എന്റെ സഹോദരിമാരും മകളും ഹിന്ദുക്കളെ വിവാഹം കഴിക്കുന്നതും ലവ് ജിഹാദായി കണക്കാക്കുമോ? 'ലവ് ജിഹാദി' ആരോപണത്തിൽ പ്രതികരിച്ച് ആമിർ ഖാൻ
Entertainment
എന്റെ സഹോദരിമാരും മകളും ഹിന്ദുക്കളെ വിവാഹം കഴിക്കുന്നതും ലവ് ജിഹാദായി കണക്കാക്കുമോ? 'ലവ് ജിഹാദി' ആരോപണത്തിൽ പ്രതികരിച്ച് ആമിർ ഖാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th June 2025, 10:08 am

ആമിർ ഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2014ൽ പുറത്തിറങ്ങിയ ചിത്രമാണ് പി.കെ. ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റടിച്ചെങ്കിലും നിരവധി വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. പി.കെ മതവിരുദ്ധമാണെന്നും ലവ് ജിഹാദിയെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന തരത്തിൽ ചർച്ചയുണ്ടായിരുന്നു. ഇപ്പോൾ ഇന്ത്യ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചിത്രത്തിന്റെ സന്ദേശം വ്യക്തമാക്കുകയും സമീപ വർഷങ്ങളിൽ വീണ്ടും ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുകയാണ്.

പി.കെ മതവിരുദ്ധമോ ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചതോ അല്ലെന്ന് ആമിർ ഖാൻ പറയുന്നു.

‘അവർ പറയുന്നത് തെറ്റാണ്. ഞങ്ങൾ ഒരു മതത്തിനും എതിരല്ല. ഞങ്ങൾ എല്ലാ മതങ്ങളെയും എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നു. സാധാരണക്കാരെ വിഡ്ഢികളാക്കാൻ വേണ്ടി മതത്തെ ചൂഷണം ചെയ്യുന്നവരോട് ജാഗ്രത പാലിക്കാൻ മാത്രമാണ് ആ സിനിമ നമ്മോട് പറയുന്നത്. എല്ലാ മതങ്ങളിലും നിങ്ങൾക്ക് ഇതുപോലുള്ള ആളുകളെ കാണാം. അതായിരുന്നു സിനിമയുടെ ഏക ലക്ഷ്യം.

രണ്ട് മതങ്ങളിൽ നിന്നുള്ള ആളുകൾ, പ്രത്യേകിച്ച് ഹിന്ദുവും മുസ്ലീമും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്യുമ്പോൾ, അത് എല്ലായ്പ്പോഴും ലവ് ജിഹാദ് ആകണമെന്നില്ല. ഇത് മനുഷ്യത്വം മാത്രമാണ്. അത് മതത്തിന് മുകളിലാണ്.

എന്റെ സഹോദരിമാരും മകളും ഹിന്ദു പുരുഷന്മാരെ വിവാഹം കഴിക്കുന്നതും ലവ് ജിഹാദായി കണക്കാക്കുമോ? എന്റെ സഹോദരി ഫർഹത്ത്, രാജീവ് ദത്തയെ വിവാഹം കഴിച്ചു. മറ്റൊരു സഹോദരി നിഖാത്, സന്തോഷ് ഹെഗ്‌ഡെയെ വിവാഹം കഴിച്ചു. എന്റെ മകൾ ഇറ ഖാനും അടുത്തിടെ നൂപുർ ശിഖരെയെ വിവാഹം കഴിച്ചു. ഞാൻ തന്നെ, റീന ദത്ത, കിരൺ റാവു എന്നീ രണ്ട് ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്,’ ആമിർ ഖാൻ പറഞ്ഞു.

Content Highlight: Aamir Khan On ‘Love Jihad’ Allegations Against Him