തുടരും എന്ന ചിത്രത്തെ കുറിച്ചും നടി ശോഭനയുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ബിനു പപ്പു. ചിത്രത്തില്‍ എസ്.ഐ ബെന്നിയായിട്ടാണ് ബിനു എത്തുന്നത്.
സിനിമയില്‍ ശോഭനയുടെ കഥാപാത്രമായ ലളിതയെ ബെന്നി ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. ആ സീന്‍ ചിത്രീകരിച്ചതിനെ കുറിച്ചും ശോഭന മാം തനിക്ക് തന്ന ഒരു റിയാക്ഷനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ബിനു പപ്പു.
താന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു രീതിയിലാണ് മാം പ്രതികരിച്ചതെന്നും വല്ലാത്തൊരു അവസ്ഥയിലായിപ്പോയെന്നുമായിരുന്നു ബിനു പപ്പു കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
‘ശോഭനാ മാമിനെ ചോദ്യം ചെയ്യുന്ന സീനില്‍ ഞാന്‍ മാമിന്റെ കാലിന് ചവിട്ടണം. മാം വിരലില്‍ മോതിരം ഇട്ടിട്ടുണ്ട്. ഞാന്‍ പൊലീസ് ഷൂ ആണ് ഇട്ടത്.
ചവിട്ട് വരുമ്പോള്‍ അത് ക്യാമറയില്‍ കാണുമ്പോള്‍ ചവിട്ടുന്ന ഇംപാക്ട് വേണം. രണ്ട് ക്യാമറ വെച്ചിട്ടാണ് ഷൂട്ട് ചെയ്യുന്നത്. കാലിന് ഒരു ഷോട്ട് വെച്ചിട്ടുണ്ട്. മാമിന്റെ സജഷനില്‍ എനിക്ക് സജഷന്‍ ക്ലോസും വെച്ചിട്ടുണ്ട്.
ഞാന്‍ അവിടെ വന്‍ ക്രൂരനായി ഭയങ്കര പരിപാടിയൊക്കെ പിടിച്ച് ഇരിക്കുകയാണ്. മാമിന്റെ കൈ പിടിച്ചിട്ട് ഇങ്ങനെ തിരിക്കുന്ന സീനാണ് എടുക്കുന്നത്.
കയ്യേ വിട്രാ…. ഇന്നേക്ക് ദുര്‍ഗാഷ്ടമി.. കയ്യേ വിട്രാ… എനിക്കാെങ്കില്‍ ചിരിക്കാനും പറ്റില്ല. കട്ട് പറഞ്ഞപ്പോള്‍, ഞാന്‍ മാമിന്റെ അടുത്ത് ചെന്ന് ദൈവത്തെയോര്‍ത്ത് ഇങ്ങനെയൊന്നും പറയല്ലേ.. എന്ന് പറഞ്ഞു.
ഡേയ് ചാക്ലേറ്റ് വാങ്ങിത്തരാടാ.. എന്ന് ടിപ്പിക്കല്‍ തമിഴില്‍ പറയുകയാണ്. ഞാന്‍ ചിരിച്ചിട്ട് വല്ലാത്തൊരു അവസ്ഥയായിപ്പോയി,’ ബിനു പപ്പു പറയുന്നു.
Content Highlight: Actor Binu pappu about a Combination Scene with shobhana and her reaction