ആ സംവിധായകന്റെ കടുത്ത ആരാധകനാണ് ഞാന്‍, ഒരു ദിവസം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു: ആമിര്‍ ഖാന്‍
Entertainment
ആ സംവിധായകന്റെ കടുത്ത ആരാധകനാണ് ഞാന്‍, ഒരു ദിവസം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു: ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 1:35 pm

ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. 40 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ ആമിര്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. ഹിന്ദിയിലെ ആദ്യത്തെ 200, 300, 700, 1000 കോടി ചിത്രങ്ങള്‍ തന്റെ പേരിലാക്കാന്‍ ആമിര്‍ ഖാന് സാധിച്ചു.

ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സംവിധായകരില്‍ ഒരാളായ മണിരത്‌നത്തെ കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. താന്‍ മണിരത്‌നത്തിന്റെ ഒരു വലിയ ആരാധകനാണെന്നും അദ്ദേഹത്തിന്റെ കൂടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നുവെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. താന്‍ മണിരത്‌നത്തെ ഒരുപാട് തവണ കണ്ടിട്ടും, സംസാരിച്ചിട്ടും ഉണ്ടെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

ലാജോ എന്ന സിനിമയില്‍ തങ്ങള്‍ ഏകദേശം ഒരുമിച്ച് തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ അത് വര്‍ക്ക് ഔട്ടായില്ലെന്നും ആമിര്‍ പറയുന്നു. മണിരത്‌നത്തിന്റെ വര്‍ക്കുകളെ ഒരുപാട് ആരാധിക്കുന്നയാളാണ് താനെന്നും ഒരു ദിവസം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസില്‍ സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്‍.

‘ഞാന്‍ എപ്പോഴും മണിയുടെ ഒരു കടുത്ത ആരാധകനായിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് എപ്പോഴും അതിയായ ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ മണിരത്‌നത്തിനെ പല തവണ കണ്ടിട്ടും, ഞങ്ങള്‍ ഒരുപാട് സംസാരിച്ചിട്ടുമൊക്കെ ഉണ്ട്. അതുപോലെ ഞങ്ങള്‍ തമ്മില്‍ നല്ല സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടും ഉണ്ട്. എനിക്ക് തോന്നുന്നു ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു.

ലാജോയില്‍ ഏതാണ്ട് നമ്മള്‍ ഒരുമിച്ചാണ് വര്‍ക്ക് ചെയ്തത്. പക്ഷേ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അത് വര്‍ക്ക് ഔട്ട് ആയില്ല. അദ്ദേഹത്തിന്റെ സിനിമകളെ ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. ഒരു ദിവസം ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒരുമ്മിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ഇപ്പോഴും ഞാന്‍ പ്രതീക്ഷിക്കുന്നു,’ ആമിര്‍ ഖാന്‍ പറയുന്നു.

Content highlight: Aamir Khan talks about Manirathnam