ത്, അതായത് അതിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് എന്നോട് എപ്പോഴും അദ്ദേഹം ബ്രദര്‍ എന്ന് പറഞ്ഞാണ് മെസേജും മറ്റും അയക്കുന്നതും സംസാരിക്കുന്നതും. എനിക്കാണെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ മെസേജ് അയക്കാന്‍ തോന്നാറില്ല.

കാരണം ഒരു അവസരം കിട്ടുമ്പോള്‍ എന്താണ് അദ്ദേഹത്തോട് സംസാരിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ എന്നാലും നമുക്ക് സ്‌പേസ് ഉണ്ടെന്ന് തോന്നിപ്പിക്കും വിധമാണ് അദ്ദേഹം ഇടപെടുക.

അങ്ങനെ ഒരു ദിവസം ഞാന്‍ ലാലേട്ടന് എന്തോ ഒരു മെസേജ് ഇട്ടു. പക്ഷേ ലാലേട്ടന്‍ അന്ന് അത് കണ്ടില്ല. ആ സമയത്ത് നമുക്ക് അത് ഒരു വിഷയം അല്ലല്ലോ, നമ്മള്‍ അതിനെ പറ്റി കൂടുതല്‍ ആലോചിക്കില്ല. എന്നാല്‍ ലാലേട്ടന്‍ അടുത്ത ദിവസം എനിക്ക് മറുപടി തന്നു.

‘സോറി. ഞാന്‍ തിരക്കിലായി പോയി. അതുകൊണ്ട് എനിക്ക് മറുപടി തരാന്‍ കഴിഞ്ഞില്ല’ എന്നായിരുന്നു മറുപടി. കൂട്ടുകാര് പോലും ഇങ്ങനെ ഒരു മറുപടി തരില്ല,’ സര്‍ജാനോ ഖാലിദ് പറഞ്ഞു.


Content Highlight: Actor Sarjano Khalidh Talks About Mohanlal