ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്ന് മലയാള സിനിമയുടെ കുലപതിയിലേക്ക്; മമ്മൂട്ടിയുടെ 51 വര്‍ഷങ്ങള്‍ ആഘോഷമാക്കി ആരാധകര്‍
Entertainment news
ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്ന് മലയാള സിനിമയുടെ കുലപതിയിലേക്ക്; മമ്മൂട്ടിയുടെ 51 വര്‍ഷങ്ങള്‍ ആഘോഷമാക്കി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th August 2022, 12:25 pm

1971ല്‍ പുറത്തുവന്ന അനുഭവങ്ങള്‍ പാളിച്ചകളിലൂടെ മലയാള സിനിമയിലേക്ക് മമ്മൂട്ടി കടന്നു വന്നിട്ട് 51 വര്‍ഷം. നടന്റെ അഭിനയ ജീവിതത്തിന്റെ 51-ാം വാര്‍ഷികം ആഘോഷമാക്കുകയാണ് ആരാധകര്‍.

സോഷ്യല്‍ മീഡിയയില്‍ കോമണ്‍ ഡി.പി പുറത്തിറക്കിയും, മാഷപ്പ് വീഡിയോകളുമൊക്കെയായിട്ടാണ് മമ്മൂട്ടിയുടെ 51 വര്‍ഷങ്ങള്‍ ആരാധകര്‍ ആഘോഷിക്കുന്നത്.

അഭിനയകുലപതിയുടെ 51 വര്‍ഷങ്ങള്‍, എന്നും മമ്മൂട്ടി എന്ന നടന്‍ ഓരോ സിനിമാ പ്രേമികളെയും വിസ്മയിപ്പിക്കുന്നു എന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്.

ട്വിറ്ററില്‍ ’51 ഇയേഴ്‌സ് ഓഫ് മമ്മൂട്ടിസം’ എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ് ആണ്. മറ്റ് നടന്മാര്‍ മമ്മൂട്ടിയെ കുറിച്ച് പല വേദികളില്‍ പറഞ്ഞ കാര്യങ്ങളും ക്ലിപ്പുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ആറ് തലമുറകളെ വിസ്മയിപ്പിച്ച നടന്‍ ഇനിയും വരും തലമുറകളെ വിസ്മയിപ്പിക്കാന്‍ സാധിക്കട്ടെ എന്നാണ് ആരാധകര്‍ കുറിക്കുന്നത്.

‘ഒരുപാട് വീഴ്ചകളും താഴ്ചകളും അതിജീവിച്ചു തന്നിലെ പ്രതിഭയെ നിരന്തരം പരീക്ഷിച്ച് അഞ്ച് പതിറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പെടുത്ത സാമ്രാജ്യം. പകരം വെക്കാന്‍ ഇല്ലാത്ത മഹാപ്രതിഭ സിനിമയിലെത്തിട്ട് 51വര്‍ഷങ്ങള്‍’, ‘അഭിനയത്തോട് അടങ്ങാത്ത ആര്‍ത്തിയുള്ള മനുഷ്യന്റെ തിരശീലയിലെ 51 വര്‍ഷങ്ങള്‍’, ’51 വര്‍ഷം, 400ന് മുകളില്‍ സിനിമകള്‍, ആറ് തലമുറകളെ അത്ഭുതപ്പെടുത്തിയ വിസ്മയം’,’ എന്നും ആരാധകര്‍ കുറിക്കുന്നുണ്ട്.

അതേസമയം ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് മമ്മൂട്ടിയിപ്പോള്‍. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.

Content Highlight: Mamootty completes 51 yeasr in malayalam cinema and fans celebrates it