നഗരത്തെ നന്നായി നയിക്കാന്‍ കഴിയട്ടെ; ആര്യാ രാജേന്ദ്രനെ ഫോണില്‍ വിളിച്ച് ആശംസയറിയിച്ച് മോഹന്‍ലാല്‍
Kerala
നഗരത്തെ നന്നായി നയിക്കാന്‍ കഴിയട്ടെ; ആര്യാ രാജേന്ദ്രനെ ഫോണില്‍ വിളിച്ച് ആശംസയറിയിച്ച് മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th December 2020, 1:26 pm

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഫോണിലൂടെയാണ് മോഹന്‍ലാല്‍ ആര്യാ രാജേന്ദ്രനെ അഭിനന്ദനമറിയിച്ചത്. തിരുവനന്തപുരം നഗരസഭ മുടവന്‍മുകള്‍ വാര്‍ഡിലെ വോട്ടറാണ് മോഹന്‍ലാല്‍. ഇതേ വാര്‍ഡിലെ കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍.

നഗരത്തെ കൂടുതല്‍ നന്നായും സുന്ദരമായും നയിക്കാന്‍ ആര്യയ്ക്ക് കഴിയട്ടെയെന്നും തിരുവനന്തപുരത്തെത്തുമ്പോള്‍ നേരിട്ട് കാണാമെന്നും മോഹന്‍ലാല്‍ ആര്യയോട് പറഞ്ഞു.

തിരുവനന്തപുരം നമുക്കൊക്കെ ഒരുപാട് ഇഷ്ടപ്പെട്ട നഗരമാണ്. പുതിയ തീരുമാനം മികച്ചതാവട്ടെ. നഗരത്തെ നന്നായി നയിക്കാന്‍ ആര്യയ്ക്ക് സാധിക്കട്ടെയന്നും മോഹന്‍ ലാല്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്.

ജമീല ശ്രീധരനായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്.

നഗരത്തില്‍ പൊതുസമ്മതിയുള്ള വ്യക്തി മേയറായി വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചത്. നേരത്തെ വി.കെ പ്രശാന്തിന്റെ കീഴില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു തിരുവനന്തപുരത്ത് നടത്തിയത്. അത്തരമൊരു പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച കൂടി ആഗ്രഹിച്ചാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.

21വയസുകാരിയായ ആര്യ രാജേന്ദ്രന്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. ഇതോടെ സംസ്ഥാനത്തെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടവം ആര്യക്ക് സ്വന്തമാകും.

പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യ് പറഞ്ഞു. ബി.എസ്.സി മാത്ത്സ് വിദ്യാര്‍ത്ഥിയാണ് ആര്യ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Mohanlal Congratulate Arya Rajendran