എന്ത് പൊട്ടത്തരം ഏത് നടനോ ടെക്‌നീഷ്യനോ പറഞ്ഞാലും കേള്‍ക്കാനുള്ള ക്ഷമ വേണം, എനിക്കതില്ല: അജു വര്‍ഗീസ്
Entertainment
എന്ത് പൊട്ടത്തരം ഏത് നടനോ ടെക്‌നീഷ്യനോ പറഞ്ഞാലും കേള്‍ക്കാനുള്ള ക്ഷമ വേണം, എനിക്കതില്ല: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th June 2025, 7:37 pm

സിനിമ സംവിധാനം ചെയ്യണമെന്ന ഒരു ആഗ്രഹത്തോടെ ഈ മേഖലയിലേക്ക് എത്തിയ ആളായിരുന്നു താനെന്ന് നടന്‍ അജു വര്‍ഗീസ്.

എന്നാല്‍ ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില്‍ ആദ്യം അതിന് വേണ്ടത് ക്ഷമയാണെന്നും തന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയ ഒന്നും ക്ഷമയാണെന്നും അജു പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ സിനിമ പിടിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. സിനിമയിലേക്കുള്ള എന്റെ ആദ്യ താത്പര്യം എഴുതുക, സിനിമ സംവിധാനം ചെയ്യുക എന്നതൊക്കെ തന്നെയായിരുന്നു.

സിനിമ പിടിക്കുക എന്നത് തന്നെയായിരുന്നു. അതിന്റെ പിന്നില്‍ ഭയങ്കരമായ ഒരു ക്ഷമ വേണം. അത് ഫസ്റ്റ് ഫാക്ടറാണ്. ക്ഷമ എന്നത് എന്നില്‍ നിന്ന് പോയി. അതില്ലാത്ത ആളായി മാറി.

അതിന്റെ ഒരു കാരണം ഇന്റര്‍നെറ്റിന്റെ ഒരു അതിപ്രസരം തന്നെയാണ്. ഇന്റര്‍വ്യൂ വരെ ഞാന്‍ ഇപ്പോള്‍ 2 എക്‌സ് സ്പീഡില്‍ കാണാന്‍ തുടങ്ങി. ആളുകള്‍ നമ്മളോട് സംസാരിക്കുന്നത് പോലും നമുക്ക് ലാഗായി തോന്നും.

എന്നോട് ഏതെങ്കിലും ഒരു സംവിധായകന്‍ എന്റെ അടുത്ത് വന്ന കഥ നരേറ്റ് ചെയ്യുമ്പോള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലായി കഴിഞ്ഞാല്‍ പിന്നെ ഒരു മര്യാദയുടെ പുറത്താണ് ഞാന്‍ കേട്ടിരിക്കേണ്ടി വരുന്നത്.

കാരണം ഞാന്‍ ആ വ്യക്തിയെ അപമാനിക്കാന്‍ പാടില്ല. ഈ വീഡിയോകള്‍ സ്പീഡില്‍ കേള്‍ക്കാം. അത് ഡിജിറ്റലി മാത്രമേ പറ്റൂ. അത് ഭയങ്കര ഹാംഫുള്‍ ആണ്. വോയ്‌സ് നോട്ടുകള്‍ 2 വിലാണ് കേള്‍ക്കുന്നത്. അത് റിയല്‍ ലൈഫില്‍ പറ്റുമോ.

ഈ ഒരു ക്ഷമക്കുറവിന്റെ കാരണം അതാണ്. ഒരു സംവിധായകന് പ്രൈമറി ആയി വേണ്ടത് ക്ഷമയാണ്. എല്ലാവരേയും അദ്ദേഹം കേള്‍ക്കണം.

എന്ത് പൊട്ടത്തരം ഏത് നടനോ ടെക്‌നീഷ്യനോ പറയുകയാണെങ്കില്‍ ആ പൊട്ടത്തരം കഴിഞ്ഞ് ഒരു നല്ലതുണ്ടാകാം. അതിന് വേണ്ടി കാത്തിരിക്കുകയും വേണം. അതിന് ക്ഷമ കൂടിയേ തീരൂ. എനിക്കതില്ല. അതുകൊണ്ട് ഞാന്‍ ആ ജോലിക്ക് അര്‍ഹനല്ല,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Actor Aju Varghese about his wish to direct a Movie