ഉണ്ണി മുകുന്ദന്റെ നായികയാവാന്‍ ആ പ്രമുഖ നടി സമ്മതിച്ചില്ല, മുഴുനീള കഥാപാത്രത്തിനായി മറ്റൊരു നടിയെ സമീപിച്ചപ്പോഴും മറുപടി ഇതായിരുന്നു: അനൂപ് പന്തളം
Entertainment news
ഉണ്ണി മുകുന്ദന്റെ നായികയാവാന്‍ ആ പ്രമുഖ നടി സമ്മതിച്ചില്ല, മുഴുനീള കഥാപാത്രത്തിനായി മറ്റൊരു നടിയെ സമീപിച്ചപ്പോഴും മറുപടി ഇതായിരുന്നു: അനൂപ് പന്തളം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th November 2022, 10:47 pm

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. പ്രാങ്ക് വീഡിയോസ് ചെയ്ത് ശ്രദ്ധേയനായ അനൂപ് പന്തളമാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയാവാനായി ഒരു നടിയെ വിളിച്ചിട്ട് അവര്‍ പിന്മാറിയതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ അനൂപ് പന്തളം.

താനും ഉണ്ണി മുകുന്ദനും നടിയെ മാറി മാറി വിളിച്ചിട്ടും അഭിനയിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് ഇക്കാര്യം പറഞ്ഞത്.

”സിനിമക്ക് നായികയായിട്ട് ഉണ്ണി ഒരാളെ സജസ്റ്റ് ചെയ്തിരുന്നു. കുറേ പ്രോവശ്യം അവരെ വിളിച്ചു. വലിയ കാര്യത്തില്‍ ഉണ്ണി മുകുന്ദന്‍ അവരെ വിളിച്ചു പറയുക വരെ ചെയ്തു. എന്നോടും ഉണ്ണി അവരെക്കുറിച്ച് സംസാരിച്ചിരുന്നു. ഞാന്‍ ഇതിന് മുമ്പ് അവരെ ഒന്ന് പ്രാങ്ക് ചെയ്തിരുന്നു.

 

ആദ്യം ഞാന്‍ വിളിച്ച് സംസാരിച്ചു. കഥ പറയാന്‍ വിളിക്കുകയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിട്ടും കൂടിയാണെന്നൊക്കെ അവരോട് പറഞ്ഞു. ആദ്യമേ നടി ചിരിക്കുകയാണ്. കുറേ നേരം ചിരിച്ച് കൊണ്ടേ ഇരുന്നു. ചേട്ടാ എനിക്ക് അറിയാം പ്രാങ്കല്ലെ എന്നൊക്കെ പറഞ്ഞു.

അത് കഴിഞ്ഞിട്ട് ഉണ്ണിയുടെ പ്രൊഡക്ഷനില്‍ നിന്നും വിപിന്‍ വിളിച്ചു. എന്നിട്ട് ഒന്നും ഒരു രക്ഷയുമില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും വിളിച്ചു. ഇതാണ് എന്റെ സിനിമയുടെ കഥ,  ഉണ്ണി ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് ഷെഫീക്ക് എന്നാണ്. കഥാപാത്രത്തിന് മൂലക്കുരുവാണ് എന്നൊക്കെ ഞാന്‍ പറയാന്‍ തുടങ്ങി. അതും കൂടെ കേള്‍ക്കുമ്പോഴേക്കും ആ നടി ചിരിയാണ്.

അവരെയും കുറ്റം പറയാന്‍ പറ്റില്ല. ആരായാലും പ്രാങ്കാണെന്ന് സംശയിച്ച് പോകും. ആ നടി എന്ത് ചിരിയായിരുന്നുവെന്നോ എന്നിട്ട് ആ കഥാപാത്രം അവര്‍ ചെയ്തില്ല. എന്ത് അവസ്ഥയാണെന്ന് നോക്കണം. രണ്ടാമത് സഞ്ജു എന്‍. ലക്ഷ്മി എന്നൊരു കുട്ടിയെ വിളിച്ചു.

സിനിമയില്‍ ഉടനീളമുള്ള സിസ്റ്ററുടെ കഥാപാത്രം ചെയ്യാന്‍ അവരെ വിളിച്ചു. അവരും സിനിമയില്‍ ചെയ്തില്ല. പിന്നീട് എന്നോട് അതിനെക്കുറിച്ച് സംസാരിച്ചു. ചേട്ടാ പ്രാങ്കാണെന്ന് കരുതി എന്നൊക്കെ പറഞ്ഞു,” അനൂപ് പറഞ്ഞു.

മനോജ് കെ. ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ഷെഫീക്കിന്റെ സന്തോഷത്തില്‍ മറ്റ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം.

content highlight: director anoop panthalam said that The famous actress did not agree to play the heroine of Unni Mukundan