അവന്‍ കറുപ്പാണ്; കറുത്തവനെ കറുത്തവന്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്; കുമാരസ്വാമിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് എം.എല്‍.എ
India
അവന്‍ കറുപ്പാണ്; കറുത്തവനെ കറുത്തവന്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്; കുമാരസ്വാമിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th April 2021, 1:24 pm

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയെ ”കാല കുമാരസ്വാമി” (കറുത്ത കുമാരസ്വാമി) എന്ന് വിളിച്ച് അധിക്ഷേപിച്ച് കോണ്‍ഗ്രസ് എം.എല്‍.എ സമീര്‍ അഹമ്മദ് ഖാന്‍.

മാര്‍ച്ച് 30 ന് ബിദാര്‍ ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേയായിരുന്നു കുമാസ്വാമിക്കെതിരെ ഇയാള്‍ പ്രസ്താവന നടത്തിയത്.

പ്രസ്താവനക്ക് പിന്നാലെ ബെംഗളൂരുവിലെ ജെ.ഡി.എസ് അംഗങ്ങള്‍ എം.എല്‍.എയ്ക്കെതിരെ പരാതി നല്‍കുകയും അദ്ദേഹത്തിന്റെ വീടിന് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

ഇതിന് പിന്നാലെ തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് എം.എല്‍.എ വീണ്ടും രംഗത്തെത്തി. കറുത്ത ആളെ കറുത്തവന്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കുകയെന്നായിരുന്നു എം.എല്‍.എ ചോദിച്ചത്.

‘ഇന്നലെ ജെ.ഡി.എസിലെ ചില പ്രവര്‍ത്തകര്‍ എന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. അവര്‍ പരാതിയും നല്‍കി. കുമാരസ്വാമി വെളുത്ത ഒരാളായിരുന്നു എങ്കില്‍ ഞാന്‍ അദ്ദേഹത്തെ കറുത്തവന്‍ അല്ലെങ്കില്‍ ഇരുണ്ടവന്‍ എന്ന് വിളിച്ചത് തെറ്റായേനെ.

അയാള്‍ ഇരുണ്ടതാണ്, ആളുകള്‍ എന്നെ പൊക്കം കുറഞ്ഞവന്‍ എന്ന് വിളിക്കുന്നു, ദൈവം നമ്മെ ഇതുപോലെയാക്കി. ദൈവം അദ്ദേഹത്തെ ഇരുണ്ടവനാക്കി. അദ്ദേഹം കറുത്തിട്ടാണ്. കറുപ്പിനെ കറുപ്പ് എന്ന് മാത്രമേ വിളിക്കൂ,’ എന്നായിരുന്നു എം.എല്‍.എ ആവര്‍ത്തിച്ചത്.

ഇതിന് പിന്നാലെ ജെ.ഡി.എസ് കോണ്‍ഗ്രസ് എം.എല്‍.എയ്ക്കെതിരെ ബെംഗളൂരു പൊലീസ് കമ്മീഷണര്‍ കമല്‍ പന്തിന് പരാതി നല്‍കി.

പാര്‍ട്ടി നേതാവ് എച്ച്.ഡി കുമാരസ്വാമിക്കെതിരെ വംശീയ പരാമര്‍ശം നടത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

എം.എല്‍.എയ്‌ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തിലെ സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നതാണെന്നും ജെ.ഡി.എസ് പരാതിയില്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Will call dark, dark only: Karnataka Congress MLA defends racist remark on HD Kumaraswamy