എസ്.ഐ ബെന്നിക്ക് അയാളുടെ നിറത്തില്‍ പ്രശ്‌നമുണ്ട്, അധികാരമില്ലാത്തതിന്റെ പ്രശ്‌നമുണ്ട്; ക്യാരക്ടര്‍ ബ്രീഫിങ്ങിനെ കുറിച്ച് ബിനു പപ്പു
Entertainment
എസ്.ഐ ബെന്നിക്ക് അയാളുടെ നിറത്തില്‍ പ്രശ്‌നമുണ്ട്, അധികാരമില്ലാത്തതിന്റെ പ്രശ്‌നമുണ്ട്; ക്യാരക്ടര്‍ ബ്രീഫിങ്ങിനെ കുറിച്ച് ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 11:48 am

തുടരും സിനിമയിലെ ഏറ്റവും കോംപ്ലക്‌സ് ആയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ബിനു പപ്പു അവതരിപ്പിച്ച എസ്.ഐ ബെന്നി. വിവിധ ലെയറുകളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമാണ് ബെന്നിയുടേത്.

വളരെ ഈഗോയിസ്റ്റിക്കായ, ചെയ്യുന്നത് തെറ്റാണെന്ന് പൂര്‍ണ ബോധ്യമുള്ള, എന്നാല്‍ അതില്‍ നിന്ന് മാറാന്‍ കഴിയാത്ത ഒരു പൊലീസുദ്യോഗസ്ഥന്‍.

എസ്.ഐ ബെന്നിയെന്ന കഥാപാത്രത്തെ ചെയ്യുന്നതിന് മുന്‍പ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നിരുന്ന ബ്രീഫിങ്ങുകളെ കുറിച്ച് പറയുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിനു പപ്പു.

‘ഈ സിനിമ തുടങ്ങുമ്പോള്‍ നമുക്ക് നേരിട്ട് ജോര്‍ജിലേക്ക് പോകാന്‍ പറ്റില്ല. ജോര്‍ജ് മെല്ലെ സൈഡിലൂടെ വന്ന് കയറി പിന്നെ ജോര്‍ജ് ടേക്ക് ഓവര്‍ ചെയ്യുകയാണ്.

ബെന്നി അപ്പോഴേക്ക് പ്രേക്ഷകരെ വെറുപ്പിച്ചിരിക്കണം. തരുണ്‍ എല്ലായ്‌പ്പോഴും കഥാപാത്രത്തെ കുറിച്ച് നല്ല ബ്രീഫ് തരും. അത് ഭയങ്കര നല്ല കാര്യമാണ്.

ഞാന്‍ തുടരുമിന്റെ കോ ഡയറക്ടറാണ്. ഒരിക്കലും ഞാന്‍ എന്റെ കഥാപാത്രത്തെ ഇങ്ങനെ അഭിനയിക്കാമെന്ന് തീരുമാനിച്ചിട്ടില്ല. തരുണേ എന്താണ് ചെയ്യേണ്ടത് എന്ന് തന്നെയാണ് ചോദിക്കാറ്.

ബാക്കിയുള്ളവരുടെ കാര്യത്തില്‍ നമുക്ക് പറയാം. ബിനു ചേട്ടാ നോര്‍മലായി പിടിച്ചാല്‍ മതി എന്ന് തരുണ്‍ പറഞ്ഞിരുന്നു. അയാള്‍ ഈ പടത്തില്‍ ഒരു കോമഡി പീസാണോ എന്ന് തോന്നിക്കുന്ന തരത്തില്‍ തുടക്കത്തില്‍ ചില സീന്‍ കാണിക്കുന്നുണ്ട്.

ഇര്‍ഷാദിന്റെ കഥാപാത്രം അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടി ചുമയ്ക്കുമ്പോഴും ശബ്ദമുണ്ടാക്കുമ്പോഴും ബെന്നി അതിനേക്കാള്‍ ഉച്ചത്തില്‍ അതേ ശബ്ദം ഉണ്ടാക്കുന്നുണ്ട്. ഇയാള്‍ ഒരു മുരട് സ്വഭാവമുള്ളവനാണ് എന്ന് പ്രോര്‍ട്രെയ്റ്റ് ചെയ്യണമെന്ന് ഉണ്ടായിരുന്നു.

എന്നാല്‍ ഇയാള്‍ ശരിക്കും പെട്ടുപോകുന്നത് ജോര്‍ജ് ആ കാറെടുത്ത് ഷണ്മുഖന് കൊടുക്കുന്നതോടെയാണ്. ഇയാള്‍ക്ക് പിന്നെ അങ്ങോട്ട് ഒരു സന്തോഷവുമില്ല. ഫുള്‍ ടെന്‍ഷനിലാണ് യാത്ര ചെയ്യുന്നത്.

ഷൂട്ടില്‍ ആ ഒരു പോര്‍ഷന്‍ എത്തുമ്പോള്‍ തന്നെ തരുണ്‍ പറഞ്ഞിരുന്നു ഇനിയങ്ങോട്ട് ചിരി വേണ്ട, നല്ല ടെന്‍ഷന്‍ കേറിക്കോട്ടെ, എല്ലാം ഡിസ്‌റ്റേര്‍ബ് ചെയ്യട്ടേ, ഒന്നിലും ഒരു സമാധാനം വേണ്ട എന്ന്.

അത്രയും ലയേഴ്‌സ് ഉണ്ടായിരുന്നു. അത് കിട്ടുക എന്നത് പ്രധാനാണ്. പണിയെടുക്കാനുണ്ട്. നമ്മുടെ കോണ്‍ട്രിബ്യൂഷന്‍ തീര്‍ച്ചയായും ആ കഥാപാത്രത്തിന് വേണം, ആലോചിച്ചിട്ടേ ചെയ്യാവൂ എന്ന മൊമെന്റില്‍ എത്തുമ്പോള്‍ നമുക്കൊരു ഹൈ കിട്ടും. അത് അഭിനയിച്ച് ജനങ്ങള്‍ക്ക് ഇഷ്ടമായി എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.

പിന്നെ ബെന്നി എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞാല്‍ ഇയാള്‍ ഇടയ്ക്ക് നന്നാവുന്നുണ്ട്. അയാള്‍ ചിലത് തിരിച്ചറിയുന്നുണ്ട്. മാത്രമല്ല അയാള്‍ക്ക് ഒരുപാട് പ്രശ്‌നമുണ്ട്.

അയാള്‍ നല്ല ഈയോഗിസ്റ്റിക്കായ മനുഷ്യനാണ്. അയാളുടെ നിറത്തില്‍ ഈഗോയുണ്ട്, അധികരാവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ട്. അയാള്‍ക്ക് അധികാരമുണ്ടെങ്കിലും അയാളേക്കാള്‍ അധികാരമുള്ള ആള്‍ തൊട്ടടുത്തുണ്ട്.

ഞങ്ങള്‍ വേണമെങ്കില്‍ സി.ഐയെ കണ്ട് കാര്യം പറയാമെന്ന് ഇവര്‍ പറയുമ്പോള്‍ ഇയാള്‍ പറയുന്നുണ്ട് കാറ് പിടിച്ചത് ഞാനാണ് സി.ഐ ഇല്ലാത്തപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണെന്ന്.

അത്തരത്തില്‍ വലിയ ഈഗോയുണ്ട്. അധികാരം ഉപയോഗിക്കാന്‍ പറ്റുന്നില്ല. അധികാരമുള്ള ആളായി ജോര്‍ജ് നില്‍ക്കുന്നു.

വാലാട്ടി നിന്ന് ശീലിച്ചു പോയി എന്ന് അയാള്‍ പറയുന്നുണ്ടല്ലോ. നിന്നുപോയി, ഇനി നിന്നേ പറ്റൂ എന്ന അവസ്ഥ. എന്നാല്‍ അടുത്ത ഇന്‍സ്‌പെക്ടര്‍ ഇയാള്‍ ആണെന്ന് ജോര്‍ജ് പറയുമ്പോള്‍ ഇയാള്‍ വീണ്ടും മാറുകയാണ്.

അധികാരം വരികയാണ്. ഇന്ന് ജോര്‍ജ് ആസ്വദിക്കുന്നത് നാളെ താന്‍ ആസ്വദിക്കുമെന്ന് വരുമ്പോള്‍ അയാള്‍ മാറി. എന്തിനും കൂട്ടുനില്‍ക്കാന്‍ ഇയാള്‍ തയ്യാറാവുന്നു,’ ബിനു പപ്പു പറഞ്ഞു.

Content Highlight: Actor Binu Pappu about His Character On Thudarum Movie and Briefing