ആ ഓടുന്ന ഓട്ടത്തിനിടയ്ക്ക് ഒരു പെണ്ണ് പരിചയപ്പെടാന്‍ വന്നു, ഇപ്പോ സമയമില്ല ഇന്‍സ്റ്റയില്‍ മെസ്സേജ് അയക്കെന്ന് പറഞ്ഞു; കിടിലന്‍ തഗ്ഗുമായി ഷൈന്‍ ടോം
Movie Day
ആ ഓടുന്ന ഓട്ടത്തിനിടയ്ക്ക് ഒരു പെണ്ണ് പരിചയപ്പെടാന്‍ വന്നു, ഇപ്പോ സമയമില്ല ഇന്‍സ്റ്റയില്‍ മെസ്സേജ് അയക്കെന്ന് പറഞ്ഞു; കിടിലന്‍ തഗ്ഗുമായി ഷൈന്‍ ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th August 2022, 12:00 pm

തിയേറ്ററില്‍ നിന്ന് മാധ്യമങ്ങളെ പേടിച്ചോടിയ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു. ഷൈന്‍ ടോം ഓടുന്നത് കണ്ടിട്ടും ചില മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിടാതെ പിറകെ ഓടുകയായിരുന്നു.

ഷൈന്‍ ടോമിന്റെ മുന്‍ അഭിമുഖങ്ങളൊക്കെ വലിയ രീതിയില്‍ വിവാദമാകുകയും വൈറലാവുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയായിരുന്നു വീണ്ടും ഷൈന്‍ ടോമിന്റെ പ്രതികരണം കിട്ടാനുള്ള മാധ്യമങ്ങളുടെ നെട്ടോട്ടം.

അന്നത്തെ ഓട്ടത്തെ കുറിച്ച് ഷൈന്‍ ടോം അടുത്തിടെ വിശദീകരിച്ചിരുന്നു. തല്ലുമാലയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു വിവാദ ഓട്ടത്തെ കുറിച്ച് താരം സംസാരിച്ചത്. അന്നത്തെ ഓട്ടത്തിനിടെയുണ്ടായ ഒരു രസകരമായ സംഭവം ഷൈന്‍ പറയുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ഓടുന്ന ഓട്ടത്തിനിടയ്ക്ക് ഒരു പെണ്‍കുട്ടി തന്നെ പരിചയപ്പെടാന്‍ വന്ന കഥയാണ് ഷൈന്‍ പങ്കുവെച്ചത്. ഇത് കേട്ട് അഭിമുഖത്തില്‍ പങ്കെടുത്ത ടൊവിനോ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഓടുന്ന ഓട്ടത്തിനിടെ ഒരു പെണ്ണ് പരിചയപ്പെടാന്‍ വന്നെന്നും ഇപ്പോള്‍ സമയമില്ല ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയക്കെന്നും പറഞ്ഞ് താന്‍ വീണ്ടും ഓടുകയായിരുന്നെന്നുമാണ് ഷൈന്‍ പറയുന്നത്.

‘പറഞ്ഞാ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലല്ലോ.. ഓടണം. ഓടി ഒളിക്കാനൊന്നുമല്ല, രക്ഷപ്പെടാനാണ് ഓടിയത്. ആദ്യം തിയേറ്ററില്‍ ഒരു റൗണ്ട് ഓടി. ഇവരൊക്കെ കൂടെ ഓടി. ഓട്ടം കൂടുന്തോറും ആള്‍ക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങി.

അപ്പോ ഞാന്‍ സ്‌ക്രീനിന്റെ ഉള്ളില്‍ കയറി ഇരുന്നു. അവിടെ സിനിമ നടക്കുകയാണ്. അപ്പോള്‍ ഷൂട്ട് ചെയ്യാന്‍ പറ്റില്ലല്ലോ. എല്ലാവരും കിതപ്പിലാണ്. അങ്ങനെ എന്റെ കിതപ്പ് മാറിയപ്പൊ ഞാന്‍ അവിടെ നിന്നും ഓടി. അപ്പൊഴാണ് ആ ഗ്രില്ലിന്റെ ഉള്ളില്‍ പെടുന്നത്. അപ്പോള്‍ ഞാന്‍ വിചാരിച്ചു അവരോട് സംസാരിക്കാമെന്ന്. പിന്നെ ഓര്‍ത്തു വേണ്ട. അങ്ങനെ വീണ്ടും ആ വയ്യാത്ത കാലും വെച്ച് ഓടി.

വയ്യാത്ത കാലും വെച്ച് ഒരാളെ ഓടിപ്പിക്കുന്നതല്ല പ്രശ്‌നം, ഞാന്‍ ഓടുന്നതാണ്. ആലോചിച്ചു നോക്കണം. അതിനിടയ്ക്ക് അവിടെ ഒരു പെണ്‍കൊച്ച് പരിചയപ്പെടാന്‍ വന്നു. പരിചയപ്പെടാന്‍ സമയമില്ല ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയക്കെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ തിയേറ്ററിന്റെ പുറത്തെത്തിയപ്പോഴേക്ക് പിന്നെ വെറും രണ്ട് പേര്‍ മാത്രമായി. പിന്നെ ഞാന്‍ റോട്ടിലെത്തി നടക്കുകയാണ്. ഷൈന്‍ ചേട്ടാ, നില്‍ക്ക് ഷൈന്‍ ചേട്ടാ എന്ന് കേട്ട് ഞാന്‍ നോക്കുമ്പോള്‍ ഒരാളേ ഉള്ളൂ, ഷൈന്‍ പറഞ്ഞു.

വയ്യാത്ത ആ കാലുവെച്ച് ഷൈന്‍ ചേട്ടന്‍ ഓടുന്ന വീഡിയോ താനും കണ്ടിരുന്നെന്നും ആദ്യത്തെ ഓട്ടത്തില്‍ തന്നെ ഇവരുടെ ക്രൂ അവിടെ വണ്ടിയുമായി വന്നിരുന്നെങ്കില്‍ ഷൈന്‍ ചേട്ടന് അതില്‍ കയറി പോകാമായിരുന്നെന്നുമായിരുന്നു ഇതോടെ ടൊവിനോ പറഞ്ഞത്. പുള്ളി കൂട്ടില്‍ അകപ്പെട്ടപ്പോള്‍ എനിക്ക് അയ്യോടാ ഇനി എന്ത് ചെയ്യുമെന്ന് തോന്നി. പെട്ടെന്ന് ഒരു പെണ്‍കുട്ടി വരുന്നു. പുള്ളി എന്തോ ആ കുട്ടിയോട് പറയുന്നു.

എനിക്ക് മാധ്യമങ്ങളോട് ചോദിക്കാനുള്ളത് എന്തുകൊണ്ട് ഇദ്ദേഹത്തിന്റെ പ്രൈവസി റെസ്‌പെക്ട് ചെയ്തൂടാ എന്നാണ്. പുള്ളി പോയെങ്കില്‍ വേറെ ആരുടേയെങ്കിലും കമന്റ് എടുക്കാലോ, പിറകെ ഓടിപ്പോകേണ്ട കാര്യമില്ലല്ലോ? ടൊവിനോ ചോദിച്ചു.

തല്ലുമാലയിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മുഹ്സിന്‍ പരാരിയാണ്.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്.

ടൊവിനോ കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാനകഥാപാത്രമാകുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Shine Tom Chacko about his running controversy and a fan girl moment