ഞാനും മണിരത്‌നവും ഒന്നിച്ചുള്ള സിനിമ ചെയ്യാനിരുന്നതാണ്; നടക്കാതെ പോയതിന് കാരണം ഞങ്ങള്‍ ഇരുവരുമല്ല: ആമിര്‍ ഖാന്‍
Entertainment
ഞാനും മണിരത്‌നവും ഒന്നിച്ചുള്ള സിനിമ ചെയ്യാനിരുന്നതാണ്; നടക്കാതെ പോയതിന് കാരണം ഞങ്ങള്‍ ഇരുവരുമല്ല: ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 7:47 am

ഇന്ത്യന്‍ സിനിമയിലെ മികച്ച ഫിലിം മേക്കേറാണ് മണിരത്‌നം. അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകളിലൂടെ ലോകം കണ്ടത് ‘റോജ’യുടെ നിഷ്‌കളങ്കമായ പ്രണയത്തെയും ‘ബോംബെ’യുടെ രക്തം പുരണ്ട തെരുവുകളെയും ‘ദില്‍ സേ’യുടെ തീവ്രാനുരാഗത്തെയും ‘നായകന്റെ’ ഉയര്‍ച്ച താഴ്ചകളെയും ‘ഇരുവറി’ന്റെ രാഷ്ട്രീയ സമസ്യകളെയുമാണ്. നാല്പത് വര്‍ഷത്തിലേറെയായി നീളുന്ന സിനിമ ജീവിതത്തില്‍ ഇന്നും ഔട്ട്‌ഡേറ്റഡ് ആകാതെ നില്‍ക്കുകയാണ് അദ്ദേഹം.

എത്രയോ വര്‍ഷമായി ഞാന്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്, ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്-  ആമിര്‍ ഖാന്‍

സംവിധായകന്‍ മണിരത്‌നത്തിന് കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. താന്‍ ഇപ്പോഴും മണിരത്‌നത്തിന്റെ വലിയ ആരാധകനാണെന്നും എത്രയോ വര്‍ഷമായി അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും ആമിര്‍ ഖാന്‍ പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഇപ്പോഴും മണിയുടെ (മണിരത്‌നം) വലിയൊരു ആരാധകനാണ്. എത്രയോ വര്‍ഷമായി ഞാന്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്, ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലൊക്കെ പോയി ഇരുവരും നന്നായി സംസാരിക്കുകയൊക്കെ ചെയ്തിട്ടുണ്ട്.

ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒന്നിച്ച് വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഏകദേശം അതിന്റെ അടുത്ത് എത്തിയതുമാണ്. എന്നാല്‍ പല കാര്യങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയി. അതിന് കാരണം ഞാനും മണിയും അല്ല.

അദ്ദേഹത്തിന്റെ ഓരോ സിനിമയും ഞാന്‍ ആസ്വദിച്ചാണ് കാണുന്നത്. ഇപ്പോഴും ഒരു ദിവസം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്,’ ആമിര്‍ ഖാന്‍ പറയുന്നു.

Content Highlight: Aamir Khan Talks  About Manirathnam