കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നു, രാഷ്ട്രീയത്തിന്റെ പേരില്‍ ഇന്നാട്ടില്‍ ആരും കൊല്ലപ്പെടരുത്; കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫിന്റെ വീട്ടിലെത്തി മുനവ്വറലി ശിഹാബ് തങ്ങള്‍
Kerala
കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നു, രാഷ്ട്രീയത്തിന്റെ പേരില്‍ ഇന്നാട്ടില്‍ ആരും കൊല്ലപ്പെടരുത്; കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫിന്റെ വീട്ടിലെത്തി മുനവ്വറലി ശിഹാബ് തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th December 2020, 12:43 pm

കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മുനവ്വറലി തങ്ങള്‍ ഔഫിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടത്. ഔഫിന്റെ കുടുംബാംഗങ്ങളെ കാണാന്‍ പ്രാദേശിക ലീഗ് നേതാക്കള്‍ക്കൊപ്പമാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ എത്തിയത്. എന്നാല്‍ മുനവ്വറലി തങ്ങളെ മാത്രമാണ് നാട്ടുകാര്‍ ഔഫിന്റെ വീട്ടിലേക്ക് പ്രവേശിപ്പിച്ചത്.

മുനവ്വറലി തങ്ങളുടെ വാഹനം തടഞ്ഞ പ്രദേശവാസികള്‍ ബാക്കിയുള്ള നേതാക്കള്‍ വീട്ടില്‍ കയറാന്‍ സമ്മതിക്കില്ലെന്ന നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം മാത്രം വീട്ടിലെത്തി ബന്ധുക്കളെ കാണുകയായിരുന്നു.

മുസ്‌ലീം ലീഗ് അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരാണെന്നും കുടുംബത്തിന്റെ വേദനയില്‍ തങ്ങളും പങ്കു ചേരുന്നുവെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

കൊലപാതകത്തിലേക്ക് നയിച്ചത് പ്രാദേശിക വിഷയങ്ങളാണെന്നും അതല്ലാതെ ഉന്നത ഗൂഢാലോചന ഇതില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലീം ലീഗിന്റെ രാഷ്ട്രീയ ലക്ഷ്യം അതല്ല. യൂത്ത് ലീഗോ മുസ്‌ലീം ലീഗോ അക്രമരാഷ്ട്രീയത്തെ അനുകൂലിക്കുന്നില്ല. പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഞാന്‍ ഇവിടെ എത്തിയത്.

ഇവിടെ നീതി ലഭിക്കണം. കേസില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഈ കൊലപാതകത്തെ ശക്തമായി അപലപിക്കുകയാണ്.

രാഷ്ട്രീയ കൊലകളിലെ ഇരകളുടെ വികാരം തിരിച്ചറിയുന്ന അവരോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലീം ലീഗ്. കൊലപാതക കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് മുസ്‌ലീം ലീഗ് സ്വീകരിക്കില്ല. ഔഫിന്റെ കുടുംബത്തിന്റെ വേദനയില്‍ ഞങ്ങളും പങ്കു ചേരുകയാണ്.

രാഷ്ട്രീയത്തിന്റെ പേരില്‍ ഇന്നാട്ടില്‍ ആരും കൊലപ്പെട്ടരുത്. കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്നലെ തന്നെ യൂത്ത് ലീഗില്‍ നിന്നും പുറത്താക്കിയതാണെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഔഫ് അബ്ദുള്‍ റഹ്മാന്‍ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഇര്‍ഷാദിനെ യൂത്ത് ലീഗ് വെള്ളിയാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പില്‍ സെക്രട്ടറിയായിരുന്നു ഇര്‍ഷാദ്.

കൊലപാതകത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. നേരത്തെ ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചിരുന്നു. കൊലപാതകം ലീഗ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നും ജില്ലാ പൊലീസ് മേധാവി ശില്‍പ അറിയിച്ചു.

കൊലപാതകത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് വിട്ടു. കസ്റ്റഡിയിലെടുത്ത ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഇര്‍ഷാദ് കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇര്‍ഷാദ് അടക്കം നാല് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ നാലുപേരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. നേരത്തെ ഇര്‍ഷാദടക്കം മൂന്ന് പേരെ ഔഫിന്റെ സുഹൃത്ത് ഷുഹൈബ് തിരിച്ചറിഞ്ഞിരുന്നു.

അതിനിടെ ഔഫിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഔഫിന്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു കൊലപാതകം നടന്നത്. ഡി.വൈ.എഫ്.ഐ കല്ലൂരാവി യൂണിറ്റംഗമായ ഔഫിനെയും സുഹൃത്തിനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.

സംഭവത്തില്‍ ഇര്‍ഷാദാണ് പ്രതിയെന്ന ഔഫിന്റെ സുഹൃത്ത് ഷുഹൈബിന്റെ മൊഴിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന് ഔഫിനെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ച മറ്റൊരു സുഹൃത്ത് റിയാസും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Munvarali Shihab Thangal Visited the home of Kanhangad Ouf Abdulrahman