എല്ലാ സിനിമയും റിലീസിനോടടുക്കുമ്പോള്‍ ടെന്‍ഷന്‍ കാരണം ഉറങ്ങാറില്ലായിരുന്നു, എന്നാല്‍ ആ സിനിമ ഓടില്ലെന്ന് ആദ്യമേ അറിയാവുന്നതുകൊണ്ട് സുഖമായി ഉറങ്ങി: ആമിര്‍ ഖാന്‍
ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. മൂന്ന് പതിറ്റാണ്ടിലധികം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ ആമിര്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. ഓരോ സിനിമയിലും തന്റെ മാക്‌സിമം എഫര്‍ട്ട് പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. 35 വര്‍ഷത്തെ കരിയറില്‍ എല്ലാ സിനിമകളുടെയും റിലീസടുക്കുമ്പോള്‍ തനിക്ക് ടെന്‍ഷനും ആങ്‌സൈറ്റിയും വരാറുണ്ടെന്ന് താരം പറഞ്ഞു. ടെന്‍ഷന്‍ കാരണം ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നെന്നും റിലീസിന് ഒരാഴ്ച മുമ്പ് ഇതുതന്നെയാണ് അവസ്ഥയെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ റിലീസ് അടുത്തപ്പോള്‍ താന്‍ സുഖമായി ഉറങ്ങിയെന്നും യാതൊരു ടെന്‍ഷനുമില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ പെരുമാറ്റം കണ്ട പങ്കാളി അക്കാര്യം ചോദിച്ചെന്നും ആ സിനിമ വര്‍ക്കാകില്ലെന്ന് ഉറപ്പായിരുന്നെന്നും അതുപോലെ തന്നെ സംഭവിച്ചെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ഓരോ സിനിമ റിലീസാകുമ്പോഴും എനിക്ക് ടെന്‍ഷനും ആങ്‌സൈറ്റിയും വരാറുണ്ട്. കരിയര്‍ ആരംഭിച്ച കാലം മുതല്‍ ഇത് തന്നെയാണ് അവസ്ഥ. അതായത് കഴിഞ്ഞ 35 വര്‍ഷമായി സിനിമയുടെ റിലീസ് സമയത്ത് എനിക്ക് മര്യാദക്ക് ഉറങ്ങാന്‍ പറ്റില്ല. ഭക്ഷണത്തിന്റെ അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെയാണ്.
എന്നാല്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ റിലീസാകുന്ന സമയത്ത് എനിക്ക് ഒരു ടെന്‍ഷനുമുണ്ടായിരുന്നില്ല. ഞാന്‍ സുഖമായി ഉറങ്ങുന്നത് കണ്ട് എന്റെ പങ്കാളി എന്നോട് ‘നിങ്ങള്‍ ഓക്കെയാണോ, സാധാരണ റിലീസ് സമയത്ത് ടെന്‍ഷന്‍ കാരണം ഉറങ്ങാറില്ലല്ലോ’ എന്ന് ചോദിച്ചു. ആ സിനിമ വര്‍ക്കാകാന്‍ സാധ്യതയില്ലെന്ന് ഉറപ്പായിരുന്നു.
അത് റിലീസിന് മുമ്പ് പോസ്റ്റ് പ്രൊഡക്ഷനെല്ലാം കഴിഞ്ഞ് ഞാന്‍ കണ്ടിരുന്നു. പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്ന് അപ്പോള്‍ തന്നെ മനസിലായി. അത് കുറച്ചധികം നന്നാക്കേണ്ടതുണ്ടായിരുന്നു എന്ന് തോന്നി. പക്ഷേ, എല്ലാം നമ്മുടെ കൈയില്‍ നിന്ന് പോയിരുന്നു. ആ സിനിമ വര്‍ക്കാകാത്തതില്‍ പ്രേക്ഷകരെ കുറ്റം പറയേണ്ട ആവശ്യമില്ല,’ ആമിര്‍ ഖാന്‍ പറയുന്നു.
Content Highlight: Aamir Khan saying he know that Thugs of Hindostan movie didn’t work well before its release