കിസ്സിങ് സീനില്‍ അഭിനയിച്ചതുകൊണ്ടാണോ ദുര്‍ഗയ്ക്ക് അവാര്‍ഡ് കിട്ടിയതെന്ന് മാധ്യമപ്രവര്‍ത്തകന്‍; ഗംഭീരമായി അഭിനയിച്ചതുകൊണ്ടാണെന്ന് ധ്യാനിന്റെ മറുപടി
Movie Day
കിസ്സിങ് സീനില്‍ അഭിനയിച്ചതുകൊണ്ടാണോ ദുര്‍ഗയ്ക്ക് അവാര്‍ഡ് കിട്ടിയതെന്ന് മാധ്യമപ്രവര്‍ത്തകന്‍; ഗംഭീരമായി അഭിനയിച്ചതുകൊണ്ടാണെന്ന് ധ്യാനിന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th August 2022, 1:35 pm

ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ധ്യാന്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗോകുല്‍ സുരേഷും ധ്യാനും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു.

വാര്‍ത്താസമ്മേളനത്തിനിടെ ഉടല്‍ സിനിമയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങളും ചിത്രത്തിലെ കിസ്സിങ് സീനിനെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു.

ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോഴും എന്തുകൊണ്ട് ധ്യാനിന് പുരസ്‌കാരം ലഭിച്ചില്ലെന്നായിരുന്നു ഒരു ചോദ്യം. നായികയായ ദുര്‍ഗ കൃഷ്ണയ്ക്ക് പുരസ്‌കാരം ലഭിച്ചത് കിസ്സിങ് രംഗത്തില്‍ അഭിനയിച്ചതുകൊണ്ടാണോ എന്നുവരെ ചോദ്യം വന്നു.

ഇതിന് ധ്യാന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ദുര്‍ഗയ്ക്ക് പുരസ്‌കാരം കിട്ടിയത് അവര്‍ ഗംഭീരമായി അഭിനയിച്ചതുകൊണ്ടാണെന്നും അല്ലാതെ ഇതില്‍ എന്താണ് താന്‍ പറയേണ്ടത് എന്നുമായിരുന്നു ധ്യാനിന്റെ ചോദ്യം.

കിസ്സ് ചെയ്തതിനാണോ നായികയ്ക്ക് പുരസ്‌കാരം ലഭിച്ചതെന്ന ചോദ്യത്തിന് അങ്ങനെയാണെങ്കില്‍ കിസ്സ് ചെയ്ത തനിക്ക് അവാര്‍ഡ് ലഭിച്ചില്ലല്ലോ എന്നും ധ്യാന്‍ ചോദിച്ചു.

കിസ്സിങ് സീന്‍ ചെയ്യാന്‍ രണ്ടാള്‍ വേണമല്ലോ. ഒരാള്‍ക്കേ അവാര്‍ഡ് കൊടുത്തുള്ളൂ. ചിലപ്പോള്‍ കൂടുതല്‍ ഇന്‍വോള്‍വ്ഡ് ആയി അവള്‍ ചെയ്തതുകൊണ്ടാവണം, എന്നായിരുന്നു ചോദ്യമുയര്‍ത്തിയ ആളെ കൊട്ടിക്കൊണ്ടുള്ള ധ്യാനിന്റെ മറുപടി.

ഇനിയുള്ള സിനിമകളിലും ലിപ് ലോക് സീനുകളില്‍ അഭിനയിക്കുമോ എന്നുള്ള ചോദ്യങ്ങളായിരുന്നു തുടര്‍ന്ന് ധ്യാനിന് നേരെ വന്നത്.

അവാര്‍ഡ് കിട്ടാത്തതില്‍ വിഷമം ഉണ്ടോ എന്ന ചോദ്യത്തിനും ധ്യാന്‍ മറുപടി പറഞ്ഞു. അത്തരത്തില്‍ ഒരു വിഷമവും ഇല്ല. ആ സിനിമ യഥാര്‍ത്ഥത്തില്‍ ഇന്ദ്രന്‍സേട്ടന്റേയും ദുര്‍ഗയുടേയും സിനിമയാണ്. ഞാന്‍ സപ്പോര്‍ട്ടിങ് ആക്ടറാണ്. ഇന്ദ്രന്‍സേട്ടനാണ് ലീഡ്. ഷൈനിയുടേയും കുട്ടിച്ചായന്റേയും സിനിമയാണ് അത്. ഞാന്‍ സപ്പോര്‍ട്ടിങ് താരമാണ്. ആ സിനിമയില്‍ അവള്‍ ഗംഭീരമായി അഭിനയിച്ചതുകൊണ്ടാണ് അവാര്‍ഡ് കിട്ടിയത്. അല്ലാതെ ഞാനിപ്പോള്‍ എന്ത് പറയാനാണ്, ധ്യാന്‍ ചോദിച്ചു.

Content Highlight: Actor Dhyan Sreenivasan about Durga Krishna Liplock scene on Udal and Award