നിർമാതാവും സംവിധായകനുമായ നാസിർ ഹുസ്സൈനെ കുറിച്ച് സംസാരിക്കുകയാണ് ആമിർ ഖാൻ. നാസിർ ഹുസ്സൈന്റെ ബന്ധുവും കൂടിയാണ് ആമിർ ഖാൻ. നാസിർ ഹുസൈനുമായി അദ്ദേഹത്തിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്ന് വർഷങ്ങൾക്ക് മുമ്പ് ചില വാർത്തകളുണ്ടായിരുന്നു. താനും നാസിർ ഹുസ്സൈനുമായി യാതൊരു വിധത്തിലുള്ള അസ്വാരസ്യങ്ങളും ഉണ്ടായിരുന്നില്ലെന്ന് ആമിർ ഖാൻ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ എല്ലാ സിനിമകളും തനിക്ക് ഇഷ്ടമാണെന്നും ആസ്വദിച്ച് കാണുന്നവയാണ് അവയെന്നും ആമിർ പറയുന്നു. ഒരു പിക്നിക്കിന് പോകുന്ന അത്ര രസമാണ് നാസിർ ഹുസ്സൈനിന്റെ സിനിമകൾ കാണാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിലിം ഫെയർ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആമിർ ഖാൻ.
‘നാസിർ ഹുസ്സൈനിന്റെ എല്ലാ സിനിമകളും എനിക്ക് ഇഷ്ടമാണ്. ഞാൻ അദ്ദേഹത്തെ സിനിമകൾ എപ്പോഴും കണ്ട് ആസ്വദിക്കുന്നവയാണ്. തീസ്രി മൻസിൽ, കാരവൻ, യാദോൻ കി ബാരാത്, ഹം കിസി സേ കാം നഹി, തുംസ നഹി ദേഖ, ബഹറോം കെ സപ്‌നേ തുടങ്ങിയ സിനിമകളെല്ലാം എത്ര മികച്ചതാണ്.
എനിക്ക് അദ്ദേഹവുമായി യാതൊരു വിധത്തിലുമുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ഒരു അംശം പോലും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ സിനിമയിൽ എനിക്ക് വിശ്വാസമാണ്. അദ്ദേഹത്തിന്റെ സിനിമ വളരെ രസകരമാണെനാണ് ഞാൻ കരുതുന്നത്. ഒരു നാസിർ ഹുസ്സൈൻ സിനിമ കാണുമ്പോൾ നമ്മൾ ഒരു പിക്നിക്കിലാണെന്ന് നമുക്ക് തോന്നും. അത്രയും രസമാണ് അത് കണ്ടിരിക്കാൻ. കോമഡി, മനോഹരമായ ലൊക്കേഷനുകൾ, ധാരാളം പ്രണയം, മികച്ച സംഗീതം എന്നിവയെല്ലാം അതിലുണ്ടാകും,’ ആമിർ ഖാൻ പറയുന്നു.
നാസിർ ഹുസ്സൈൻ
ഹിന്ദി സിനിമയിലെ ട്രെൻഡ്‌സെറ്ററായി കാണുന്ന സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമാണ് നാസിർ ഹുസ്സൈൻ. 1970 കളിലും 1980 കളിലും ബോളിവുഡിൽ ഫെയ്മസായ മാസ് മസാല സിനിമകൾ കൂടുതലും ഇദ്ദേഹം നിർമിച്ചവയായിരുന്നു. നാസിർ ഹുസൈന്റെ സിനിമയെക്കുറിച്ച് മ്യൂസിക്, മസ്തി, മോഡേണിറ്റി: ദി സിനിമ ഓഫ് നാസിർ ഹുസ്സൈൻ എന്ന പേരിൽ അക്ഷയ് മൻവാനി പുസ്തകം എഴുതിയിട്ടുണ്ട്.