അമ്പിളി ചേട്ടന്റെ ആ അഭിനയ രീതി കഴിവോ മിടുക്കോ അല്ല; അതൊട്ടും ശരിയല്ലാത്ത കാര്യം: ലാല്‍
Entertainment
അമ്പിളി ചേട്ടന്റെ ആ അഭിനയ രീതി കഴിവോ മിടുക്കോ അല്ല; അതൊട്ടും ശരിയല്ലാത്ത കാര്യം: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th June 2025, 6:31 am

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. വിവിധ സിനിമകളിലൂടെ മലയാളികള്‍ക്ക് ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിട്ടുള്ള പലരും പറയുന്ന ഒരു കാര്യമാണ്, ഒരു സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ജഗതി പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗുകള്‍ പറയാറുണ്ട് എന്നത്.

ഷോട്ടിന്റെ സമയത്ത് പ്രതീക്ഷിക്കാതെ ഡയലോഗുകള്‍ കയ്യില്‍ നിന്നിടുന്ന രീതി ഒട്ടും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് പറയുകയാണ് നടനും സംവിധായകനുമായ ലാല്‍. അതൊരു കഴിവായിട്ടോ മിടുക്കായിട്ടോ വെക്കുന്നത് ഒട്ടും ശരിയായ കാര്യമല്ലെന്നും അദ്ദേഹം പറയുന്നു.

നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാതെ ഡയലോഗുകള്‍ പെട്ടെന്ന് പറയുമ്പോള്‍ എതിരെ നില്‍ക്കുന്ന ആള്‍ക്ക് കണക്ഷന്‍ നഷ്ടപ്പെട്ടാല്‍ ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടാവുമെന്നും, ആ സമയത്ത് ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞൊപ്പിച്ചാലും കൂടെ നില്‍ക്കുന്ന ആള്‍ ചിലപ്പോള്‍ വീക്ക് ആകാന്‍ സാധ്യതയുണ്ടെന്നും ലാല്‍ പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമ്പിളി ചേട്ടനെ കുറിച്ച് പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ പറയുന്ന ഒരു കാര്യമാണ്, അദ്ദേഹം ഷോട്ട് എടുക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗുകള്‍ പറയും എന്നത്. അത് ഒട്ടും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്ത കാര്യമാണ്.

അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്താല്‍ ഡയറക്ടര്‍ നിര്‍ബന്ധമായും ‘പറഞ്ഞിട്ട് ചെയ്യണമായിരുന്നു’ എന്ന് പറയണം. അല്ലെങ്കില്‍ ‘നന്നായിരുന്നു. ഓക്കേ’യെന്നോ ‘അത് വേണ്ട’ എന്നോ പറയണം. എന്നിട്ട് ആ ഭാഗം മാറ്റണം.

അതല്ലാതെ അതൊരു കഴിവായിട്ടോ മിടുക്കായിട്ടോ വെക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. അദ്ദേഹം വലിയ നടനൊക്കെ തന്നെയാണ്. പക്ഷെ പ്രശ്‌നം എന്താണെന്ന് ചോദിച്ചാല്‍, ആ സീനിനെ ഹര്‍ട്ട് ചെയ്യുമോ എന്നതിനേക്കാള്‍ കൂടുതലായി അദ്ദേഹത്തിന്റെ കൂടെ ചില ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാകുമല്ലോ.

ഓരോ സീന്‍ എടുക്കുമ്പോഴും നമ്മള്‍ ആദ്യമേ കാര്യങ്ങള്‍ തീരുമാനിച്ച് ഉറപ്പിച്ചിട്ടാണ് പോകുന്നത്. ഇയാള്‍ പറയുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണെന്നും ആ വാക്ക് കണക്ട് ചെയ്താണ് ഞാന്‍ ഈ ഡയലോഗ് പറയേണ്ടതെന്നുമുള്ള ബോധത്തിലാകും കൂടെയുള്ള ആള്‍ നില്‍ക്കുന്നത്.

ആ കണക്ഷന്‍ നഷ്ടപ്പെട്ടാല്‍ നമുക്ക് ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടാവില്ലേ. ആ സമയത്ത് ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞൊപ്പിക്കുമായിരിക്കും. പക്ഷെ കൂടെ നില്‍ക്കുന്ന ആള്‍ ചിലപ്പോള്‍ വീക്ക് ആകാന്‍ സാധ്യതയുണ്ട്.

അദ്ദേഹം അവിടെ ജയിച്ചാലും കൂടെയുള്ള ആള്‍ പരാജയപ്പെടില്ലേ. അതുകൊണ്ട് അദ്ദേഹം ചെയ്തിട്ടുള്ള രീതി ഒട്ടും ശരിയല്ല. സ്വന്തമായിട്ട് സ്‌പൊണ്ടേനിയസായി ഡയലോഗ് ഇടുകയെന്നത് ഒട്ടും നല്ലതായ ലക്ഷണമല്ല,’ ലാല്‍ പറയുന്നു.


Content Highlight: Actor Lal Talks About Jagathy Sreekumar