രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ആമിര്‍ ഖാന്‍ ചിത്രമാണ് സിതാരേ സമീന്‍ പര്‍. സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കായാണ് സിതാരേ സമീന്‍ പര്‍ ഒരുങ്ങുന്നത്. 2018ല്‍ പുറത്തിറങ്ങിയ ചാമ്പ്യന്‍സ് സാമ്പത്തികപരമായി വലിയ വിജയം സ്വന്തമാക്കിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ശിക്ഷയായി 90 ദിവസത്തേക്ക് സാമൂഹ്യ സേവനം ചെയ്യേണ്ടിവരുന്ന ഒരു ബാസ്‌കറ്റ് ബോള്‍ കോച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് മാറുമ്പോള്‍ കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുമെന്ന് ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.
ആമിര്‍ ഖാന്‍ സീതാരേ സമീന്‍ പറിന് വേണ്ടി തന്റെ ‘നോ ഒ.ടി.ടി’ എന്ന നയത്തില്‍ ഉറച്ചുനില്‍ക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ജൂണ്‍ 20ന് റിലീസ് ചെയ്യുന്ന തന്റെ ചിത്രത്തിന് 120 കോടി രൂപയുടെ ആമസോണ്‍ പ്രൈം വീഡിയോയുടെ ഓഫര്‍ ആമിര്‍ അടുത്തിടെ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രേക്ഷകരെ വീണ്ടും തിയേറ്ററിലേക്ക് കൊണ്ടുവരാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഒ.ടി.ടി പ്രീമിയര്‍ കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും മാറ്റിവെക്കാന്‍ ആമിര്‍ ആഗ്രഹിക്കുന്നുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ സീതാരേ സമീന്‍ പറിന് വേണ്ടി ആമിര്‍ ഖാന്‍ നിരസിച്ച ആദ്യത്തെ ഡിജിറ്റല്‍ ഓഫറല്ല ഇത് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കാന്‍ നെറ്റ്ഫ്‌ലിക്‌സും താത്പര്യം പ്രകടിപ്പിച്ചതായി നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നടനും നിര്‍മാതാവുമായ ആമിര്‍, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ വൈകി മാത്രം റിലീസ് ചെയ്യുന്ന ഡിജിറ്റല്‍ മോഡലിലുള്ള തന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നേരത്തെ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സീതാരേ സമീന്‍ പര്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചതായി ആമിര്‍ പറഞ്ഞിരുന്നു
‘എനിക്ക് തിയേറ്ററുകളില്‍ വിശ്വാസമുണ്ട്. എന്റെ പ്രേക്ഷകരില്‍ എനിക്ക് വിശ്വാസമുണ്ട്. ഒരു നല്ല സിനിമ ചെയ്താല്‍ ആളുകള്‍ അത് വലിയ സ്‌ക്രീനില്‍ കാണാന്‍ വരും,’ അദ്ദേഹം പറഞ്ഞു.