തമിഴിലെ ആ നടനെയായിരുന്നു സിതാരേ സമീന്‍ പറില്‍ നായകനായി ഉദ്ദേശിച്ചത്, സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇത്രയും നല്ല സിനിമ വിട്ടുകളയാന്‍ തോന്നിയില്ല: ആമിര്‍ ഖാന്‍
Entertainment
തമിഴിലെ ആ നടനെയായിരുന്നു സിതാരേ സമീന്‍ പറില്‍ നായകനായി ഉദ്ദേശിച്ചത്, സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇത്രയും നല്ല സിനിമ വിട്ടുകളയാന്‍ തോന്നിയില്ല: ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 1:30 pm

തിയേറ്ററുകളില്‍ പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറുകയാണ് ആമിര്‍ ഖാന്‍ നായകനായ സിതാരേ സമീന്‍ പര്‍. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആമിര്‍ നായകനായെത്തിയ ചിത്രം വന്‍ വിജയമാണ് നേടുന്നത്. ബോക്‌സ് ഓഫീസില്‍ ഇതിനോടകം 130 കോടിക്കുമുകളില്‍ സിതാരേ സമീന്‍ പര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍.

ആര്‍.എസ്. പ്രസന്നയുമായി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് നിര്‍മിക്കാന്‍ മാത്രമായിരുന്നു താന്‍ ഉദ്ദേശിച്ചതെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. തമിഴിലും ഹിന്ദിയിലും ഒരേസമയം ചിത്രീകരിക്കാനായിരുന്നു പ്ലാനെന്നും ഹിന്ദിയില്‍ ഫര്‍ഹാന്‍ അക്തറിനെയാണ് താന്‍ നായകനായി മനസില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴില്‍ നായകനായി ശിവകാര്‍ത്തികേയനെയായിരുന്നു നായകവേഷത്തില്‍ ഉദ്ദേശിച്ചതെന്നും താരം പറയുന്നു. എന്നാല്‍ ആ സമയത്ത് ഇപ്പോള്‍ കാണുന്നതുപോലെയായിരുന്നില്ല സിനിമയുടെ സ്‌ക്രിപ്‌റ്റെന്ന് ആമിര്‍ പറഞ്ഞു. ഒരുപാട് തിരുത്തലുകള്‍ക്ക് ശേഷം താനും പ്രസന്നയും ഒരുമിച്ച് ഇരുന്ന് ഒരുപാട് ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിങ്ക്‌വില്ലയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിതാരേ സമീന്‍ പര്‍ രണ്ട് ഭാഷകളില്‍ ഒരുക്കാനായിരുന്നു ഉദ്ദേശിച്ചത്. ഹിന്ദിയില്‍ ഫര്‍ഹാന്‍ അക്തറും തമിഴില്‍ ശിവകാര്‍ത്തികേയനെയുമായിരുന്നു മനസില്‍ കണ്ടത്. പ്രസന്ന തമിഴില്‍ നിന്നുള്ള ആളായതുകൊണ്ട് തമിഴിലും സിനിമ ചെയ്യാമെന്ന് വിചാരിച്ചു. രണ്ട് പേരുടെയും ഡേറ്റുകള്‍ വാങ്ങിച്ച് വെക്കുകയും ചെയ്തു. ഈ സിനിമ നിര്‍മിക്കുക എന്ന് മാത്രമേ എന്റെ മനസിലുണ്ടായിരുന്നുള്ളൂ.

ആ സമയത്ത് സ്‌ക്രിപ്റ്റ് ഇതുപോലെയായിരുന്നില്ല. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായ ശേഷം ഞങ്ങള്‍ ഒരുമിച്ച് ഇരുന്നു. അന്ന് കഥയെക്കുറിച്ച് കുറച്ചധികം കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്തിരുന്നു. ഏതാണ്ട് ഒരാഴ്ചയോളം സ്‌ക്രിപ്റ്റില്‍ പിന്നെയും റീവര്‍ക്കുകള്‍ ചെയ്തു. പ്രൊഡ്യൂസറെന്ന നിലയില്‍ ഞാനും അവരുടെ കൂടെ ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു.

അങ്ങനെ ഈ സിനിമയുടെ ഫൈനല്‍ സ്‌ക്രിപ്റ്റ് റെഡിയായി. ഞാന്‍ അതെടുത്ത് വായിച്ചു. എന്ത് നല്ല സിനിമയാണെന്ന് തോന്നി. ഇത്രയും നല്ല പടം ഞാന്‍ ചെയ്താല്‍ എന്താ എന്ന് ചിന്തിച്ചു. അപ്പോള്‍ തന്നെ പ്രസന്നയോട് പറഞ്ഞു. ‘ഇത്രയും നല്ല സ്‌ക്രിപ്റ്റ് കിട്ടിയിട്ടും അത് ചെയ്യാത്തത് മോശമായി തോന്നുന്നു. എനിക്ക് ഇത് വിട്ടുകളയാന്‍ തോന്നുന്നില്ല. ഞാന്‍ നായകനാകാം’ എന്ന് അയാളോട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ നായകനായത്,’ ആമിര്‍ ഖാന്‍ പറയുന്നു.

Content Highlight: Aamir Khan saying Sivakarthikeyan and Farhaan Akthar was the first choices for Sitaare Zameen Par