ലാലേട്ടന്റെ തോളോട് തോള്‍ ചേര്‍ന്ന്, തൊട്ടടുത്താണ് ഇന്ന് ഞാന്‍; മകനെ പോലെ, സുഹൃത്തിനെപ്പോലെ അത്രയും സ്‌നേഹമാണ് : സംഗീത് പ്രതാപ്
Entertainment
ലാലേട്ടന്റെ തോളോട് തോള്‍ ചേര്‍ന്ന്, തൊട്ടടുത്താണ് ഇന്ന് ഞാന്‍; മകനെ പോലെ, സുഹൃത്തിനെപ്പോലെ അത്രയും സ്‌നേഹമാണ് : സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th May 2025, 12:50 pm

തുടരും, ഹൃദയപൂര്‍വം മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകളില്‍ ഭാഗമാകാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്.

തുടരും എന്ന ചിത്രത്തില്‍ വളരെ കുറഞ്ഞ സീനുകളില്‍ മാത്രമേ ഉള്ളൂവെങ്കിലും മോഹന്‍ലാലുമായുള്ള സംഗീതിന്റെ കോമ്പോ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.

തുടരും എന്ന ചിത്രത്തെ കുറിച്ചും ഹൃദയപൂര്‍വത്തെ കുറിച്ചും മോഹന്‍ലാല്‍ എന്ന നടനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംഗീത് പ്രതാപ്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വത്തില്‍ ഒരു സുപ്രധാന കഥാപാത്രമായി സംഗീത് എത്തുന്നുണ്ട്.

ഒരു വര്‍ഷം മുന്‍പ് തന്നില്‍ നിന്നും ഒരുപാട് ദൂരെയായിരുന്ന മോഹന്‍ലാല്‍ ഇന്ന് തന്റെ തൊട്ടടുത്താണെന്നും ഒരു മകനെപ്പോലെ അദ്ദേഹം തന്നെ ട്രീറ്റ് ചെയ്യുന്നെന്നും സംഗീത് പറയുന്നു. സ്‌ക്രീന്‍യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത്.

‘ ഞാന്‍ ഈ അടുത്ത് തുടരും കാണാന്‍ പോകുന്ന സമയത്ത് ഞങ്ങളുടെ എ.ഡി ഒരു വീഡിയോ അയച്ചുതന്നിരുന്നു. എന്റെ കയ്യില്‍ ലാലേട്ടന്‍ പിടിച്ചിട്ട് എന്നെ മുകളിലേക്ക് കയറ്റുന്ന ഒരു വീഡിയോ.

ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഞാന്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെ ആദ്യമായി കാണുന്നത്. ഈ ദിവസമാണ് തുടരും ഷൂട്ട് തുടങ്ങുന്നത് എന്ന് പറഞ്ഞ് ഭാര്യയാണ് എനിക്ക് ആ ഫോട്ടോ അയച്ചു തന്നത്. അന്നാണ് ഞാന്‍ ലാലേട്ടനെ ആദ്യമായി കാണുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി ഞാന്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ലാലേട്ടന്റെ കൂടെയാണ്. ലാലേട്ടന്റെ തൊട്ടടുത്ത് തോളോട് തോള്‍ ചേര്‍ന്ന് നിന്നിട്ടാണ്.

അത് നമ്മുടെ ജീവിതത്തില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതല്ല. ഒരു വര്‍ഷം മുന്‍പ് നമ്മള്‍ അദ്ദേഹത്തെ ആദ്യമായി കാണുമ്പോഴും ആ സിനിമയില്‍ അഭിനയിക്കുമ്പോഴും അത് വിചാരിക്കുന്നില്ല.

ലാലേട്ടനെ ഒന്ന് കാണാമെന്ന ആഗ്രഹത്തിന്റെ പുറത്ത് ചെയ്ത സിനിമയാണ് തുടരും. തരുണ്‍ ചേട്ടനോടുള്ള സ്‌നേഹം കൊണ്ട് ഞാന്‍ അങ്ങോട്ട് ചോദിച്ചുവാങ്ങിയതാണ്.

മോഹന്‍ലാല്‍-ശോഭന മൂവി വരുന്നു എന്ന് അറിഞ്ഞപ്പോള്‍ എന്തെങ്കിലും ക്യാരക്ടര്‍ ഉണ്ടെങ്കില്‍ വിളിക്കണേ എന്ന് പറഞ്ഞിട്ട് മെസ്സേജ് അയച്ചു.
ചെറിയൊരു കാമിയോ പരിപാടി ഉണ്ട് എന്ന് പറഞ്ഞ് തരുണേട്ടന്‍ പിറ്റേ ദിവസം എനിക്ക് മെസ്സേജ് അയച്ചു.

അദ്ദേഹത്തിന്റെ മൂവി എന്ന് പറയുമ്പോള്‍ തന്നെ അതൊരു എക്‌സൈറ്റിങ് ആയിട്ടുള്ള പരിപാടിയാണെന്ന് ഉറപ്പാണ്. ഒരു സീനാണെങ്കിലും രണ്ട് സീനാണെങ്കിലും പോയി ചെയ്യുക എന്നതായിരുന്നു.

എന്റെ അടുത്ത് ഇവന്റ് മാത്രമാണ് പറയുന്നത്. നമ്മള്‍ ഒരുപാട് സിനിമയുടെ കഥ കേള്‍ക്കുന്നുണ്ട്. അത് സോര്‍ട്ട് ചെയ്യും. ഇവിടെ ഈ പേരുകള്‍ മാത്രമാണ് നമ്മുടെ മുന്നിലുണ്ടായിരുന്നത്.

അവരുടെ കൂടെ സ്‌പെന്‍ഡ് ചെയ്യാന്‍ പറ്റുന്ന സമയമാണ് ചൂസ് ചെയ്തത്. എനിക്കൊരു മൂന്ന് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ. ലാലേട്ടനുമായുള്ള കോമ്പനനേഷനുകള്‍ എല്ലാം അതിനുള്ളില്‍ എടുത്ത് തീര്‍ന്നു.

അന്നൊക്കെ ലാലേട്ടന്‍ എത്രയോ ദൂരെയാണ്. ഇപ്പോള്‍ ഭയങ്കര അടുത്താണ്. ഇമോഷണലി ആണെങ്കിലും ആളുടെ പ്രസന്‍സ് വൈസാണെങ്കിലും തൊട്ടടുത്താണ്.

അത്രയും സ്‌നേഹമാണ് നമ്മുടെ അടുത്ത്. ഒരു സണ്‍ ലൈക്ക് ഫ്രണ്ട് ലൈക്ക് ആ രീതിയിലാണ് നമ്മളോട് സംസാരിക്കുന്നതും തമാശ പറയുന്നതുമൊക്കെ. ഇമോഷണലി അതൊക്കെ ഭയങ്കര അടിപൊളിയാണ്,’ സംഗീത് പ്രതാപ് പറഞ്ഞു.

Content Highlight: Actor Sangeeth Prathap about his relationship with Mohanlal