ഇത് അവസാനമല്ല, പുതിയ യാത്രയുടെ തുടക്കം; ആമിര്‍ ഖാനും കിരണ്‍ റാവുവും ഒന്നിച്ചെഴുതിയ വിവാഹമോചന കുറിപ്പിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
Entertainment
ഇത് അവസാനമല്ല, പുതിയ യാത്രയുടെ തുടക്കം; ആമിര്‍ ഖാനും കിരണ്‍ റാവുവും ഒന്നിച്ചെഴുതിയ വിവാഹമോചന കുറിപ്പിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd July 2021, 3:03 pm

വിവാഹമോചിതരാകുന്നതിന്റെ ഭാഗമായി ആമിര്‍ ഖാനും കിരണ്‍ റാവുവും പുറത്തുവിട്ട കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. എത്ര സുന്ദരമായ ബന്ധമാണ് ഇരുവരുടെയുമെന്നാണ് പലരും ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞുപോയ 15 വര്‍ഷങ്ങളില്‍ സുന്ദരമായ നിരവധി അനുഭവങ്ങളും സന്തോഷവും പൊട്ടിച്ചിരികളുമെല്ലാം അനുഭവിച്ചുവെന്നും തങ്ങളുടെ ബന്ധം സ്‌നേഹത്തിലും വിശ്വാസത്തിലും ബഹുമാനത്തിലും വളരുകയായിരുന്നെന്നും ആമിര്‍ ഖാനും കിരണ്‍ റാവുവും പ്രസ്താവനയില്‍ പറയുന്നു.

‘ഇപ്പോള്‍ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ് ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടല്ല, സ്വന്തം കുടുംബങ്ങളുള്ള സഹ മാതാപിതാക്കളായിട്ടാണ് ആ പുതിയ അധ്യായം.

കുറച്ച് നാളുകള്‍ക്ക് മുന്‍പേ തന്നെ ഇത്തരത്തിലൊരു വേര്‍പിരിയലിനെ കുറിച്ച് ആലോചിച്ചിരുന്നു. ഇപ്പോഴാണ് അത് ഔദ്യോഗികമാക്കാന്‍ തീരുമാനിച്ചത്. എക്സ്റ്റന്റഡ് ഫാമിലികളെ പോലെ വേര്‍പിരിഞ്ഞു കഴിഞ്ഞുകൊണ്ട് ഞങ്ങള്‍ ഒന്നിച്ചു മുന്നോട്ടു പോകും.

മകന്‍ ആസാദിനോട് ഞങ്ങള്‍ ഏറ്റവും ആത്മാര്‍ത്ഥതയുള്ള മാതാപിതാക്കളായി തുടരുകയും അവനെ ഒന്നിച്ചു വളര്‍ത്തുകയും ചെയ്യും. സിനിമയിലും പാനി ഫൗണ്ടേഷനിലും താല്‍പര്യമുള്ള മറ്റു പ്രോജക്ടുകളിലുമെല്ലാം ഇനിയും ഞങ്ങള്‍ ഒന്നിച്ചു തന്നെ പ്രവര്‍ത്തിക്കും.

ഞങ്ങളുടെ ബന്ധത്തിന്റെ പരിണാമത്തെ ഉള്‍ക്കൊണ്ട് ഒപ്പം നിന്ന സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമെല്ലാം നന്ദി പറയുകയാണ്. അവരില്ലായിരുന്നെങ്കില്‍ ഇത്രയും വലിയൊരു തീരുമാനമെടുക്കാന്‍ ഞങ്ങള്‍ക്കാകുമായിരുന്നില്ല.

ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളുടെയും ആശംസകളും ആശീര്‍വാദവും പ്രതീക്ഷിക്കുകയാണ്. ഞങ്ങളെ പോലെ നിങ്ങളും, ഈ വിവാഹമോചനത്തെ ഒരു അവസാനമെന്ന നിലയിലല്ലാതെ പുതിയൊരു യാത്രയുടെ തുടക്കമായി കാണുമെന്ന് പ്രതീക്ഷിക്കുന്നു,’ പ്രസ്താവനയില്‍ പറയുന്നു.

നടി റീന ദത്തയുമായുള്ള 16 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്‍ സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ
2015ല്‍ വിവാഹം ചെയ്യുന്നത്. ആസാദ് റാവു ഖാന്‍ എന്നാണ് കിരണിന്റെയും ആമിറിന്റെയും മകന്റെ പേര്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Aamir Khan and Kiran Rao gets divorce, social media post goes viral