ഇന്നത്തെ കോമഡികളില്‍ മാറ്റമുണ്ട്, അശ്ലീല ഡയലോഗ് പറയാന്‍ സംവിധായകന്‍ പറഞ്ഞപ്പോള്‍ അതില്‍ നിന്ന് പിന്മാറി: ഹരിശ്രീ അശോകന്‍
Entertainment news
ഇന്നത്തെ കോമഡികളില്‍ മാറ്റമുണ്ട്, അശ്ലീല ഡയലോഗ് പറയാന്‍ സംവിധായകന്‍ പറഞ്ഞപ്പോള്‍ അതില്‍ നിന്ന് പിന്മാറി: ഹരിശ്രീ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th November 2022, 11:15 pm

മലയാളത്തിലെ മികച്ച ഹാസ്യതാരമാണ് ഹരിശ്രീ അശോകന്‍. കോമഡി വേഷങ്ങളില്‍ നിന്നും മാറി ഇന്ന് പല സീരിയസ് റോളുകളിലും അദ്ദേഹത്തിനെ കാണാന്‍ സാധിക്കുന്നുണ്ട്. ഒരു സിനിമയില്‍ അശ്ശീല ഡയലോഗ് പറയാന്‍ പറഞ്ഞപ്പോള്‍ അതില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് പറയുകയാണ് താരം. കൂടാതെ അടുത്ത കാലത്തായി കൂടുതല്‍ സീരിയസ് റോളുകള്‍ ചെയ്യുന്നതിനേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇപ്പോള്‍ കോമഡി പടങ്ങള്‍ ഉണ്ടോ. പണ്ട് ഞാന്‍ ഒക്കെ സജീവമായ കാലത്തെ പോലെ അല്ല ഇന്നത്തെ സിനിമകള്‍. മൂന്ന് സിനിമകളുടെ കഥ എന്നോട് പറഞ്ഞു. പക്ഷേ എനിക്ക് ഇഷ്ടമായില്ല. ഒരു സിനിമ എന്ന നിലയില്‍ അതിലെ കഥാപാത്രങ്ങളും കഥയും എനിക്ക് ഇഷ്ടമായില്ല.

കോമഡി എനിക്ക് അത്രയും ഇഷ്ടമുള്ളതാണ്. സീരിയസ് വേഷങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ടെന്ന് വെച്ച് കോമഡി ഞാന്‍ ചെയ്യാതിരിക്കില്ല. നല്ല കോമഡികള്‍ വന്നാല്‍ ഞാന്‍ ചെയ്യും. എന്റെ അടുത്ത് വന്ന കഥകള്‍ എനിക്ക് ഇഷ്ടമാവാത്തത് കൊണ്ടാണ് ഒഴിവാക്കിയത്. കോമഡിയില്‍ നിന്നും ഞാന്‍ മനപൂര്‍വ്വം മാറിയതല്ല.

തെങ്ങില്‍ കേറുന്ന ആള്‍ക്ക് അതില്‍ മാത്രമേ കേറാവൂ എന്നില്ലാലോ. കവുങ്ങിലും കേറാലോ. നമുക്ക് കാശി കിട്ടിയാല്‍ തെങ്ങിലും കേറും കവുങ്ങിലും കേറും. പണ്ട് ഞാന്‍ ഓടി നടന്ന് സിനിമകള്‍ ചെയ്യാറുണ്ടായിരുന്നു. ഇന്ന് അങ്ങനെ ചെയ്യുന്നില്ല. പണ്ട് ഞാന്‍ ഒരു ദിവസം മൂന്ന് സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇന്ന് അതിന് പറ്റുന്നില്ല.

അടുത്തകാലത്തായി കുറച്ചെങ്കിലും കോമഡിയുള്ള കഥാപാത്രത്തെ ഞാന്‍ ചെയ്തത് ‘പ്രിയന്‍ ഓട്ടത്തി’ലാണ്. പഞ്ചാബി ഹൗസിലെ രമണന്‍ ശരിക്ക് കോമഡിയല്ല. ആ കഥാപാത്രം ചെയ്യുന്നതാണ് ആളുകള്‍ക്ക് കോമഡിയായിട്ട് തോന്നുന്നത്. അത് ശരിക്കും ആ കഥാപാത്രത്തിന്റെ സ്വഭാവമാണ്.

പണ്ടത്തെ ബഹളന്‍ കോമഡികള്‍ ഇന്നില്ല. സിമ്പിളായ കോമഡികളാണ് ഇന്നുള്ളത്. വളരെ നാച്ചുറലായിട്ടാണ് ഇന്നത്തെ കോമഡികള്‍ ഉള്ളത്. കാലഘട്ടത്തിന് അനുസരിച്ച് ഇന്നത്തെ കോമഡികളില്‍ മാറ്റമുണ്ട്. ഒരിക്കല്‍ എന്നോട് ഒരു സംവിധായകന്‍ അശ്ലീല കോമഡി പറയാന്‍ പറഞ്ഞിരുന്നു. അത് വേണോ ഒഴിവാക്കിക്കൂടെയെന്ന് ഞാന്‍ ചോദിച്ചു. അതിന്റെ ഫലമായി അത് മാറ്റി,” ഹരിശ്രീ അശോകന്‍ പറഞ്ഞു.

അതേസമയം, ഹാസ്യമാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ജപ്പാന്‍ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

content highlight: actor harisree ashokan about his comedy roles