ജയം രവിയുടെ സിനിമയിലേക്ക് ചക്കിയെ വിളിച്ചിരുന്നു, ഉടന്‍ ചക്കിയുടെ അരങ്ങേറ്റമുണ്ടാകും: ജയറാം
Entertainment news
ജയം രവിയുടെ സിനിമയിലേക്ക് ചക്കിയെ വിളിച്ചിരുന്നു, ഉടന്‍ ചക്കിയുടെ അരങ്ങേറ്റമുണ്ടാകും: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th January 2023, 1:42 pm

അനൂപ് സത്യന്‍ സംവിധാനം ചെയ്ത് 2019ല്‍ തിയേറ്ററിലെത്തിയ സിനിമയായിരുന്നു വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. എന്നാല്‍ കല്യാണി ചെയ്ത നിഖിത എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം വിളിച്ചത് തന്റെ മകള്‍ മാളവികയെ ആണെന്ന് പറയുകയാണ് നടന്‍ ജയറാം.

ചെന്നൈയിലെ തന്റെ വീട്ടില്‍ വന്ന് ചക്കിയോട് കഥ പറഞ്ഞിരുന്നെന്നും സിനിമയിലേക്ക് വരാന്‍ മാനസികമായി റെഡിയായിട്ടില്ല എന്നും പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നെന്നും ജയറാം പറഞ്ഞു. പല ഭാഷകളിലായി സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ടെന്നും ഉടന്‍ തന്നെ സിനിമയിലേക്കുള്ള മാളവികയുടെ അരങ്ങേറ്റം നടക്കുമെന്നും ജയറാം പറഞ്ഞു. മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

‘അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലേക്ക് ആദ്യം വിളി വന്നത് ചക്കിക്കായിരുന്നു. അനൂപ് ചെന്നൈയില്‍ വന്ന് ചക്കിയോട് കഥ പറയുകയും ചെയ്തിരുന്നു. അന്ന് ചക്കിക്ക് കഥ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ സിനിമ ചെയ്യാന്‍ മാനസികമായി റെഡിയായിട്ടില്ലെന്ന് പറഞ്ഞ് ചക്കി തന്നെ സിനിമ ഒഴിവാക്കി.

ആ വേഷമാണ് പിന്നെ കല്യാണി ചെയ്തത്. അതുപോലെ തന്നെ തന്റെ ഒരു സിനിമയില്‍ അഭിനയിക്കാമോ എന്ന് ജയം രവിയും ചക്കിയോട് ചോദിച്ചിരുന്നു. അവര്‍ക്കൊക്കെ ചക്കിയെ ചെറുപ്പം മുതലെ അറിയാമായിരുന്നു. അടുത്തിടെയും ജയം രവി വിളിച്ചിരുന്നു. ഇപ്പോള്‍ തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി കഥകള്‍ കേള്‍ക്കുന്നുണ്ട്.

ഉടനെ തന്നെ ഏതെങ്കിലും സിനിമ ഫിക്‌സ് ചെയ്യുമായിരിക്കും. വൈകാതെ തന്നെ മിക്കവാറും സിനിമയിലേക്ക് ചക്കിയുടെ അരങ്ങേറ്റം ഉണ്ടാകും,’ ജയറം പറഞ്ഞു.

അടുത്തിടെ ഒരു തമിഴ് മ്യൂസിക് വീഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റര്‍ നടത്തിയ അഭിനയക്കളരിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ അടുത്തിടെ മാളവിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

 

content highlight: actor jayaram talks about malavika jayaram