ഞാനും രജിനി സാറും ഉള്ള ഒരു സിനിമ ഉടനെ ഉണ്ടാകും: ആമിര്‍ ഖാന്‍
Entertainment
ഞാനും രജിനി സാറും ഉള്ള ഒരു സിനിമ ഉടനെ ഉണ്ടാകും: ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 5:11 pm

ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് വിളിപ്പേരുള്ള നടനാണ് ആമിര്‍ ഖാന്‍. 30 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ വേഷപ്പകര്‍ച്ച കൊണ്ട് അദ്ദേഹം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. ഓരോ സിനിമയിലും തന്റെ മാക്‌സിമം എഫര്‍ട്ട് പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ആമിര്‍ ഖാന്‍ ആദ്യമായി ഭാഗമാകുന്ന തമിഴ് ചിത്രമാണ് കൂലി. രജിനികാന്ത് നായകനായെത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ അതിഥിവേഷത്തിലാണ് ആമിര്‍ ഖാന്‍ പ്രത്യക്ഷപ്പെടുന്നത് ഇപ്പോള്‍ രജിനികാന്തിനെ കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍.

രജിനികാന്തിന്റെ കൂടെ പ്രവര്‍ത്തിച്ചത് വളരെ നല്ല ഒരു അനുഭവമായിരുന്നുവെന്നും താന്‍ രജിനികാന്തിനെയും അദ്ദേഹത്തിന്റെ സിനിമകളും ഒരുപാട് ആദരിക്കുന്ന വ്യക്തിയാണെന്നും ആമിര്‍ ഖാന്‍ പറയുന്നു. സെറ്റില്‍ ഒന്നിച്ചുള്ള സംസാരവും എല്ലാം തന്നെ വളരെ രസമായിരുന്നുവെന്നും തനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

കൂലിയില്‍ ചെറിയൊരു ഭാഗം മാത്രമാണ് താന്‍ ചെയ്യുന്നതെന്നും ഈ സിനിമ ഒരു വലിയ സിനിമയാണ് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താനും രജിനികാന്തും ഒരുമിച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചുവെന്നും ഉടനെ അത് ഉണ്ടാകുമെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രജിനി സാറിന്റെ കൂടെ ഒന്നിച്ച് പ്രവര്‍ത്തിച്ചത് നല്ല ഒരു അനുഭവമായിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ വര്‍ക്കുകളെയും ഒരുപാട് ആദരിക്കുന്ന ഒരാളാണ് ഞാന്‍. രജിനി സാറിന്റെ കൂടെ സെറ്റില്‍ ഇരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തപ്പോള്‍ വളരെ രസമായിരുന്നു. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്.

കൂലി എന്ന സിനിമയുടെ ചെറിയൊരു ഭാഗത്ത് മാത്രമാണ് ഞാന്‍ ഉള്ളതെങ്കിലും അത് വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. കൂലി സിനിമയെ കുറിച്ച് എനിക്ക് കുറച്ച് മാത്രമെ അറിയുകയുള്ളൂ, പക്ഷേ എനിക്ക് തോന്നുന്നു ഇത് വലിയൊരു പ്രൊജക്റ്റാണ്. ഞാനും രജിനി സാറും തമ്മില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ കൈതി എന്ന സിനിമയുടെ വര്‍ക്കിലാണ്. അതുകഴിഞ്ഞ് നമ്മള്‍ നമ്മളുടെ സിനിമ തുടങ്ങും. അടുത്ത വര്‍ഷം ഒരു പകുതിയാകുമ്പോഴേക്കും ഒരു പക്ഷേ അത് തുടങ്ങുമെന്ന് വിശ്വസിക്കുന്നു,’ ആമിര്‍ ഖാന്‍ പറയുന്നു.

Content Highlight: Aamir Khan talks  about Rajinikanth.