ഇങ്ങനെയുള്ളവന്‍മാരെയൊക്കെ തട്ടിക്കളയണം; ഞാന്‍ ആ റിയാലിറ്റിയില്‍ വിശ്വസിക്കുന്ന ആളാണ്: ജോജു ജോര്‍ജ്
Entertainment
ഇങ്ങനെയുള്ളവന്‍മാരെയൊക്കെ തട്ടിക്കളയണം; ഞാന്‍ ആ റിയാലിറ്റിയില്‍ വിശ്വസിക്കുന്ന ആളാണ്: ജോജു ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd June 2025, 10:49 am

സിനിമയിലേക്കാള്‍ വലിയ വയലന്‍സാണ് സമൂഹത്തില്‍ നടക്കുന്നതെന്ന് നടന്‍ ജോജു ജോര്‍ജ്. പണ്ട് പൊലീസിനെ പേടിച്ചിരുന്ന ക്രിമിനല്‍സുകള്‍ക്ക് ഇന്ന് ആ പേടി ഇല്ലെന്ന് ജോജു പറയുന്നു.

നിയമസംവിധാനങ്ങള്‍ ശക്തമാകണമെന്നും പിഞ്ചുകുഞ്ഞുങ്ങളെയടക്കം ഉപദ്രവിക്കുന്ന ക്രിമിനലുകളെ തട്ടിക്കളയുകയാണ് വേണ്ടതെന്നും ജോജു പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോജു.

‘സിനിമയില്‍ വയലന്‍സ് വളരെ കൂടിവരുന്നു എന്നൊക്കെ ആളുകള്‍ ബോറടിക്കുമ്പോള്‍ പറയുന്നതാണ്. ആളുകള്‍ അത് എന്‍ജോയ് ചെയ്യുന്നുണ്ട്. അതിലും വലുതല്ലേ ഇവിടെ സൊസൈറ്റിയില്‍ നടക്കുന്നത്.

ഞാന്‍ പണി എന്ന സിനിമ ചിന്തിക്കാന്‍ തന്നെ ഒരു കാരണമുണ്ട്. പുറത്തുനടക്കുന്ന ഡാറ്റ കേള്‍ക്കുമ്പോള്‍ നമുക്ക് തന്നെ പേടിയാവുകയാണ്. എന്റെ വീടിന്റെ അടുത്ത് ആറ് വയസുള്ള ഒരു കുഞ്ഞിനെ ഒരുത്തന്‍ ചവിട്ടിക്കൊന്നു.

ആ കൊച്ച് വെള്ളത്തില്‍ നിന്ന് കേറി വന്നു. എന്നിട്ട് അവന്‍ വീണ്ടും ചവിട്ടി താഴ്ത്തിയെന്ന്. ഞാന്‍ ആ കൊച്ചിന്റെ അച്ഛനേയും അമ്മയേയും കാണാന്‍ പോയിരുന്നു.

അവനത് ഏത് സിനിമയില്‍ നിന്ന് കിട്ടിയതാണ്. അതിനി ചിലപ്പോള്‍ ചിലര്‍ സിനിമയില്‍ ഉപയോഗിച്ചേക്കും. അത്രയും ഭീകരമായ അന്തരീക്ഷത്തില്‍ തന്നെയാണ് നമ്മള്‍ ജീവിക്കുന്നത്.

പൊലീസ് നല്ല ഇടി ഇടിക്കണം. അല്ലാതെ വേറെ വഴിയില്ല. പൊലീസിനോടുള്ള ബഹുമാനം പൊതുസമൂഹത്തില്‍ ഇരട്ടിയാകണം. ആദ്യം ഒരു പൊലീസ് ജീപ്പ് വരുമ്പോഴോ പൊലീസ് വരുമ്പോഴോ പേടിയായിരുന്നു.

ഇപ്പോള്‍ ഇത്തരത്തില്‍ ചെയ്യുന്നവര്‍ക്ക് ഒരു പേടിയുമില്ല. സുഖമായിട്ട് ജീവിക്കുകയല്ലേ. സ്‌കൂളില്‍ കൊടുക്കുന്നത് പയറും കഞ്ഞിയുമാണ്. ജയിലില്‍ ചിക്കനും ചപ്പാത്തിയുമാണ്. ഇതൊക്കെ ഭയങ്കര വിഷയമല്ലേ.

നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒന്ന് ചിന്തിച്ച് നോക്കൂ. നമ്മുടെ നിയമം ഇതിന്റെ ഇരട്ടി സ്‌ട്രോങ് ആകണം. തട്ടിക്കളയണം ഇങ്ങനെയുള്ളവന്‍മാരെയൊക്കെ. ഞാന്‍ ആ റിയാലിറ്റിയില്‍ വിശ്വസിക്കുന്ന ആളാണ്.

അത് ഇപ്പോള്‍ എന്ത് തെറ്റായാലും മോശമായാലും. അതുകൊണ്ടാണ് ഞാന്‍ എന്റെ പടത്തില്‍ അങ്ങനെ ചെയ്തവനെ പൊട്ടിച്ചുകളഞ്ഞത്. ഇങ്ങനെ സംഭവിക്കുന്നവരുടെ ഇമോഷന് വാല്യു ഇല്ലേ. അത് അഡ്രസ് ചെയ്യപ്പെടുന്നില്ല.

പൊലീസിലുള്ള പേടിയൊക്കെ എല്ലാവര്‍ക്കും പോയി. കാരണം ഒരുത്തനെ തൊട്ടാല്‍ കോടതിയില്‍ ചെല്ലുമ്പോള്‍ പ്രശ്‌നമാകും. എന്റെ പൊന്നോ എന്റെ ജോലി പോകും എന്ന നിലയില്‍ അവര്‍ ചിന്തിക്കും.

സിസ്റ്റം ഇനിയും മാറണം. ഓരോ പഞ്ചായത്തിലും ഓരോ പൊലീസ് സ്റ്റേഷന്‍ കൊണ്ടുവക്കണമെന്നാണ് ഞാന്‍ പറയുക. അല്ലാതെ ഇവിടെ എങ്ങനെ മാനേജ്‌ചെയ്യാന്‍ പറ്റും. ക്രൈം റേറ്റ് അത്രയും ഉയരുകയല്ലേ. ചെറുപ്പക്കാര്‍ മുഴുവന്‍ വേറെ ലൈനിലോട്ട് പോവുന്നു. ഇതിനെ അഡ്രസ് ചെയ്യപ്പെടാതിരുന്നാല്‍ എന്തുചെയ്യും,’ ജോജു പറയുന്നു.

Content Highlight: Actor Joju George about Crime rate and Society