അക്കാര്യം ലാല്‍ സാറിന് മാനസികമായി സങ്കടമുണ്ടാക്കി, പുതിയ തലമുറയില്‍ ഉള്ളവരാകട്ടെ ഉച്ചഭക്ഷണവും കഴിച്ച് മടങ്ങി: മഹേഷ്
Entertainment
അക്കാര്യം ലാല്‍ സാറിന് മാനസികമായി സങ്കടമുണ്ടാക്കി, പുതിയ തലമുറയില്‍ ഉള്ളവരാകട്ടെ ഉച്ചഭക്ഷണവും കഴിച്ച് മടങ്ങി: മഹേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 3:29 pm

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തന്നെ തുടരണമെന്നാണ് എല്ലാവരും ആഗ്രഹിച്ചിരുന്നത്. അദ്ദേഹത്തെപ്പോലുള്ളവര്‍ തലപ്പത്ത് വേണമെന്ന് ആഗ്രഹിക്കുന്നതിന്റെ പിന്നില്‍ ചില കാരണങ്ങളുണ്ടെന്നും മഹേഷ് പറയുന്നു.

ഇത്തവണ അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ പകുതിയില്‍ താഴെ ആളുകള്‍ മാത്രമാണ് വന്നതെന്നും അതില്‍ തന്നെ പുതിയ തലമുറയുടെ സാന്നിധ്യം വളരെ കുറവായിരുന്നെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് പറഞ്ഞു.

ഒരു സംഘടനയുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ ആളുകള്‍ വേണമെന്നും അതില്ലാതിരുന്നത് മോഹന്‍ലാലിന് മാനസികമായി സങ്കടമുണ്ടാക്കിയെന്നും മഹേഷ് പറഞ്ഞു.

മോഹന്‍ലാല്‍ തന്നെ അമ്മയുടെ പ്രസിഡന്റ് ആവണമെന്നാണോ എല്ലാവരുടേയും ആഗ്രഹം എന്ന ചോദ്യത്തിനായിരുന്നു മഹേഷിന്റെ മറുപടി.

‘ വലിയ വലിയ ഐഡിയല്‍സുകള്‍ ഉണ്ടല്ലോ. അവരെടുക്കുന്ന പ്രയത്‌നങ്ങളിലും സ്‌ട്രെയിനിലും നമുക്ക് വിശ്വാസമുണ്ട്. ലാല്‍സാര്‍ ഒരു കാര്യം പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കാതിരിക്കുമെന്ന് കരുതുന്നുണ്ടോ.

അങ്ങനെയുള്ള ആളുകള്‍ വേണം ഇതിന്റെ തലപ്പത്ത്. ജനറല്‍ ബോഡി ദിവസം ഉച്ചവരേയും അഡ്‌ഹോക് കമ്മിറ്റിയെ തന്നെ മുന്നോട്ടുകൊണ്ടുപോകാനും രണ്ട് പേരെ തിരഞ്ഞെടുത്തുകൊണ്ട് പുതിയ കമ്മിറ്റി ഉണ്ടാക്കാമെന്ന ധാരണയില്‍ തന്നെയായിരുന്നു.

എന്നാല്‍ ഒരു ജനറല്‍ ബോഡിയില്‍ വന്നത് പകുതിയില്‍ താഴെ പേര്‍ മാത്രമാണ്. ഈ പറയുന്ന പുതിയ തലമുറയില്‍പ്പെട്ടവരില്‍ വളരെ ചുരുക്കം പേരെയേ അവിടെ കാണാന്‍ സാധിച്ചുള്ളൂ. അവരില്‍ തന്നെ പകുതിയോളം പേര്‍ ഉച്ച് ഭക്ഷണവും കഴിഞ്ഞ് പോയി. ചിലപ്പോള്‍ അവര്‍ ദൂരെ നിന്ന് വന്നവരായതുകൊണ്ടൊക്കെ ആയിരിക്കും.

Mohanlal expresses regret over Empuran controversies

പക്ഷേ അപ്പോള്‍ പിന്നെ എങ്ങനെ തീരുമാനമെടുക്കും. അത് ലാല്‍ സാറിന് മാനസികമായി സങ്കടമുണ്ടാക്കി. ഇത്രയും പേരെ വെച്ച് മാത്രം ഒരു തീരുമാനമെടുക്കാന്‍ പറ്റില്ല.

ഇലക്ഷന്‍ വേണ്ട എന്ന് വെച്ചത് ഇവരെ മൂന്ന് വര്‍ഷത്തേക്ക് നമ്മള്‍ തിരഞ്ഞെടുത്തതുകൊണ്ടാണ്. ഒരു പ്രത്യേക സംഭവത്തിന്റെ പേരും പറഞ്ഞത് പെട്ടെന്ന് വന്ന ആവേശത്തിന്റെ പുറത്ത് എല്ലാവരും കൂട്ടരാജിയും വെച്ച് പോയി.

3 വര്‍ഷം ഇവര്‍ നടത്തുമെന്ന വിശ്വാസത്തിന്റെ പുറത്താണ് ഇവരെ ഏല്‍പ്പിക്കുന്നത്. സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചു. ഉണ്ണി മുകുന്ദന്‍ ട്രഷററായി തുടരാന്‍ ഒക്കില്ലെന്ന് പറഞ്ഞു. പക്ഷേ പുതിയ ആളുകളെ തിരഞ്ഞെടുക്കാന്‍ പറ്റുന്ന അംഗബലം ഉണ്ടായിരുന്നില്ല. ഇനി ഇലക്ഷന് പോകണമെങ്കില്‍ ഇനിയും മൂന്ന് മാസം കഴിയണം,’ മഹേഷ് പറഞ്ഞു.

Content Highlight: Actor Mahesh About Issues in  AMMA and Mohanlal Stand