ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. 40 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ ആമിര്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. ഹിന്ദിയിലെ ആദ്യത്തെ 200, 300, 700, 1000 കോടി ചിത്രങ്ങള്‍ തന്റെ പേരിലാക്കാന്‍ ആമിര്‍ ഖാന് സാധിച്ചു.
ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തിന് ശേഷം ആമിര്‍ ഖാന്‍ സിതാരേ സമീന്‍ പര്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. അടുത്തിടെ രാജ് ഷമാനിയുമായുള്ള തന്റെ പോഡ്കാസ്റ്റില്‍ തന്റെ സ്വപ്ന പദ്ധതിയായ മഹാഭാരതം തന്റെ അവസാന ചിത്രമായിരിക്കുമെന്ന് ആമിര്‍ പറയുന്നു.
മഹാഭാരതത്തില്‍ ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടെന്നും ലോകത്ത് കാണാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും മഹാഭാരതത്തില്‍ കണ്ടെത്താനാകുമെന്നും ആമിര്‍ ഖാന്‍ പറയുന്നു. മഹാഭാരതം സിനിമയാക്കി കഴിഞ്ഞാല്‍ ചിലപ്പോള്‍ തനിക്കിനി ഒന്നും ചെയ്യാനില്ലെന്ന് തോന്നിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘മഹാഭാരതം നിര്‍മിക്കുക എന്നത് എന്റെ സ്വപ്നമാണ്. ജൂണ്‍ 20ന് സീതാരേ സമീന്‍ പര്‍ റിലീസ് ചെയ്തതിനുശേഷം ഞാന്‍ അതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഒരിക്കല്‍ ഞാന്‍ അത് ചെയ്തുകഴിഞ്ഞാല്‍ അതിനുശേഷം എനിക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയില്ല എന്ന തോന്നല്‍ എന്നില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പ്രൊജക്റ്റാണ് അതെന്നാണ് എനിക്ക് തോന്നുന്നത്.
അതിന്റെ സ്വഭാവം അങ്ങനെയാണ്. വളരെ ലയറുകള്‍ ഉള്ള, വൈകാരികമായ, നല്ല ആഴമുള്ള, ഗാംഭീര്യം നിറഞ്ഞതാണ് അത്. ലോകത്തില്‍ നിലനില്‍ക്കുന്നതെല്ലാം മഹാഭാരതത്തില്‍ കണ്ടെത്താന്‍ കഴിയും,’ ആമിര്‍ ഖാന്‍ പറയുന്നു.
മുമ്പ് എ.ബി.പി നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ മഹാഭാരതം സിനിമയാക്കുക എന്നത് തന്റെ സ്വപ്നമാണെന്നും അതില്‍ തനിക്ക് കഥാപാത്രം ഉണ്ടാകുമോ ഇല്ലയോ എന്നെല്ലാം നോക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘മഹാഭാരതം സിനിമയാക്കണം എന്നത് എന്റെ സ്വപ്നമാണ്. ഇപ്പോള്‍ ഞാന്‍ ആ സ്വപ്നത്തെ കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എനിക്കതില്‍ ഒരു റോള്‍ ഉണ്ടാകുമോ എന്നെല്ലാം നമുക്ക് നോക്കാം,’ ആമിര്‍ ഖാന്‍ പറയുന്നു.