പ്രകാശ് വര്‍മ സാറിന് എന്നോടൊപ്പമുള്ള സീന്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു; ഇടയ്ക്കിടെ അദ്ദേഹം ആ കാര്യം ചോദിക്കും: ആര്‍ഷ ബൈജു
Entertainment
പ്രകാശ് വര്‍മ സാറിന് എന്നോടൊപ്പമുള്ള സീന്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു; ഇടയ്ക്കിടെ അദ്ദേഹം ആ കാര്യം ചോദിക്കും: ആര്‍ഷ ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th May 2025, 8:55 am

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് വന്‍വിജയമായ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. 16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു ഇത്.

മോഹന്‍ലാല്‍ ഷണ്‍മുഖം എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ വില്ലനായി എത്തിയത് പ്രകാശ് വര്‍മ ആയിരുന്നു. സിനിമയില്‍ ജോര്‍ജ് മാത്തന്‍ എന്ന ശക്തനായ കഥാപാത്രത്തെ പ്രകാശ് വര്‍മ വളരെ മികച്ചതാക്കിയിരുന്നു. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് തുടരും.

സിനിമയില്‍ നടി ആര്‍ഷ ബൈജുവും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ജോര്‍ജിന്റെ മകളായ മേരി എന്ന കഥാപാത്രമായാണ് ആര്‍ഷ അഭിനയിച്ചത്. ഇപ്പോള്‍ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് വര്‍മയെ കുറിച്ച് പറയുകയാണ് ആര്‍ഷ ബൈജു.

‘പ്രകാശ് വര്‍മ സാറും വളരെ അടിപൊളി ആയിട്ട് തന്നെയാണ് അദ്ദേഹത്തിന്റെ റോള്‍ ചെയ്തത്. സാറിന് സത്യത്തില്‍ എന്റെ കൂടെയുള്ള സീന്‍ ചെയ്യാന്‍ വളരെ ടെന്‍ഷനായിരുന്നു. കാരണം എന്നെ ടോര്‍ച്ചര്‍ ചെയ്യുന്ന സീനൊക്കെ അതില്‍ ഉണ്ടായിരുന്നല്ലോ.

അദ്ദേഹത്തിന് അത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്തെങ്കിലും പ്രശ്‌നം വരുമോ എന്നുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് മക്കളൊക്കെ ഉണ്ടല്ലോ. അപ്പോള്‍ സാര്‍ എപ്പോഴും ‘എനിക്കും ഈ പ്രായമുള്ള മക്കളൊക്കെ ഉണ്ട്’ എന്ന് പറയുമായിരുന്നു.

സാറിന് ശരിക്കും എന്റെ കൂടെയുള്ള സീനില്‍ ടെന്‍ഷന്‍ ഉണ്ടായി. അതുപോലെ സാര്‍ എപ്പോഴും ഞാന്‍ ഓക്കെയാണോ എന്ന് നോക്കുമായിരുന്നു. ഇടയ്ക്കിടെ അത് ചോദിക്കുമായിരുന്നു. ബാത്ത്‌റൂമിന്റെ വാതില്‍ തല്ലിപൊട്ടിച്ച് കടന്നുവരുന്ന സീനൊക്കെ എടുക്കുമ്പോള്‍ അങ്ങനെ ആയിരുന്നു,’ ആര്‍ഷ ബൈജു പറയുന്നു.


Content Highlight: Aarsha Baiju Talks About Prakash Varma In Thudarum Movie