രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ആമിര്‍ ഖാന്‍ ചിത്രമാണ് സിതാരേ സമീന്‍ പര്‍. ലാല്‍ സിങ് ഛദ്ദയുടെ പരാജയം കാരണം സിനിമ ഉപേക്ഷിക്കുകയാണെന്നടക്കം ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയും സിനിമാജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കായാണ് സിതാരേ സമീന്‍ പര്‍ ഒരുങ്ങുന്നത്. 2018ല്‍ പുറത്തിറങ്ങിയ ചാമ്പ്യന്‍സ് സാമ്പത്തികപരമായി വലിയ വിജയം സ്വന്തമാക്കിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ശിക്ഷയായി 90 ദിവസത്തേക്ക് സാമൂഹ്യ സേവനം ചെയ്യേണ്ടിവരുന്ന ഒരു ബാസ്‌കറ്റ് ബോള്‍ കോച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് മാറുമ്പോള്‍ കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുമെന്ന് ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്പാണ് ലഭിച്ചത്. ജൂണ്‍ 20ന് തിയേറ്ററുകളിലെത്തുന്ന ചിത്രം പുതിയൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ്. ചിത്രം ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാവ് കൂടിയായ ആമിര്‍ ഖാന്‍ അറിയിച്ചു.
റിലീസ് ചെയ്ത് ഏട്ട് ആഴ്ചക്ക് ശേഷം യൂട്യൂബില്‍ ‘പേ പെര്‍ വ്യൂ’ രീതിയില്‍ അപ്‌ലോഡ് ചെയ്യുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആവശ്യമുള്ളവര്‍ക്ക് പണം നല്‍കി ചിത്രം കാണാന്‍ ഇതിലൂടെ സാധിക്കും. ചെറിയ ബജറ്റിലെടുക്കുന്ന ചില സിനിമകള്‍ ഈ രീതി പിന്തുടരുന്നുണ്ടെങ്കിലും ബോളിവുഡിലെ മുന്‍നിര നടന്മാരിലൊരാളുടെ സിനിമ ഇത്തരമൊരു പാത പിന്തുടരുന്നത് ആദ്യമായാണ്.
ജൂണ്‍ 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആമിര്‍ ഖാന് പുറമെ ജെനീലിയ ദേശ്മുഖ്, ഗോപി കൃഷ്ണന്‍ വര്‍മ, വേദാന്ത് ശര്‍മ, റിഷി ഷഹാനി, സംവിത് ദേശായി, ആയുഷ് ഭന്‍സാലി തുടങ്ങിയവര്‍ സിതാരേ സമീന്‍ പറില്‍ വേഷമിടുന്നുണ്ട്. ശങ്കര്‍- എഹ്‌സാന്‍- ലോയ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതം. ആര്‍.എസ്. പ്രസന്നയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.