തുടരുമിലെ ആ സീന്‍ ഒഴിച്ച് ബാക്കി എല്ലാ സീനും എനിക്ക് ഇഷ്ടമാണ്: പ്രകാശ് വര്‍മ
Entertainment
തുടരുമിലെ ആ സീന്‍ ഒഴിച്ച് ബാക്കി എല്ലാ സീനും എനിക്ക് ഇഷ്ടമാണ്: പ്രകാശ് വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st May 2025, 11:28 am

തുടരും സിനിമയെ കുറിച്ചും തന്റെ പ്രിയപ്പെട്ട സീനുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തില്‍ എസ്.ഐ ജോര്‍ജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ പ്രകാശ് വര്‍മ.

തുടരുമിലെ ഒരു സീനൊഴിച്ച് ബാക്കി എല്ലാ സീനും തനിക്ക് ഇഷ്ടമാണെന്നായിരുന്നു പ്രകാശ് വര്‍മ പറഞ്ഞത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഞാന്‍ ആദ്യമേ തരുണിനോട് പറഞ്ഞിരുന്നു എന്റെ ആദ്യ സീന്‍ ലാലേട്ടനോ ശോഭനയോ മണിയന്‍ പിള്ള രാജു ചേട്ടനുമായോ ഒന്നും ഇടരുത് എന്ന്.

അവരൊക്കെ ലെജന്ററി ആക്ടേഴ്‌സാണ്, എനിക്ക് എന്നെ തന്നെ മനസിലാക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞിരുന്നു. ടിവിയില്‍ വാര്‍ത്ത കണ്ടുകൊണ്ട് എന്റെ വീട്ടില്‍ എന്റെ ഷര്‍ട്ട് ഇരുന്ന് തുന്നുന്നതും ഞാന്‍ സ്വന്തമായിട്ട് കണ്ണാടിയില്‍ നോക്കുന്നതുമായ സീനുണ്ട്.

ആ സീനാണ് ആദ്യം എടുത്തത്. ഞാന്‍ മാത്രമേ അതിലുള്ളൂ. പക്ഷേ ആ രാത്രി തന്നെ തരുണ്‍ എനിക്ക് വലിയൊരു ഹെവി സീന്‍ തന്നു. അവരുടെ വീട്ടില്‍ ചെന്ന് മണിയന്‍പിള്ള രാജുചേട്ടനെ വിളിച്ച് മാറ്റി നിര്‍ത്തി ഞാന്‍ മരണവാര്‍ത്ത അറിയിക്കുന്ന വലിയ സീന്‍. അത് ഒരു കണക്കിന് നന്നായി. കാരണം അതോടുകൂടി ഞാന്‍ സെറ്റായി.

ലാലേട്ടനുമായി എന്റെ ആദ്യ സീന്‍ സിനിമയിലെ ഞങ്ങള്‍ തമ്മിലുള്ള ആദ്യ സീന്‍ തന്നെയാണ്. ഒരു കോ ആക്ടറിന് ലാലേട്ടന്‍ കൊടുക്കുന്ന റെസ്‌പെക്ട്ഫുള്‍ സ്‌പേസ് ഉണ്ട്.

ഒന്നും പറഞ്ഞിട്ടോ ഒന്നും അല്ല. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജില്‍ ഉണ്ടാകുന്ന എനര്‍ജിയുണ്ട്. അതില്‍ നമ്മള്‍ കംഫര്‍ട്ടാകും. പേടിക്കേണ്ട എന്നൊന്നും പറയില്ല. ഒരു ടേക്ക് കഴിഞ്ഞാല്‍ നല്ലതാണെങ്കില്‍ നമ്മളുടെ കൈ ഒന്ന് പിടിക്കും. അതൊക്കെ ഒരു സ്പിരിച്വല്‍ വേ ആണ്.

തുടരുമില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ഏതാണെന്ന് ചോദിച്ചാല്‍ എല്ലാ സീനും ഇഷ്ടമാണ്. എന്നെ തല്ലുന്നതൊഴിച്ച് എല്ലാ സീനും ഇഷ്ടമാണ്.

കാറിലുള്ള യാത്രയൊക്കെ മനോഹരമായ സീനാണ്. അതാണ് ആ സിനിമയുടെ ടേണിങ് പോയിന്റ്. അവിടെ വരെ നമുക്ക് വലിയ പിടി കിട്ടില്ല. എന്റെ ഫേവറൈറ്റ് സീനുകളില്‍ ഒന്നാണ് അത്,’ പ്രകാശ് വര്‍മ പറഞ്ഞു.

Content Highlight: Actor Prakash Varma about His Favourite scene on Thudarum Movie