'വിവാദമാക്കേണ്ടതില്ല, ആളുകളിതൊക്കെ കേള്‍ക്കും, ആസ്വദിക്കും'; ഹിമന്തയുടെ സദ്ദാം ഹുസൈന്‍ പരാമര്‍ശത്തെ ന്യായീകരിച്ച് അമിത് ഷാ
national news
'വിവാദമാക്കേണ്ടതില്ല, ആളുകളിതൊക്കെ കേള്‍ക്കും, ആസ്വദിക്കും'; ഹിമന്തയുടെ സദ്ദാം ഹുസൈന്‍ പരാമര്‍ശത്തെ ന്യായീകരിച്ച് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th November 2022, 9:17 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള അസം മുഖ്യമന്തി ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

രാഹുല്‍ ഗാന്ധി സദ്ദാം ഹുസൈനോട് ഉപമിച്ചുകൊണ്ടുള്ള ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശം കാര്യമാക്കി നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന് അമിത് ഷാ പറഞ്ഞു.

‘ഇത്തരം കാര്യങ്ങള്‍ വിവാദമാക്കി നീട്ടിക്കൊണ്ടുപോകരുത്. എപ്പോഴെല്ലാം തെരഞ്ഞടുപ്പ് നടക്കുമ്പോഴും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ട്. ആളുകള്‍ ഇതൊക്കെ കേള്‍ക്കും, ആസ്വദിക്കും. ഇതിന്റെ അടിസ്ഥാനത്തിലൊന്നും വോട്ടുകള്‍ക്ക് മാറ്റമൊന്നും വരില്ല. തെരഞ്ഞെടുപ്പില്‍ ഇതൊക്കെ സാധാരണമാണ്,’ അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയെ കാണാനിപ്പോള്‍ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെപ്പോലെയുണ്ടെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ പൊതു റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു പരാമര്‍ശം.

അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ജോഡോ യാത്രയുടെ ഭാഗമായി പര്യടനം നടത്തില്ലെന്ന് രാഹുല്‍ തീരുമാനിച്ചിരുന്നുവെന്നും, തെരഞ്ഞടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലുടെ യാത്ര നടത്തുന്നത് തോല്‍വി പേടിച്ചാണെന്നും ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു.

ഹിമന്ത ബിശ്വ ശര്‍മയുടെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തിയിരുന്നു.

‘ഞാനദ്ദേഹത്തിന്റെ അധിക്ഷേപ പരാമര്‍ശങ്ങളെ തള്ളിക്കളയുകയാണ്. പൊതു സ്ഥലത്ത് സംസാരിക്കുമ്പോള്‍ കുറച്ചുകൂടി മാന്യത പുലര്‍ത്തേണ്ടതുണ്ട്. അസം മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിലകുറഞ്ഞ പരിഹാസമായാണ് ഞാന്‍ കാണുന്നത്,’ എന്നാണ് മനീഷ് തിവാരി പറഞ്ഞത്.

ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശം:

‘രാഹുലിന്റെ രൂപം മാറിയതായി ഞാന്‍ കണ്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ടി.വി അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ പുതിയ കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ മാറ്റം സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയോ, ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെയോ, മഹാത്മാ ഗാന്ധിയെപ്പോലെയോ ആയാല്‍ നല്ലതായിരുന്നു.

പക്ഷേ, അയാളുടെ മുഖമിപ്പോള്‍ സദ്ദാം ഹുസൈനെപ്പോലെയാണ് മാറിയത്. കാരണം കോണ്‍ഗ്രസ് സംസ്‌കാരം ഇന്ത്യന്‍ ജനതയോട് ചേര്‍ന്ന് നില്‍ക്കുന്നതല്ല, അവരെപ്പോഴും ഇന്ത്യക്കാര്‍ക്ക് ഒരിക്കലും മനസിലാക്കാനാവാത്ത ആളുകളോടാണ് അടുക്കുന്നത്.’

Content Highlight: Such things shouldn’t be stretched: Amit Shah on Himanta Biswa Sarma’s Saddam remark against Rahul Gandhi