ഇന്ത്യന്‍ പതാകയും ദേശീയഗാനവും നീക്കം ചെയ്താല്‍ മാത്രം പാകിസ്ഥാനില്‍ ദംഗല്‍ പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞു; അങ്ങനെയൊരു ബിസിനസ് എനിക്ക് വേണ്ട: ആമിര്‍ ഖാന്‍
നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ 2016 ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദംഗല്‍. തന്റെ പെണ്മക്കളെ മല്ലയുദ്ധപ്രവീണരാക്കിയ മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന ഫയല്‍വാന്റെ കഥയാണ് ദംഗലിന്റെ പ്രമേയം. മഹാവീര്‍ സിംഗ് ഫോഗട്ട് ആയി ചിത്രത്തിലെത്തിയത് ആമിര്‍ ഖാനാണ്. ആമിര്‍ ഖാന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍. 2000 കോടി കളക്ഷന്‍ നേടിയ ചിത്രമാണിത്. ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം കൂടിയാണ് ദംഗല്‍.
ദംഗല്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. ഇന്ത്യന്‍ പതാകയും ദേശീയഗാനവും നീക്കം ചെയ്യണമെന്ന പാക് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ ചിത്രത്തിന്റെ റിലീസ് നിരസിച്ചതായി ആമിര്‍ ഖാന്‍ പറയുന്നു. ജത് ശര്‍മയുടെ ആപ് കി അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സര്‍ഫറോഷിന് ശേഷം ഞങ്ങള്‍ അവരെക്കുറിച്ച് കാണിക്കുന്ന കാര്യങ്ങളെക്കുറിച്ച് പാകിസ്ഥാനില്‍ നിന്ന് എനിക്ക് ധാരാളം നെഗറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ചു. ഡിസ്‌നി ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. ദംഗല്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ അവരാണ് ചിത്രം മറ്റ് രാജ്യങ്ങളില്‍ അവതരിപ്പിച്ചത്.
ഗീത ഫോഗട്ടിന്റെ വിജയത്തിന് ശേഷമുള്ള ഇന്ത്യന്‍ ത്രിവര്‍ണ പതാകയും ദേശീയഗാനവും നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ ചിത്രം പാകിസ്ഥന്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞെന്നും ഡിസ്നി എന്നോട് പറഞ്ഞു. ഒരു സെക്കന്റ് പോലും ആലോചിക്കാതെ ഞാന്‍ അവരോട് പറഞ്ഞു, എന്റെ ചിത്രം പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന്.
ഡിസ്നിക്ക് വലിയ നഷ്ടമുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ നമ്മുടെ ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും നീക്കം ചെയ്യാന്‍ പറയുന്ന ആരായാലും എനിക്ക് അവരുമായി ഒരു ബന്ധത്തിനും താത്പര്യമില്ലെന്നും ആ ബിസിനസ് വേണ്ടെന്നും പറഞ്ഞു,’ ആമിര്‍ ഖാന്‍ പറയുന്നു.