അച്ഛന്റെ അഡ്രസില്‍ ഇന്നേ വരെ എവിടേയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ല; ബിനു പപ്പു പറയുന്നു
Malayalam Cinema
അച്ഛന്റെ അഡ്രസില്‍ ഇന്നേ വരെ എവിടേയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ല; ബിനു പപ്പു പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th April 2021, 3:02 pm

സഖാവ്, പുത്തന്‍പണം, റാണി പത്മിനി, രൗദ്രം, ഗപ്പി, ഹെലന്‍, ഹലാല്‍ ലൗ സ്റ്റോറി തുടങ്ങി ഓപ്പറേഷന്‍ ജാവയില്‍ എത്തിനില്‍ക്കുകയാണ് ബിനു പപ്പുവിന്റെ സിനിമാ കരിയര്‍. ചെറുതാണെങ്കിലും വ്യത്യസ്തമായ വേഷങ്ങളാണ് ഈ ചിത്രങ്ങളിലെല്ലാം ബിനു അവതരിപ്പിച്ചത്.

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ ബിനു ഒരിക്കലും താന്‍ ഒരു നടന്‍ ആകുമെന്ന് കരുതിയിരുന്നില്ല. സിനിമ ഇഷ്ടമായിരുന്നെങ്കിലും സിനിമയുടെ സാങ്കേതിക പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനായിരുന്നു ബിനുവിന് തുടക്കത്തില്‍ താത്പത്യം. പിന്നീടാണ് അത് നടനിലേക്ക് വഴിമാറുന്നത്.

വരൂ, ഒന്നഭിനയിച്ചിട്ടു പോകൂ, പപ്പുവിന്റെ മകനല്ലേ എന്ന സ്‌നേഹത്തോടെയാണ് എല്ലാവരും വിളിക്കുന്നത് എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഒരു സംവിധായകന്‍, തിരക്കഥാകൃത്ത് നമുക്കായൊരു വേഷം നീക്കിവെക്കുന്നുണ്ടെങ്കില്‍ അതിന് വ്യക്തമായ ഒരു ന്യായവും ഉള്‍ക്കാഴ്ചയും അവര്‍ക്കുണ്ടാകുമെന്നും ബിനു സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ അച്ഛന്റെ അഡ്രസില്‍ ഇന്നേവരെ എവിടേയും കയറിപ്പറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ചവരെ കാണുമ്പോള്‍ അവര്‍ സ്‌നേഹത്തോടെ പെരുമാറാറുണ്ട്. മമ്മൂക്കയൊക്കെ ആ സ്‌നേഹം പ്രകടിപ്പിച്ചത് അനുഭവിച്ചപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്. അച്ഛന്റെ കാലത്തുള്ളവര്‍ പപ്പുച്ചേട്ടന്റെ മകന്‍ എന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അദ്ദേഹത്തിനോടൊപ്പം അഭിനയിച്ചവരുടെ മക്കള്‍ പപ്പുവിന്റെ മകന്‍ എന്ന നിലയില്‍ നല്ല സൗഹൃദവും തരാറുണ്ട്.

എന്നാല്‍ അച്ഛന്റെ മകനല്ലേ ഇരിക്കട്ടെ എന്ന് പരിഗണിച്ചല്ല ആരും വേഷം തരുന്നത്. അങ്ങനെയുള്ള വേഷത്തില്‍ എനിക്കൊട്ട് താത്പര്യവുമില്ല. കാരണം എല്ലാ മേഖലയും പോലെയല്ല സിനിമ. നമ്മള്‍ ആ അഡ്രസില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചാല്‍ ഒന്നോ രണ്ടോ തവണ ആളുകള്‍ ക്ഷമിക്കും. പിന്നെ പണിയറിയാത്തവനേയും കൊണ്ടുള്ള അധിക ബാധ്യത സ്വയം ഏറ്റെടുത്തതുപോലെയാവും.

അത് അച്ഛന്റെ ക്രഡിബിലിറ്റിയെയാണ് ബാധിക്കുക. അദ്ദേഹത്തിന്റെ പേരിന് ഒരു കോട്ടവും തട്ടാന്‍ പാടില്ല. അതുകൊണ്ട് എന്റെ അഭിനയവും സിനിമയോടുള്ള ആത്മാര്‍ത്ഥതയും ബോധ്യപ്പെടുന്നവര്‍ വിളിക്കും. അവരോട് ഞാന്‍ സഹകരിക്കും’, ബിനു പപ്പു പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Binu Pappu About His Films