സ്ഫടികം ഇഷ്ടചിത്രം, റയിബാന്‍ ഗ്ലാസ് വെച്ചത് ആടുതോമ ഇന്‍സ്പിരേഷനില്‍: കാര്‍ത്തി
Entertainment news
സ്ഫടികം ഇഷ്ടചിത്രം, റയിബാന്‍ ഗ്ലാസ് വെച്ചത് ആടുതോമ ഇന്‍സ്പിരേഷനില്‍: കാര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th August 2022, 11:58 pm

കാര്‍ത്തി നായകനായ ഏറ്റവും പുതിയ ചിത്രം വിരുമാന്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ മലയാളത്തിലെ ഏക്കലത്തെയും മാസ്റ്റര്‍പീസ് മോഹന്‍ലാല്‍ സിനിമ സ്ഫടികം തന്റെ ഇഷ്ട ചിത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് കാര്‍ത്തി.

തിലകന്റെ കഥാപാത്രവും മോഹന്‍ലാലിന്റെ കഥാപാത്രവും തമ്മിലുള്ള സീനുകളാണ് തന്റെ പുതിയ ചിത്രം അഭിനയിക്കുമ്പോള്‍ ഓര്‍മവന്നത് എന്നും കാര്‍ത്തി പറയുന്നു.

‘പ്രകാശ് രാജ് സാറാണ് വിരുമാനില്‍ എന്റെ അച്ഛനായി അഭിനയിച്ചിരിക്കുന്നത്. ഞങ്ങള്‍ തമ്മിലുള്ള സീനുകള്‍ അഭിനയിക്കുമ്പോള്‍ ശരിക്കും പറഞ്ഞാല്‍ സ്ഫടികമാണ് ഓര്‍മവന്നത്.സ്ഫടികം എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചിത്രമാണ്. അതിലെ സീനുകള്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ചിത്രം റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ ചെയ്‌തേനെ,’ കാര്‍ത്തി പറയുന്നു.

വിരുമാനില്‍ താന്‍ വെച്ച റയിബാന്‍ ഗ്ലാസിന്റെ ഇന്‍സ്പറേഷന്‍ ആടുതോമയാണെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതേസമയം മാധ്യമങ്ങളോട് ലോകേഷിനൊപ്പം ഒന്നിക്കുന്ന കൈതിയുടെ ചിത്രീകരണം അടുത്ത വര്‍ഷം തുടങ്ങുമെന്നും കാര്‍ത്തി പറഞ്ഞിരുന്നു.

‘റോളെക്‌സും ദില്ലിയും കൈതി രണ്ടാം ഭാഗത്തില്‍ വരുമോയെന്ന് എനിക്കറിയില്ല. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. വിജയ് ചിത്രം പൂര്‍ത്തിയായ ശേഷം കൈതി രണ്ടിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ്’ കാര്‍ത്തി പറഞ്ഞത്. സഹോദരന്‍ സൂര്യക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷവും അഭിമാനമുണ്ടെന്നും കാര്‍ത്തി ഇതിനൊപ്പം പറയുന്നുണ്ട്.

മുത്തയ്യയാണ് വിരുമാന്‍ സംവിധാനം ചെയ്യുന്നത്. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. അതിഥി ശങ്കറാണ് നായികയായി എത്തുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് വിരുമാന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്
രാജ് കിരണ്‍, പ്രകാശ് രാജ്, സൂരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ഓഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും.

തേനിയുടെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Content Highlight: Actor Karthi Says That Mohanlal’s Spadikam is his favorite movie